കോട്ടയം: തിരുവല്ല കുറ്റൂരില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ ലംഘിച്ച് സി.പി.ഐ.എം പൊതുയോഗം. ഇന്നലെ വൈകീട്ട് നാല് മണിക്കാണ് കുറ്റൂരില്‍ പരിപാടി നടന്നത്. പുതുതായി പാര്‍ട്ടിയിലേക്ക് വന്ന 49 കുടുംബങ്ങളേയും ഒപ്പം മറ്റു പാര്‍ട്ടിയില്‍ നിന്നും സി.പി.ഐ.എമ്മിലേക്ക് എത്തിയവരേയും സ്വീകരിക്കുന്ന പരിപാടിയായിരുന്നു നടന്നത്.
ഞായറാഴ്ച പൂര്‍ണമായും ലോക്ക്ഡൗണ്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സി.പി.ഐ.എമ്മിന്റെ സംസ്ഥാന നേതാക്കാള്‍ അടക്കം പങ്കെടുത്ത പരിപാടി നടന്നത്.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.അനന്തഗോപന്‍, പത്തനംതിട്ട ജില്ല സെക്രട്ടറി ഉദയഭാനു എന്നിവരടക്കം മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി നടന്നത്.
അതേസമയം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആരും കൂട്ടംകൂട്ടി നില്‍ക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. ഓരോരുത്തരേയായി മാലയിട്ട് സ്വീകരിക്കുക മാത്രമാണ് ചെയ്‌തെന്നും ഇദ്ദേഹം പറയുന്നു.
എന്നാല്‍ പരിപാടി നടക്കുന്ന സ്ഥലെത്ത ആള്‍ക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. മറ്റു ദിവസങ്ങള്‍ ഉണ്ടായിട്ടും ലോക്ക് ഡൗണ്‍ ദിവസമായ ഞായാറാഴ്ച തന്നെ ഇത്തരമൊരു പരിപാടി നടത്താനായി തെരഞ്ഞെടുത്തതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
വിഷയത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്നലെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം സംഭവത്തില്‍ ആര്‍ക്കെതിരെയും ഇതുവരെ കേസെടുത്തിട്ടില്ല.