അയോധ്യാ, ശബരിമല വിധികളിലും കശ്മീര്‍ വിഷയത്തിലും സുപ്രീംകോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എം പി.ബി അംഗം പ്രകാശ് കാരാട്ട്. കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുകയാണെന്ന് കാരാട്ട് പറഞ്ഞു.
ദേശാഭിമാനിയില്‍ എഴുതിയ ‘സുപ്രീം കോടതിയില്‍ സംഭവിക്കുന്നത് എന്ത്‘ എന്ന ലേഖനത്തിലാണ് കാരാട്ടിന്റെ വിമര്‍ശനം.
കോടതി എക്‌സിക്യൂട്ടീവിന് വഴങ്ങിക്കൊടുക്കുകയാണെന്നും ഭൂരിപക്ഷവാദത്തോട് സന്ധി ചെയ്തുവെന്നും ലേഖനത്തില്‍ പറയുന്നു. കശ്മീരില്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇടപെടുന്നതില്‍ കോടതി പരാജയപ്പെട്ടുവെന്നും കാരാട്ട് പറഞ്ഞു.
‘സ്വേച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം, ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് ഗൗരവമായ ഉല്‍ക്കണ്ഠയ്ക്ക് വിഷയമാകുകയും ചെയ്യുന്നു’.
‘ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്താണ് പൗരന്മാരുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം സുപ്രീംകോടതി വിശ്വാസത്തിന്റെയും മറ്റും കാര്യങ്ങളില്‍ ഭൂരിപക്ഷവാദത്തിന് സന്ധിചെയ്തുകൊണ്ട് എക്സിക്യൂട്ടീവിന് കൂടുതലായും വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയുണ്ടായത്’, പ്രകാശ് കാരാട്ട് ലേഖനത്തില്‍ പറയുന്നു.
‘കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തിനും ആര്‍ജവത്തിനും കടകവിരുദ്ധമാണിത്. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ആദ്യ പരാജയം സംഭവിച്ചത്. പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാവുന്നത് സുപ്രീംകോടതിക്കാണ്. എന്നാല്‍, അടുത്തകാലത്ത് ജമ്മു കശ്മീരിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇടപെടുന്നതില്‍ കോടതി പരാജയപ്പെട്ടു’.
‘ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കി ഓഗസ്റ്റ് അഞ്ചുമുതല്‍ സംസ്ഥാനത്തെ വരിഞ്ഞുമുറുക്കിയപ്പോള്‍ പൗരന്മാര്‍ക്കുമേല്‍ എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് നിരവധി അപേക്ഷകളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും തടവിലിട്ടതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള അപേക്ഷകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു’.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഈ അപേക്ഷകള്‍ സുപ്രീംകോടതി കൈകാര്യം ചെയ്ത രീതി ആരെയും ഞെട്ടിക്കുന്നതാണ്. മുഹമ്മദ് യൂസഫ് തരിഗാമിക്കു വേണ്ടി സി.പി.ഐ .എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാകട്ടെ, അതല്ലെങ്കില്‍ പത്രസ്വാതന്ത്ര്യത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെക്കുറിച്ചായാലും പൗരന്മാരുടെ സ്വതന്ത്ര സഞ്ചാരത്തെക്കുറിച്ചായാലും ഭരണഘടനയിലെ 19(1) വകുപ്പനുസരിച്ച് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു’, അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കോടതി വിധിന്യായം നല്‍കുന്നത് താമസിപ്പിക്കുന്നത് ജുഡീഷ്യല്‍ ഒഴിഞ്ഞുമാറലിനു തുല്യമാണെന്നും കാരാട്ട് ദേശാഭിമാനിയിലെ ലേഖനത്തില്‍ പറയുന്നു. ‘തെറ്റായ നയങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ഇത് ഗവണ്‍മെന്റിന് അഥവാ എക്സിക്യൂട്ടീവിന് വഴിയൊരുക്കും. ജുഡീഷ്യല്‍ ഒഴിഞ്ഞുമാറലിനുള്ള മറ്റൊരു ഉദാഹരണമാണ് ഇലക്ടറല്‍ ബോണ്ടുകള്‍ക്കെതിരായ കേസ്’.
‘ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഈ കേസ് കേള്‍ക്കുകയുണ്ടായി. കേന്ദ്ര ഭരണകക്ഷിയാണ് പേര് വെളിപ്പെടുത്താത്തവരില്‍നിന്നും പണം സ്വരൂപിക്കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗപ്പെടുത്തിയത്. എന്നാല്‍, വാദം കേട്ടതിനുശേഷം രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും കോടതി ആവശ്യപ്പെട്ട ഫണ്ടിന്റെ വിശദാംശം ഒരു സീല്‍ ചെയ്ത കവറില്‍ തെരഞ്ഞെടുപ്പു കമീഷന് മെയ് 30നു മുമ്പ് കൈമാറുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമാണ് ഇതെന്നര്‍ത്ഥം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എക്സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും വരുംദിവസങ്ങളില്‍ ജുഡീഷ്യറിക്ക് ദോഷകരമാകുമെന്ന് ഉറപ്പ്. അയോധ്യയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് വെളിപ്പെടുത്തുന്നത്’.
‘വിധിന്യായത്തിന്റെ ആകത്തുക വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നതാണ്. ഭൂരിപക്ഷ വാദത്തോടുള്ള ഈ സന്ധിചെയ്യല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മാത്രമല്ല, രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാന്‍ ഹിന്ദുത്വശക്തികള്‍ക്ക് അത് കരുത്തുനല്‍കുകയും ചെയ്യും’.
ശബരിമല വിധിയിലുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കൈാര്യംചെയ്ത രീതിയിലും ഇത്തരത്തിലുള്ള ചാഞ്ചാട്ടം കാണാവുന്നതാണെന്നും കാരാട്ട് പറഞ്ഞു. ‘യഥാര്‍ഥത്തില്‍ ബെഞ്ച് ചെയ്യേണ്ടത് പുതിയതും പ്രധാനവുമായ തെളിവ് ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കലാണ്. അതല്ലെങ്കില്‍ റെക്കോഡുകളില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിലും പുനഃപരിശോധന അനുവദിക്കാം’.
‘അതു ചെയ്യുന്നതിനു പകരം ഭൂരിപക്ഷ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വളഞ്ഞ വഴിയിലൂടെ ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രപരമായ വിധിന്യായത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കുകയാണ്. ഇവിടെയും അസാധാരണമായ ഈ രീതിക്കുള്ള പ്രചോദനം സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിന് പ്രാമുഖ്യം നല്‍കുന്നതിനായിരുന്നു’.
സുപ്രീംകോടതിയുടെ ഈ വീഴ്ചയ്ക്കു കാരണം ഒരു ചീഫ് ജസ്റ്റിസിന്റെയോ ഏതാനും ജഡ്ജിമാരുടെയോ വ്യതിചലനം മാത്രമല്ലെന്നും ഗവണ്‍മെന്റിന്റെ ബോധപൂര്‍വമായ ശ്രമത്തിന്റെ ഉല്‍പന്നമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയ്ക്ക് മോദി സര്‍ക്കാര്‍ ജഡ്ജിമാരുടെ നിയമനക്കാര്യത്തിലും വിവിധ ഹൈക്കോടതികളിലേക്ക് ചീഫ് ജസ്റ്റിസായി പ്രൊമോഷന്‍ നല്‍കുന്ന കാര്യത്തിലും ഇടപെട്ടുവരികയാണെന്നും പ്രകാശ് കാരാട്ട് ലേഖനത്തില്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ