കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടയിൽ സി.പി.ഐ.എം ലോക്കൽ സെക്രട്ടറി കൊല്ലപ്പെട്ടു. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി.സത്യനാഥാണ് വെട്ടേറ്റു കൊല്ലപ്പെട്ടത്.
പെരുവെട്ടൂരിലെ മുത്താമ്പി ചെറിയപുരം പരദേവതാ ക്ഷേത്രത്തോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടയിലാണ് സംഭവം. പിറകിലൂടെ വന്ന് വെട്ടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സത്യനാഥിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാളെ കൊയിലാണ്ടിയിൽ സി.പി.ഐ.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നില്ലെന്ന് കൊയിലാണ്ടി പൊലീസ് പറയുന്നു. സംഭവത്തിൽ പെരുവട്ടൂർ സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട സത്യനാഥൻ മുമ്പ് കൊയിലാണ്ടി നഗരസഭയിലേക്കും സി.പി.ഐ.എം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു കൊയിലാണ്ടി ബസ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സ് മാനേജറായിരുന്നു.
Content Highlight: CPIM Local Secretary murdered during temple festival