| Tuesday, 20th December 2022, 3:31 pm

ബഫര്‍സോണ്‍ സമരത്തില്‍ താമരശ്ശേരി ബിഷപ്പിനൊപ്പം സി.പി.ഐ.എം നേതാക്കളും; വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബഫര്‍സോണിനെതിരായി താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുത്ത് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എം നേതാക്കളും.

താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സംസാരിച്ച ജനജാഗ്രത യാത്രയിലാണ് കൂരാച്ചുണ്ടിലെ പ്രാദേശിക സി.പി.ഐ.എം നേതാക്കളും പങ്കെടുത്തത്. കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗവും കക്കയം ബ്രാഞ്ച് സെക്രട്ടറിയും അടക്കമുള്ളവരാണ് കഴിഞ്ഞ ദിവസം സമരത്തില്‍ പങ്കെടുത്തത്.

എന്നാല്‍ സമരത്തിന് രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നുമാണ് സി.പി.ഐ.എം നേതാക്കള്‍ പ്രതികരിച്ചത്. ബഫര്‍സോണ്‍ നിര്‍ണയത്തിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന ആവശ്യം ന്യായമാണെന്നും ഇവര്‍ പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഉന്നതതലയോഗം ഇതിന് വേണ്ടി ചേരുന്നുണ്ട്. ചീഫ് സെക്രട്ടറി, വനം- റവന്യൂ- തദ്ദേശ വകുപ്പ് മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കും.

ബഫര്‍സോണിനെതിരെ നിലപാട് കടുപ്പിക്കുമെന്നാണ് താമരശേരി ബിഷപ്പ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ലെന്നും കൂരാച്ചുണ്ടില്‍ വെച്ച് നടത്തിയ ജനജാഗ്രത യാത്രയില്‍ വെച്ച് ബിഷപ്പ് പറഞ്ഞു.

‘മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ല. ഈ സര്‍ക്കാരിന് മുന്നില്ല തോല്‍ക്കില്ല. ചോര ഒഴുക്കിയും ബഫര്‍സോണ്‍ തടയും,’ എന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

അതേസമയം, സുപ്രീം കോടതി വിധിയെ സ്വാധീനിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് അലംഭാവമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന ജനകീയ പ്രശ്നത്തില്‍ തങ്ങള്‍ മിണ്ടാതിരിക്കണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.

1. എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ യോഗം ഉത്തരവിറക്കിയത്?

2. അവ്യക്തത മാത്രം നിറഞ്ഞ രണ്ടാമത്തെ ഉത്തരവ് ആര്‍ക്ക് വേണ്ടി?

3. ഉപഗ്രഹ സര്‍വേ മാത്രം മതിയെന്ന് തീരുമാനിച്ചത് എന്തിനാണ്?

4. റവന്യു തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന്?

5. ഓഗസ്റ്റ് 29ന് കിട്ടിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസം പൂഴ്ത്തിവെച്ചത് എന്തിന്?, എന്നീ ചോദ്യങ്ങളാണ് വി.ഡി. സതീശന്‍ ഉന്നയിച്ചത്.

പ്രതിക്ഷവുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായില്ല. മാന്വല്‍ സര്‍വേ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്തതില്‍ ദുരൂഹതയുണ്ട്. വിദഗ്ധ സമിതി എന്ത് ചെയ്തെന്ന് പോലും സര്‍ക്കാര്‍ അന്വേഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഫര്‍സോണ്‍ വിഷയത്തില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ബുധനാഴ്ച വൈകീട്ട് യു.ഡി.എഫിന്റെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂരാച്ചുണ്ടില്‍ ഉദ്ഘാടനം ചെയ്യും. വിഷയത്തില്‍ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റ് വളപ്പിലും പ്രതിഷേധിച്ചു.

Content Highlight: CPIM local leaders attend anti buffer zone rally under thamarassery diocese

We use cookies to give you the best possible experience. Learn more