ഗൂഗിള്‍പേ വഴി പണം നല്‍കി ഹിമാചലില്‍ ബി.ജെ.പി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു: സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ടിക്കന്തര്‍ സിങ് പന്‍വാര്‍
national news
ഗൂഗിള്‍പേ വഴി പണം നല്‍കി ഹിമാചലില്‍ ബി.ജെ.പി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു: സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ടിക്കന്തര്‍ സിങ് പന്‍വാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th November 2022, 12:26 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍പ്രദേശില്‍ ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി വന്‍തോതില്‍ പണമിറക്കിയതായി സി.പി.ഐ.എം സിംല മണ്ഡലം സ്ഥാനാര്‍ത്ഥിയും മുന്‍ സിംല ഡെപ്യൂട്ടി മേയറുമായിരുന്ന ടിക്കന്തര്‍ സിങ് പന്‍വാര്‍.

ഗൂഗിള്‍പേ വഴി പണമയച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ദേശാഭിമാനിയോടായിരുന്നു ടിക്കന്തര്‍ സിങ് പന്‍വാറിന്റെ പ്രതികരണം.

ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സര്‍ക്കാര്‍ ഉണ്ടാക്കുമെന്നുള്ള ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ പ്രസ്താവന അപകടകരമാണെന്നും കോണ്‍ഗ്രസ് എം.എല്‍.എമാരെ വിലക്കെടുക്കുമെന്ന സൂചനയാണിതെന്നും പന്‍വാര്‍ പറഞ്ഞു.

‘ഗൂഗിള്‍ പേ വഴി പണം അയച്ച് ബി.ജെ.പി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. എന്നാലും അവര്‍ രക്ഷപ്പെടില്ല. സംസ്ഥാനത്ത് സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണ്,’ ടിക്കന്തര്‍ സിങ് പന്‍വാര്‍ പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളിലൂടെ സംസ്ഥാനത്തെ വികസനമുരടിപ്പിലേക്ക് നയിച്ചുവെന്നും പന്‍വാര്‍ കൂട്ടിച്ചേര്‍ത്തു.

ഏകീകൃത സിവില്‍കോഡ് ഉള്‍പ്പെടെ പ്രചരിപ്പിച്ച് ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. എന്നാല്‍ അതൊന്നും സംസ്ഥാനത്ത് വിലപോകില്ല. ‘നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ജയിക്കും. ഇല്ലെങ്കില്‍ ഉറപ്പായും താഴെവീഴും’. ഇതായിരുന്നു ഹിമാചല്‍ ജനതയുടെ വികാരം.

1985നു ശേഷം ഹിമാചലില്‍ ഭരണ കക്ഷികള്‍ക്ക് തുടര്‍ഭരണം ലഭിച്ചിട്ടില്ല. ഇത്തവണ ബി.ജെ.പി ഭരണം മാറും. മുഖ്യപ്രതിപക്ഷം കോണ്‍ഗ്രസായിട്ടും തെരഞ്ഞെടുപ്പ് സമയത്തുപോലും കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് മാറുന്ന അസ്ഥയാണെന്നും പന്‍വാര്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന് നിലവില്‍ ഒരു എം.എല്‍.എയാണ് സംസ്ഥാനത്തുള്ളത്. ഇത്തവണ കൂടുതല്‍ സീറ്റ് ലഭി ക്കും. തൊഴിലില്ലായ്മ, വികസന മുരടിപ്പ്, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നം, സര്‍ക്കാര്‍ ജീവനക്കാരുടെ പഴയ പെന്‍ഷന്‍ പുനസ്ഥാപിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രചാരണത്തില്‍ മുഖ്യവിഷയമാക്കിയപ്പോള്‍ സി.പി.ഐ.എമ്മിനെ ജനം പിന്തുണച്ചെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 12നായിരുന്നു ഹിമാചല്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 68 അംഗ നിയസഭാ മണ്ഡലമാണ് ഹിമാചലിലുള്ളത്. ഡിസംബര്‍ എട്ടിനാണ് ഫല പ്രഖ്യാപനം.

CONTENT HIGHLIGHT: CPIM Shimla Constituency candidate  Singh Panwar has said that the BJP has spent a lot of money to maintain its rule in Himachal Pradesh where the election took place