തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുല്ലപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.പിയുമായി പി. രാജീവ്. കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ രണ്ട് ചെറുപ്പക്കാരുടെ ചേതനയറ്റ ശരീരത്തിന് മുമ്പില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ചെന്നിത്തല കൊല്ലപ്പെട്ടവരെ അപമാനിച്ച് രംഗത്തെത്തിയിരിക്കുകയാണെന്ന് പി. രാജീവ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ പാര്‍ട്ടിയില്‍പ്പെട്ട കൊലപാതകികളെ രക്ഷിക്കുന്നതിനായാണ് കൊല്ലപ്പെട്ടവരെ ഗുണ്ടകളെന്ന് വിളിച്ച് രംഗത്തെത്തിയിരിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.
‘എത്ര ക്രൂരമായ മനസ്സാണ് മുല്ലപ്പള്ളി രാമചന്ദ്രന്റേത്. കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തിയ രണ്ടു ചെറുപ്പക്കാരുടെ ചേതനയറ്റ ശരീരത്തിനു മുമ്പില്‍ വിറങ്ങലിച്ച് നാട് നില്‍ക്കുമ്പോഴാണ് കൊല്ലപ്പെട്ടവരെ അപമാനിച്ച് മുല്ലപ്പള്ളി രംഗത്തിറങ്ങിയത്. തന്റെ പാര്‍ട്ടിയില്‍പ്പെട്ട കൊലപാതകികളെ രക്ഷിക്കുന്നതിനായി കൊല്ലപ്പെട്ടവരെ ഗുണ്ടകളെന്ന് വിളിച്ച് മുല്ലപ്പള്ളി രംഗത്തിറങ്ങിയത്. നിശ്ചലം കിടക്കുന്ന ജീവനറ്റ ബാപ്പയ്ക്ക് അന്ത്യചു ബനം നല്‍കിയ പിഞ്ചു കുഞ്ഞിനെ വരെയാണ് മുല്ലപ്പള്ളി അപമാനിച്ചത്,’ രാജീവ് പറഞ്ഞു.
വെഞ്ഞാറമൂടില്‍ ഉണ്ടായ കൊലപാതകം രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായതാണെന്നും അല്ലാതെ കോണ്‍ഗ്രസിന് പങ്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിന്റെ പക കൊന്നിട്ടും തീരുന്നില്ലെന്നതാണ് ഇത് തെളിയിക്കുന്നതെന്നാണ് രാജീവ് പറഞ്ഞത്.
‘കൊന്നിട്ടും തീരുന്നില്ല കോണ്‍ഗ്രസ്സിന്റെ പകയെന്നാണ് മുല്ലപ്പള്ളിയുടെ വാക്കുകള്‍ തെളിയിക്കുന്നത്. ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാരെ തന്നെ കൊന്നൊടുക്കിയിട്ടും ഗാന്ധിയനെന്ന് അവകാശപ്പെടുന്നവരുടെ തനിനിറം ഈ ഇരട്ട കൊലപാതകത്തിലൂടെ ഒന്നു കൂടി വ്യക്തമായി,’ രാജീവ് പറഞ്ഞു.
വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ കമ്മിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
ഇത് രണ്ട് ഗ്യാങ്ങുകള്‍ തമ്മില്‍ നടത്തിയ സംഘട്ടനത്തിന്റെ സംഭവിച്ച ഒരു ദുരന്തമാണ്. ആ ദുരന്തത്തില്‍ ഒരു തരത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പങ്കില്ല. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയോട് ഒരു റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാകട്ടെ, അല്ലെങ്കില്‍ മറ്റേതെങ്കിലുമൊരു കോണ്‍ഗ്രസിന്റെ നേതൃത്വമാകട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലെന്നാണ് ജില്ലാ നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മരണം സി.പി.ഐ.എം ആഘോഷിക്കുകയാണ്. നൂറിലധികം കോണ്‍ഗ്രസ് ഓഫീസുകളാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിക്കമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
അതേസമയം കൊലക്കേസ് പ്രതികള്‍ക്ക് കോണ്‍ഗ്രസ് നേതാവും എം.പിയുമായ അടൂര്‍ പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ച് ഇ.പി ജയരാജന്‍ രംഗത്തെത്തിയിരുന്നു.
കൊലയ്ക്ക് ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു. ലക്ഷ്യം നിര്‍വഹിച്ചെന്ന് പ്രതികള്‍ അടൂര്‍ പ്രകാശിനെ അറിയിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഇത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്നും ജയരാജന്‍ പറഞ്ഞു.
കൊലയാളി സംഘത്തിന് രൂപം നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും മന്ത്രി പറഞ്ഞു. കൊലപാതക ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.അറസ്റ്റിലായവരെല്ലാം കോണ്‍ഗ്രസിന്റെ സജീവനേതാക്കളാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇത് നിഷേധിച്ച് കൊണ്ട് അടൂര്‍ പ്രകാശ് രംഗത്തെത്തിയിരുന്നു.