| Wednesday, 15th April 2020, 2:03 pm

പാലത്തായി ലൈംഗികാതിക്രമണകേസ് ശരിയായ ദിശയില്‍; കോണ്‍ഗ്രസ് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് പി.ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പാലത്തായില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ച കേസ് ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. ഇപ്പോള്‍ ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്ന കോണ്‍ഗ്രസും ലീഗും തുടക്കത്തില്‍ മൗനത്തിലായിരുന്നുവെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പാലത്തായി കേസിലെ പ്രതിയും പഞ്ചായത്ത് പ്രസിഡന്റും ബി.ജെ.പി നേതാവുമായ പത്മരാജന്റെ അറസ്റ്റ് വൈകുന്നുവെന്ന കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം കൃത്യമായാണ് നടന്നതെന്നും പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ നേതൃത്വത്തിന്റെ സംരക്ഷണയിലാണ് പ്രതി ഒളിവില്‍ കഴിയുന്നത് എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരമൊരു കേസില്‍ പ്രതിയെ എത്രയും പെട്ടന്ന് പിടികൂടണമെന്നാണ് താനടക്കമുള്ള മുഴുവനാളുകളുടെയും ആഗ്രഹം. അതുകൊണ്ട് തന്നെ അറസ്റ്റ് വൈകുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ ആവശ്യം പ്രതിയെ പിടികൂടുക എന്നുള്ളതല്ലെന്നും സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസിലെ പ്രതിയായ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന്റെ അറസ്റ്റ് വൈകുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാരസമരം ആരംഭിക്കാനിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാനൂര്‍ പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബിജെപി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം ശെരിയായ ദിശയില്‍ തന്നെയാണെന്നാണ് മനസ്സിലാക്കുന്നത്.
ഈ വിഷയം ശ്രദ്ധയില്‍പെട്ടത് മുതല്‍ ഇരയ്ക്ക് നീതി ലഭിക്കാന്‍ കൃത്യമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം.പ്രദേശത്തെ സിപിഐഎം ലോക്കല്‍ സെക്രട്ടറി എം പി ബൈജുവിനൊപ്പം ഞാനും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.

ഇന്ന് വിമര്‍ശനം ഉന്നയിക്കുന്ന മുസ്ലിം ലീഗും കോണ്‍ഗ്രസ്സും തുടക്കത്തില്‍ ഈ വിഷയത്തില്‍ മൗനത്തിലായിരുന്നു.പിന്നീട് ഉന്നയിച്ച ആക്ഷേപം പോലീസ് പ്രതിക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യുന്നില്ല എന്നതായിരുന്നു.

എന്നാല്‍ പോലീസ് കൃത്യമായി അന്വേഷിച്ചു കേസ് ചാര്‍ജ്ജ് ചെയ്തു.പ്രതിയെ അറസ്‌റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.ആര്‍എസ്എസ് നേതൃത്വത്തിന്റെ സംരക്ഷണയിലാണ് പ്രതി ഒളിവില്‍ കഴിയുന്നത് എന്നാണ് മനസിലാക്കുന്നത്.
ലോക്ക്ഡൗണിന്റെ ആനുകൂല്യമടക്കം പ്രതിക്ക് ലഭിച്ചു.എന്നിരുന്നാലും പ്രതിയെ ഉടന്‍ പിടികൂടും എന്ന ഘട്ടത്തിലാണ് ഇപ്പോള്‍ ഈ വിഷയം സജീവ ചര്‍ച്ചയായിരിക്കുന്നത്.

ഇത്തരമൊരു കേസില്‍ പ്രതിയെ എത്രയും പെട്ടന്ന് പിടികൂടണമെന്നാണ് ഞാനടക്കമുള്ള മുഴുവനാളുകളുടെയും ആഗ്രഹം. അതുകൊണ്ട് തന്നെ അറസ്‌റ് വൈകുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാകുന്നത് സ്വാഭാവികം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പക്ഷെ അതിനിടയിലൂടെയുള്ള യു.ഡി.എഫിന്റെ രാഷ്ട്രീയ അജണ്ട കാണാതിരുന്നുകൂടാ.’സംഘി പോലീസ്’ എന്നാണ് അവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.അത് അത്ര നിഷ്‌കളങ്കമായി കാണാനാകുന്ന ഒന്നല്ല.പ്രതിയെ അറസ്‌റ് ചെയ്തുകഴിഞ്ഞാല്‍ ഈ പറഞ്ഞത് മാറ്റി പറയാന്‍ അവര്‍ തയ്യാറാകുമോ ? സിപിഐഎം- ബിജെപി കൂട്ടുകെട്ട് എന്നും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.അവരുടെ ആവശ്യം എത്രയും പെട്ടന്ന് പ്രതിയെ അറസ്‌റ് എന്നുള്ളതല്ല.

എങ്ങിനെയെങ്കിലും സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് നേട്ടമുണ്ടാക്കുക എന്നുള്ളത് മാത്രമാണ്.പ്രതിയെ സംരക്ഷിക്കുന്ന സംഘപരിവാറിനെ കുറിച്ചല്ല.അയാളെ പ്രതിചേര്‍ക്കുകയും അറസ്‌റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള പോലീസിനെയാണ് ഒരു യൂത്ത് ലീഗ് നേതാവ് സംഘി പോലീസ് എന്ന് ആക്ഷേപിക്കുന്നത്.എന്തായാലും പ്രതിയായ ബിജെപി നേതാവിനെ പോലീസ് അറസ്‌റ് ചെയ്താല്‍ അഭിനന്ദിക്കാന്‍ യൂത്ത് ലീഗ് നേതാവ് അഡ്വാന്‍സായി ഒരു പോസ്റ്റ് തയ്യാറാക്കുന്നത് നല്ലതാണ്.പ്രസ്തുത പോസ്റ്റില്‍ പരിവാര്‍ പോലീസ് എന്ന ആക്ഷേപം തെറ്റായിപ്പോയെന്ന് എഴുതാന്‍ മറക്കരുത്.

Latest Stories

We use cookies to give you the best possible experience. Learn more