| Thursday, 11th March 2021, 8:59 am

പാര്‍ട്ടിക്കു വേണ്ടി മുദ്രാവാക്യം വിളിച്ച കാലം മുതല്‍ മാറ്റം എന്ന സ്വപ്‌നം മാത്രം കണ്ടു; ഒന്നും ആഗ്രഹിക്കാത്തതുകൊണ്ട് നിരാശയില്ല: ടി.എം സിദ്ധീഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊന്നാനി: തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായ എത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി അംഗം ടി.എം സിദ്ധീഖ്്. പാര്‍ട്ടി നീതി കാണിച്ചില്ലെന്ന തോന്നലില്ലെന്നും ഒന്നും ആഗ്രഹിക്കാത്തതുകൊണ്ട് തന്നെ ഒരു നിരാശയുമില്ലെന്നും ടി.എം സിദ്ധീഖ് പറഞ്ഞു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാര്‍ട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചിരുന്ന കാലം മുതല്‍ ഇങ്ങോട്ട് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. മാറ്റമെന്നത് മാത്രമാണ് സ്വപ്‌നം കണ്ടത്. ഒന്നും ആഗ്രഹിക്കാത്തത് കൊണ്ടു തന്നെ യാതൊരു നിരാശയുമില്ല,’ ടി.എം സിദ്ധീഖ് പറഞ്ഞു.

പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ പാര്‍ട്ടി വിരുദ്ധരല്ലെന്നും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും പാര്‍ട്ടിയോട് ഹൃദയബന്ധമുള്ളവരുമാണെന്നും ടി.എം സിദ്ധീഖ് പറഞ്ഞു. ചില വൈകാരിക ഇടപെടലുകളാണ് ഉണ്ടായത്. പാര്‍ട്ടിയുടെ തീരുമാനം വന്നുകഴിഞ്ഞ സാഹചര്യത്തില്‍ അത് നെഞ്ചേറ്റി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധയില്‍പ്പെട്ട പരസ്യപ്രതിഷേധങ്ങളെല്ലാം തടയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സിദ്ധീഖ് കൂട്ടിച്ചേര്‍ത്തു.

പി. നന്ദകുമാര്‍ പൊന്നാനിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പരസ്യമായി ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.

‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും’ എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രകടനത്തില്‍ സ്ത്രീകളുടേയും സജീവ സാന്നിധ്യമുണ്ടായിരുന്നു.

പി.നന്ദകുമാര്‍ സി.ഐ.ടി.യു ദേശീയ നേതാവാണ്. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ ജനകീയ സാന്നിധ്യമായ സിദ്ദീഖ് പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ രണ്ട് തവണ സിദ്ധീഖിന് സീറ്റ് നിഷേധിച്ചപ്പോഴും അടങ്ങിയിരുന്ന അനുഭാവികളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് എന്നും ശ്രദ്ധേയം.

എന്നാല്‍ പ്രതിഷേധം വകവെക്കാതെ പി. നന്ദകുമാറിനെ തന്നെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ നന്ദകുമാറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ടി.എം സിദ്ധീഖ് രംഗത്തെത്തുകയും ചെയ്തിരുന്നു. നിരന്തരമായ പരിശോധനകള്‍ക്കും കൂടിയാലോചനകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് സി.പി.ഐ.എം പാര്‍ട്ടി ഒരു അന്തിമ തീരുമാനത്തില്‍ എത്തുന്നതെന്നും ആ തീരുമാനം ഉള്‍കൊള്ളാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും ബാധ്യസ്ഥരാണെന്നുമായിരുന്നു സിദ്ധീഖ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.

അമ്പത് വര്‍ഷത്തെ തൊഴിലാളി രാഷ്ട്രീയ പാരമ്പര്യമുള്ള കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് നന്ദകുമാര്‍ എന്നും അദ്ദേഹത്തെ പൊന്നാനിയുടെ ജനപ്രതിനിധിയാകാന്‍ പാര്‍ട്ടി നിയോഗിക്കുന്നത് ഉചിതമായ കാര്യമാണെന്നും സിദ്ധീഖ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: CPIM leader T M Siddique about candidacy, party and protests in Ponnani
We use cookies to give you the best possible experience. Learn more