തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ബാങ്കുകളുടെ 12.76 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയതെന്ന് മുന്‍ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. എഴുതിത്തള്ളിയാലും പലിശയടക്കം വായ്പ തിരിച്ചടയ്ക്കാന്‍ വായ്പയെടുത്ത ആള്‍ ബാധ്യസ്ഥനാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
ഈ പോസ്റ്റ് വായിക്കുന്ന സംഘികളുടെ പ്രതികരണം ഇതു വെറും സാങ്കേതികമാണ് എന്നായിരിക്കുമെന്നും തോമസ് ഐസക്ക് പരിഹസിച്ചു.
കോര്‍പ്പറേറ്റുകളാണ് ബാങ്കിനെ കൊള്ളയടിക്കുന്നത്. രാഷ്ട്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ അവര്‍ക്ക് വായ്പ നല്‍കുന്നു. കിട്ടാക്കടത്തിന്റെ 75 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. എന്നാല്‍ ഈ കള്ളന്മാരുടെ പേരുവിവരം വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്കോ കേന്ദ്ര സര്‍ക്കാരോ തയ്യാറല്ലെന്നും തോമസ് ഐസക്ക് വിമര്‍ശിച്ചു.
മോദിയുടെ ഭരണകാലത്ത് (2014-15/2021-22) ബാങ്കുകളുടെ 12.76 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്. ഇതു വായിക്കുന്ന സംഘികളുടെ പ്രതികരണം ഇങ്ങനെയായിരിക്കും – ഇതുവെറും സാങ്കേതികമാണ്. എഴുതിത്തള്ളിയാലും പലിശയടക്കം വായ്പ തിരിച്ചടയ്ക്കാന്‍ വായ്പയെടുത്ത ആള്‍ ബാധ്യസ്ഥനാണ്. നിയമ നടപടികളുടെയും കിട്ടാക്കടം പിരിക്കാനുള്ള ഏജന്‍സികള്‍ വഴിയും ഇവ പിരിക്കാനുള്ള നടപടിയെടുക്കും. പക്ഷേ ഇങ്ങനെ പിരിച്ചെടുത്ത തുക എത്രയാണെന്നു മാത്രം പറയില്ല.
ലോക്‌സഭയിലെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത് 2017-18-നും 2021-22-നും ഇടയ്ക്ക് ആകെ പിരിച്ചെടുത്തത് 1.32 ലക്ഷം കോടി രൂപയാണ്. അതിനു മുമ്പുള്ള മൂന്നുവര്‍ഷവുംകൂടി കണക്കിലെടുത്താലും പിരിച്ചതുക 2 ലക്ഷം കോടിയില്‍ താഴെയായിരിക്കും. അതായത് 15 ശതമാനം മാത്രമാണ് പിരിച്ചെടുക്കാന്‍ കഴിയുന്നത്.
ആരാണ് ബാങ്കിനെ ഇങ്ങനെ കൊള്ളയടിക്കുന്നത് ഇന്ത്യയിലെ കോര്‍പ്പറേറ്റുകളാണ്. വേണ്ടത്ര ഈടില്ലാതെ രാഷ്ട്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ അവര്‍ക്ക് വായ്പ നല്‍കുന്നു. കിട്ടാക്കടത്തിന്റെ 75 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. എന്നാല്‍ ഈ കള്ളന്മാരുടെ പേരുവിവരം വെളിപ്പെടുത്താന്‍ റിസര്‍വ്വ് ബാങ്കോ കേന്ദ്ര സര്‍ക്കാരോ തയ്യാറല്ല. ഗുജറാത്തിലെ എബിജെ ഷിപ്പ് യാര്‍ഡ് കമ്പനി 28 ബാങ്കില്‍ നിന്നും 22842 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തിയതാണ് ഏറ്റവും അവസാനം പുറത്തുവന്നത്. 2017-18-ല്‍ ഇത്തരം വെട്ടിപ്പു കമ്പനികളുടെ എണ്ണം 2200 ആയിരുന്നെങ്കിലും 2021-22-ല്‍ അത് 10236 കമ്പനികളായി ഉയര്‍ന്നിരിക്കുകയാണ്.
ഇന്നത്തെ മാതൃഭൂമി മുഖപ്രസംഗത്തില്‍ ചോദിക്കുന്നതുപോലെ ”സഹകരണ ബാങ്കുകളിലെ വായ്പയുടെ ചെറിയ ഗഡുക്കള്‍ മുടങ്ങിയാല്‍പ്പോലും സര്‍ഫാസിയുടെ കുരുക്ക് മുറുകുമ്പോള്‍ എന്തുകൊണ്ട് സഹസ്രകോടികളുടെ കടങ്ങളുടെ തിരിച്ചടവ് ഉറപ്പിക്കാനാവുന്നില്ല?”
ഇപ്രകാരം നിക്ഷേപ ആസ്തികള്‍ പെരുകുന്നതിന്റെ പ്രത്യാഘാതമെന്താണ്? മൂന്നു മാസത്തിലധികം തിരിച്ചടയ്ക്കാതെ കുടിശികയാകുന്ന വായ്പകളെയാണ് കിട്ടാക്കടമെന്ന് വിശേഷിപ്പിക്കുന്നത്. ഇതിനു തുല്യമായ തുക തങ്ങളുടെ മൂലധനത്തില്‍ നിന്ന് ചീത്ത വായ്പ പ്രൊവിഷനിംഗ് ആയി നീക്കിവയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകുന്നു. ഇങ്ങനെ നീക്കിവച്ച് നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് വായ്പ എഴുതിത്തള്ളുന്നത്. ഇതിന്റെ 15 ശതമാനം മാത്രമാണ് പിരിച്ചെടുക്കാന്‍ കഴിയുന്നത്. അതുകൊണ്ട് ചീത്ത വായ്പ പ്രൊവിഷനിംഗിന്റെ സിംഹപങ്കും മൂലധനത്തില്‍ നിന്നുള്ള ചോര്‍ച്ചയായി മാറും. തന്മൂലം അന്തര്‍ദേശീയ ബാങ്ക് കരാര്‍ പ്രകാരമുള്ള (ബേസില്‍ കരാര്‍) മൂലധനത്തോത് ബാങ്കുകള്‍ക്ക് ഇല്ലാതെവരും.
ബാങ്കിന്റെ മൂലധന വിടവ് പരിഹരിക്കാന്‍ രണ്ട് മാര്‍ഗ്ഗമേയുള്ളൂ. ഒന്നുകില്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്കു ധനസഹായം നല്‍കണം. ഇതിന് ഇനി പണം ഉണ്ടാവില്ലെന്നാണു കേന്ദ്ര സര്‍ക്കാര്‍. പിന്നെ മറ്റൊരു മാര്‍ഗ്ഗമേയുള്ളൂ. ഓഹരി വിറ്റ് കൂടുതല്‍ മൂലധനം സമാഹരിക്കുക. അങ്ങനെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വിറ്റുകൊണ്ടിരിക്കുകയാണ്. ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ 43 ശതമാനം ഇപ്പോള്‍ സര്‍ക്കാരിതര ഓഹരി ഉടമസ്ഥരുടെ കൈകളിലാണ്.