കണ്ണൂര്‍: സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഗവര്‍ണറെ കേരളം ആദ്യമായി കാണുകയാണെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. ഇടതുപക്ഷ സര്‍ക്കാര്‍ എന്ന ഒരു പാത്രം പാലിലേക്ക് വീണചാണകത്തരിയായി ഗവര്‍ണര്‍ സ്വയം രൂപാന്തരപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പതിനൊന്നര മണിയുടെ അന്ത്യശാസനം കാറ്റില്‍ പറന്നു പോയിട്ടും ഗവര്‍ണര്‍ക്ക് ഒരു കൂസലുമില്ല. അഭിമാനമുണ്ടെങ്കില്‍ ഗവര്‍ണര്‍ രാജിവെക്കേണ്ടതാണ്. ജനപ്രതിധികളോടും, വി.സിമോരോടും ആജ്ഞാപിക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ സ്വന്തം സ്ഥാനം എന്താണെന്നും എന്ത് അധികാരമാണുള്ളതെന്നും പരിശോധിക്കേണ്ടതാണെന്നും പി. ജയരാജന്‍ പറഞ്ഞു.
ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണറുടെ ഒരു സ്വേച്ഛാധികാരവും സ്വതന്ത്ര ഇന്ത്യയിലെ ഗവര്‍ണര്‍ക്കില്ല. കേരളത്തിലെ ജനങ്ങളെയോ പുരോഗമന പ്രസ്ഥാനത്തെയോ ഭയപ്പെടുത്തുന്നതിന് മുമ്പ് അതിനു ശ്രമിച്ചവരുടെ പൂര്‍വചരിത്രം ആരെങ്കിലും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗവര്‍ണര്‍ക്കെതിരെയുള്ള നിലപാട് മുഖ്യമന്ത്രിയും ഭരണമുന്നണിയും, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളും ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ വിഷയം കൃത്യമായി കൈകാര്യം ചെയ്യേണ്ട പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ഭിന്നസ്വരങ്ങള്‍ ഉയരുകയാണ്.
പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും വി.സിമാരെ പുറത്താക്കണമെന്ന നിലപാടിനെ പിന്തുണച്ച സമയത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
മുസ്‌ലിം ലീഗും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. വി.സിമാരെ പുറത്താക്കിയാല്‍ പിന്നീട് സംഘപരിവാര്‍ അനുഭാവികളെ നിയമിച്ചേക്കാമെന്ന സാധ്യതയാണ് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രകടിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഭരണഘടനാ നിര്‍മാണ സമയത്ത് ഗവര്‍ണറുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന 147 മത്തെ വകുപ്പിനെക്കുറിച്ച് ചര്‍ച്ച നടന്നപ്പോള്‍ രോഹിണി കുമാര്‍ ചൗധരി നടത്തുന്ന ഒരു ഉപമയുണ്ട്:
‘നമ്മുടെ ഭരണഘടനയെ നശിപ്പിക്കുന്ന കറുത്ത പാടായിരിക്കും ആര്‍ട്ടിക്കിള്‍ 147. ഇത് അംഗീകരിക്കുകയാണെങ്കില്‍ എങ്ങനെയാണ് ഒരു കഷ്ണം ചാണകം ഒരു പാത്രം പാലിനെ നശിപ്പിക്കുന്നത്, അതുപോലെ ഈ ആര്‍ട്ടിക്കിള്‍ ഭരണഘടനയെ നശിപ്പിച്ചുകളയും,’
രോഹിണി കുമാര്‍ ചൗധരി പറയുമ്പോഴുണ്ടായിരുന്നതിലും ഈ വാക്കുകള്‍ അന്വര്‍ത്ഥമായത് ഇപ്പോള്‍ കേരളത്തിലാണ്. വികസനത്തിന്റെ വിപ്ലവകരമായ മുന്നേറ്റങ്ങളുമായി മുന്നോട്ടു പോകുന്ന ഇടതുപക്ഷ സര്‍ക്കാര്‍ എന്ന ഒരു പാത്രം പാലിലേക്ക് വീണ ഒരു ചാണകത്തരിയായി ഗവര്‍ണര്‍ സ്വയം രൂപാന്തരപ്പെട്ടിരിക്കുകയാണ്.
സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഗവര്‍ണറെ ആദ്യമായി കേരളം കാണുകയാണ്. ലജ്ജാവഹമായ രാഷ്ട്രീയ ദൃശ്യം.
ചട്ടങ്ങള്‍ നീതിക്കുവേണ്ടിയാണ്. നീതിയാണ് പരമപ്രധാനം. ആ ബോധ്യം ഇന്ത്യയിലെ കോടതികള്‍ക്കുള്ളിടത്തോളം ഇടതുപക്ഷത്തിനിതില്‍ പ്രത്യേകിച്ചൊന്നും ആലോചിക്കാനില്ല.
ഇന്നലെ ഹൈക്കോടതി വൈസ് ചാന്‍സിലര്‍മാര്‍ രാജിവെക്കേണ്ട ഒരു കാര്യവുമില്ലെന്ന് വ്യക്തമാക്കിയിട്ടും, തന്റെ പതിനൊന്നര മണിയുടെ അന്ത്യശാസനം കാറ്റില്‍ പറന്നു പോയിട്ടും ഗവര്‍ണര്‍ക്ക് ഒരു കൂസലുമില്ല. അഭിമാനമുണ്ടെങ്കില്‍ ഗവര്‍ണര്‍ രാജിവെക്കേണ്ടതാണ്. ജനങ്ങള്‍ വോട്ടു ചെയ്ത ജനപ്രതിനിധികളുടെ അധികാരങ്ങളിലെ തന്റെ പ്ലഷര്‍ പിന്‍വലിക്കും, വൈസ് ചാന്‍സിലര്‍മാര്‍ പിരിഞ്ഞു പോണം ..എന്നൊക്കെ ആജ്ഞാപിക്കും മുമ്പ് ഗവര്‍ണര്‍ സ്വന്തം സ്ഥാനം എന്താണെന്നും എന്ത് അധികാരമാണുള്ളതെന്നും പരിശോധിക്കേണ്ടതാണ്.
ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണറുടെ ഒരു സ്വേച്ഛാധികാരവും സ്വതന്ത്ര ഇന്ത്യയിലെ ഗവര്‍ണര്‍ക്കില്ല. സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഒരു സ്ഥാനം മാത്രമാണത്.
കേരളത്തിലെ ജനങ്ങളെയോ പുരോഗമന പ്രസ്ഥാനത്തെയോ ഭയപ്പെടുത്തുന്നതിന് മുമ്പ് അതിനു ശ്രമിച്ചവരുടെ പൂര്‍വചരിത്രം ആരെങ്കിലും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും.
Content Highlight: CPIM Leader P Jayarajan’s Reaction Over Governor-LDF Government Fight