യു.പിയില്‍ അധ്യാപികയുടെ വിദ്വേഷത്തിനിരയായ ബാലനെ കണ്ട് ബ്രിട്ടാസ്; തുടര്‍പഠനത്തിനുള്ള കേരളത്തിന്റെ സഹായം കുടുംബം സ്വീകരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അധ്യാപിക സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച മുസ്‌ലിം
വിദ്യാര്‍ത്ഥിയെ സന്ദര്‍ശിച്ച് സി.പി.ഐ.എം നേതാക്കളായ ജോണ്‍ ബ്രിട്ടാസ് എം.പിയും സുഭാഷണി അലിയും.
പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിര്‍ത്തിയ അവന്റെ ജേഷ്ഠന്റെയും തുടര്‍പഠനത്തിനുള്ള സഹായം നല്‍കാമെന്ന നിര്‍ദേശം കുടുംബം സ്വീകരിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സ്‌കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞ്ഞിട്ടുണ്ടെന്നും വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കിത്തീര്‍ക്കുമെന്നതിന്റെ തെളിവാണ് മുസഫര്‍ നഗറില്‍ നടന്ന സംഭവമെന്നും ബ്രിട്ടാസ് പറഞ്ഞു.
‘വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീര്‍ക്കുമെന്നതിന്റെ തെളിവാണ് മുസഫര്‍ നഗറില്‍ ഏഴ് വയസ് മാത്രമുള്ള മുസ്‌ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് മാറി മാറി അടിപ്പിച്ച അധ്യാപികയുടെ നടപടി.
കുബ്ബാപുര്‍ ഗ്രാമത്തിലെത്തി കുട്ടിയേയും ബാപ്പ ഇര്‍ഷാദിനെയും കുടുബാംഗങ്ങളെയും സന്ദര്‍ശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിര്‍ത്തിയ അവന്റെ ജേഷ്ഠന്റെയും തുടര്‍പഠനത്തിനുള്ള സഹായം നല്‍കാമെന്ന നിര്‍ദേശം ആ കുടുംബം സ്വീകരിച്ചു. എന്നോടൊപ്പം സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും ഉണ്ടായിരുന്നു.
ഇര്‍ഷാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും തുടര്‍പഠനത്തിന് സംസ്ഥാനം താങ്ങാകാന്‍ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു. കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തര്‍പ്രദേശിലും ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് തങ്ങള്‍ക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു.
സ്‌കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞ്ഞുവെന്ന് ബാപ്പ പറഞ്ഞു. കുട്ടിയെ ചേര്‍ത്തു നിര്‍ത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണത്തിന്റെ ഒരു സമ്മാനം കൂടി നല്‍കിയാണ് ഞങ്ങള്‍ മുസഫര്‍നഗറിലെ കുഗ്രാമമായ കുബ്ബപ്പൂരില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചത്,’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഓഗസറ്റ് 24നാണ് മുസ്‌ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിക്കുന്ന വീഡിയോ പ്രചരിക്കപ്പെട്ടത്. മുസാഫര്‍നഗറിലെ നേഹ പബ്ലിക്ക് സ്‌കൂളിലായിരുന്നു സംഭവം നടന്നത്. അധ്യാപികയായ തൃപ്ത ത്യാഗിയായിരുന്നു സഹപാഠികളെ കൊണ്ട് വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ചത്.
Highlight: CPIM leaders visited the UP student’s home