| Sunday, 5th December 2021, 10:23 pm

സന്ദീപിന്റെ കൊലപാതകത്തിന് ശേഷവും പെരിങ്ങരയില്‍ ബി.ജെ.പിയുടെ ഭീഷണിയുണ്ടായതായി സി.പി.ഐ.എം നേതാക്കള്‍ 

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: പെരിങ്ങരയില്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിന് ശേഷവും ബി.ജെ.പിയുടെ ഭീഷണിയുണ്ടായതായി സി.പി.ഐ.എം നേതാക്കള്‍.
സന്ദീപിന്റെ മൃതദേഹം പഞ്ചായത്ത് ഓഫീസില്‍ എത്തിച്ചപ്പോഴാണ് ബി.ജെ.പി വാര്‍ഡ് അംഗം വിഷ്ണു നമ്പൂതിരി സി.പി.ഐ.എം നേതാക്കള്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തിയത്.

കൊലപാതകത്തിന്റെ പേരില്‍ എന്തെങ്കിലും നടന്നാല്‍ പഞ്ചായത്ത് കത്തിക്കുമെന്നാണ് വിഷ്ണു ഭീഷണിപ്പെടുത്തിയതെന്ന് ഡി.വൈ.എഫ്.ഐ നേതാവ് ടി.ആര്‍. രാഗേഷ് പറഞ്ഞു. വിഷ്ണു നമ്പൂതിരി പഞ്ചായത്ത് യോഗത്തിനിടെയും കത്തിക്കല്‍ ഭീഷണി ഉയര്‍ത്തിയെന്ന് തിരുവല്ലയിലെ സി.പി.ഐ.എം നേതാവ് സനലും പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു ഇരുവരുടെയും പ്രതികരണം. സന്ദീപിനെ വെട്ടിക്കൊന്ന ശേഷം സ്ഥലത്തെത്തിയ നാട്ടുകാരെയും ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രദേശവാസി കൂടിയായ രാഗേഷ് പറഞ്ഞു.

മുന്‍ പഞ്ചായത്ത് അംഗമെന്ന നിലയില്‍ സന്ദീപിന്റെ മൃതദേഹം പഞ്ചായത്ത് ഓഫീസില്‍ എത്തിച്ചിരുന്നു. എന്നാല്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനെയും നാല് ബി.ജെ.പി അംഗങ്ങള്‍ എതിര്‍ത്തു. പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മൃതദേഹം പുറത്തുവച്ച് ആദരവ് കൊടുത്ത് തിരിച്ചുകൊണ്ടുപോയെന്നും സനല്‍ പറഞ്ഞു.

അതേസമയം, കൊലാപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ആരോപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പൊലീസ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

സന്ദീപിന്റ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസിന്റെ വാദം സി.പി.ഐ.എം തള്ളിയിരുന്നു. സംഭവത്തില്‍ ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍, അഭി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി എട്ടിന് നെടുമ്പ്രം ഭാഗത്ത് വെച്ചാണ് പി.ബി.സന്ദീപ് കുമാറിനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: CPIM leaders say BJP continues to threaten Peringara after Sandeep’s assassination

We use cookies to give you the best possible experience. Learn more