'പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം'; ആവിക്കൽ സമരം നിയന്ത്രിക്കുന്നത് തീവ്രവാദികളും മാവോവാദികളും: പി. മോഹനൻ
Kerala News
'പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം'; ആവിക്കൽ സമരം നിയന്ത്രിക്കുന്നത് തീവ്രവാദികളും മാവോവാദികളും: പി. മോഹനൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th August 2022, 12:22 pm

കോഴിക്കോട്: ആവിക്കൽ മലിനജല സംസ്‌കരണ പ്ലാന്റിനെതിരെയുള്ള സമരത്തെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ. സമരം ചെയ്യുന്നവരിലെ തീവ്രവാദികളും മാവോവാദികളും തമ്മിൽ അന്തർധാരയുണ്ടെന്നും പി. മോഹനൻ ആരോപിച്ചു.

കോർപറേഷന്റെ വികസന പ്രവർത്തനങ്ങൾ അക്രമ പ്രവർത്തനങ്ങളിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുന്ന യു.ഡി.എഫ് – എസ്.ഡി.പി.ഐ കൂട്ടുകെട്ടിനെതിരേ ആവിക്കൽതോടിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാവോവാദികൾ സമരസ്ഥലത്തെത്തിയത് എന്തിനാണെന്നും ‘പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം’ എന്നും മോഹനൻ ചോദിച്ചു. മാവോവാദികൾ ആരുവിളിച്ചിട്ടാണ് സമരസ്ഥലത്തെത്തിയതെന്ന് പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീവ്രവാദികളുടെ താൽപര്യത്തിനും നിർദേശത്തിനുമനുസരിച്ച് ഇവിടെ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും നേതൃത്വം കളിക്കേണ്ടതുണ്ടേയെന്നും അവർ ചിന്തിക്കണമെന്നും, പ്രദേശത്തെ ജനങ്ങളെ മാലിന്യത്തിൽ നിന്നും മാറാരോഗത്തിൽ നിന്നും സംരക്ഷിക്കുന്നതിനായുള്ള പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളുടെ കൂടെയാണ് പ്രതിപക്ഷ പാർട്ടികൾ നിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എൽ.ഡി.എഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി പദ്ധതി മുടക്കാമെന്ന് ആരും കരുതണ്ടെന്നും, ആവിക്കൽ പ്രദേശത്ത് മറ്റാരെയും കടക്കാൻ അനുവദിക്കില്ലെന്ന നിലപാടും അംഗീകരിക്കാനാവില്ലെന്നും പി. മോഹനൻ കൂട്ടിച്ചേർത്തു.

എം.കെ.മുനീറിന് വിഭ്രാന്തിയാണെന്ന് മോഹനൻ മാസ്റ്റർ പ്രസംഗത്തിനിടെ വിമർശിച്ചു. അമേരിക്കൻ പ്രസിഡന്റ് പോലും അവഹേളിക്കാത്ത മാർക്‌സിനെ മുനീർ വിമർശിക്കുന്നു. അദ്ദേഹത്തിന്റെ മഹാനായ പിതാവിനെ ഓർത്ത് മാത്രം മുനീറിനെതിരെ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.

അതേസമയം, യോഗത്തിനെതിരെ സമരസമിതി പ്രതിഷേധിച്ചു. പൊതുയോഗം നടന്നത് റോഡ് പൂർണമായും അടച്ചിട്ടാണെന്നും സമിതി ആരോപിച്ചു.

Content Highlight: CPIM Leader P Mohanan’s statement Against Avikkalthodu strike