കണ്ണൂര്‍: കേരളത്തിലെ കോണ്‍ഗ്രസിന്റെ ശത്രുതാ നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്നും അക്കാരണത്താലാണ് നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും തെലങ്കാന മുഖ്യമന്ത്രിയെയും ക്ഷണിക്കാത്തതെന്നും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കണ്ണൂരില്‍ ഇ.കെ. നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയിലെ സത്യപ്രതിജ്ഞക്ക് സി.പി.ഐ.എമ്മിന് ക്ഷണം കിട്ടിയെന്നും കേരളത്തോട് സ്വീകരിച്ച നിലപാട് ശരിയായില്ലെങ്കിലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും കാരാട്ട് പറഞ്ഞു. രാജ്യത്തിന്റെ വിശാലമായ താല്‍പര്യം പരിഗണിച്ചാണ് തീരുമാനമെന്നും കാരാട്ട് വ്യക്തമാക്കി.
കോണ്‍ഗ്രസ് ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ പിന്തുണക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും, എന്നാല്‍ കേരളത്തില്‍ സി.പി.ഐ.എമ്മിനെ മുഖ്യ ശത്രുവായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ‘പ്രതിപക്ഷ പാര്‍ട്ടികളും മതനിരപേക്ഷ പാര്‍ട്ടികളും ബി.ജെ.പിക്കെതിരെ ഒന്നിക്കണം. രാജ്യത്താകെ ഒരു പ്രതിപക്ഷ ഐക്യം എന്നത് സാധ്യമാകില്ല.
ഓരോ സംസ്ഥാനത്തും ബി.ജെ.പിക്കെതിരായ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കണം. കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് ഈ ഐക്യത്തിന് ഗുണകരമല്ല. കര്‍ണാടക സത്യപ്രതിജ്ഞക്ക് കേരള മുഖ്യമന്ത്രിയെ ക്ഷണിച്ചില്ല. തെലങ്കാന മുഖ്യമന്ത്രിയെയും ക്ഷണിച്ചില്ല. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് വരികയാണ്. അവിടെ ടി.ആര്‍.എസ് ബി.ജെ.പി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്,’ കാരാട്ട് പറഞ്ഞു.
കര്‍ണാടകയില്‍ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തിയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ‘ഹിജാബ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നു. തൊഴില്‍ നിയമത്തില്‍ മാറ്റംവരുത്തി. വന്‍ അഴിമതി സര്‍ക്കാരായിരുന്നു ബി.ജെ.പിയുടേത്. ഇതെല്ലാം ജനങ്ങളില്‍ വലിയ എതിര്‍പ്പ് ഉണ്ടായതിനാല്‍ അവിടത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൗലികാവകാശങ്ങള്‍ ഭീഷണിയിലാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നു, നീതിന്യായ വ്യവസ്ഥകള്‍ പോലും സ്വാധീനിക്കപ്പെടുന്നു. മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഉപയോഗിക്കുകയാണ്. ജനാധിപത്യത്തിനെതിരായ ആക്രമണം ചെറുത്തില്ലെങ്കില്‍ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവം പോലും മാറും’ പ്രകാശ് കാരാട്ട് പറഞ്ഞു.
2014ല്‍ ലോക സമ്പന്നരുടെ പട്ടികയില്‍ 103ാം സ്ഥാനത്തായിരുന്ന അദാനി, മോദി സര്‍ക്കാര്‍ വന്ന ശേഷം മൂന്നാമത്തെ സമ്പന്നനായി മാറിയെന്നത് കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഭരിക്കുന്നത് എന്നതിന്റെ തെളിവാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ‘അദാനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ പേര് പോലും ഉച്ഛരിക്കാന്‍ മോദി തയ്യാറായില്ല.
നവലിബറല്‍ നയങ്ങള്‍ക്കെതിരെയും വര്‍ഗീയ ശക്തിക്കെതിരെയും പോരാടാന്‍ ജനകീയ ഐക്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. കൃഷിക്കാരും വിദ്യാര്‍ത്ഥികളും തൊഴിലാളികളും നടത്തുന്ന സംഘടിത മുന്നേറ്റങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ്. ദക്ഷിണേന്ത്യയില്‍ അവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് തെളിയിക്കുന്ന വലിയ വിജയമാണ് ഉണ്ടായത്,’ കാരാട്ട് പറഞ്ഞു.
content highlights: CPIM leader prakash karat slams congress for not inviting kerala cm