മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കലാണ് ലീഗ് നേതാക്കളുടെ മുഖ്യ തൊഴില്‍: പി. ജയരാജന്‍
Kerala News
മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കലാണ് ലീഗ് നേതാക്കളുടെ മുഖ്യ തൊഴില്‍: പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th September 2022, 11:11 pm

കണ്ണൂര്‍: മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക എന്നതാണ് ഇന്ന് ലീഗ് നേതാക്കളുടെ മുഖ്യ തൊഴിലെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായിക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ പ്രധാന പ്രാസംഗികനായിരുന്നു കല്ലായി. അവിടെ വെച്ച് മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ ആക്ഷേപകരമായ പ്രസംഗം ആരും മറക്കാനിടയില്ല. കാസര്‍ഗോഡ് ലീഗ് എം.എല്‍.എ ആയിരുന്ന ഒരു മാന്യന്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയാണെന്നും ജയരാജന്‍ വിമര്‍ശിച്ചു.

തളിപ്പറമ്പ് മഹല്ല് കമ്മിറ്റി എത്രയോ കാലമായി ലീഗ് നിയന്ത്രണത്തിലാണ്. അവിടെ വഖഫ് ചെയ്യപ്പെട്ട 600 ല്‍ അധികം ഏക്കര്‍ ഭൂമിയില്‍ 500 ഏക്കര്‍ ഭൂമിയും നിലനില്‍ക്കുന്നില്ല. പ്രസ്തുത ഭൂമി പല ലീഗ് നേതാക്കളുടെയും കൈവശമാണെന്നും ജയരാജന്‍ ആരോപിച്ചു.

സമുദായ സംരക്ഷണം എന്ന് വീമ്പുപറയുകയും എന്നാല്‍ സകല കൊള്ളരുതായ്മകള്‍ക്കും കുട പിടിക്കുകയും ചെയ്യുന്ന സംഘടനയാണ് മുസ്‌ലിം ലീഗ് എന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. മുസ്‌ലിം സമുദായം ഈ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ തുടങ്ങിരിക്കുന്നു എന്നത് നല്ല സൂചനയായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ദിവസമാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയെ മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ മറ്റ് രണ്ട് പേരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ അറസ്റ്റിലായ മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്. മട്ടന്നൂര്‍ ടൗണ്‍ ജുമാ മസ്ജിദിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്.

2011 മുതല്‍ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവര്‍ക്ക് എതിരെയാണ് പരാതി. അഴിമതി നടത്താന്‍ വേണ്ടിയാണ് വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നിര്‍മാണം നടത്തിയെന്നും അഞ്ച് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ പറയുന്നു. കണക്കില്‍ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മട്ടന്നൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി ഉള്‍പ്പടെയുള്ളവര്‍ പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് ഏഴ് കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായിരിക്കുകയാണ്.

പള്ളിയുടെ അറ്റകുറ്റ പണിക്കായിരുന്നു വഖഫ് ബോര്‍ഡിന്റെ അനുമതി. എന്നാല്‍ ഇതിന്റെ മറവില്‍ കല്ലായിയും കൂട്ടരും പള്ളിയുടെ പണം കവര്‍ന്നെടുക്കാന്‍ ശ്രമം നടത്തി എന്നാണ് കേസ്.

മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ പ്രധാന പ്രാസംഗികനായിരുന്നു കല്ലായി. അവിടെ വെച്ച് മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ ആക്ഷേപകരമായ പ്രസംഗം ആരും മറക്കാനിടയില്ല.

കാസര്‍ഗോഡ് ലീഗ് എം.എല്‍.എ ആയിരുന്ന ഒരു മാന്യന്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയാണ്.
തളിപ്പറമ്പ് മഹല്ല് കമ്മിറ്റി എത്രയോ കാലമായി ലീഗ് നിയന്ത്രണത്തിലാണ്. അവിടെ വഖഫ് ചെയ്യപ്പെട്ട 600 ല്‍ അധികം ഏക്കര്‍ ഭൂമിയില്‍ 500 ഏക്കര്‍ ഭൂമിയും നിലനില്‍ക്കുന്നില്ല. പ്രസ്തുത ഭൂമി പല ലീഗ് നേതാക്കളുടെയും കൈവശമാണ്.

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ വലിയന്നൂര്‍ പുറത്തില്‍ മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്ന കെ. പി. താഹിര്‍ എന്ന മുസ്‌ലിം ലീഗ് നേതാവ് 1 കോടി 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തുകയും അറസ്റ്റ് ചെയ്യപ്പെട്ടു ജയിലില്‍ കഴിയുകയും ചെയ്തു. ജയിലില്‍ നിന്ന് ജാമ്യം കിട്ടി പുറത്ത് വന്നപ്പോള്‍ മുസ്‌ലിം ലീഗുകാര്‍ പച്ച മാലയിട്ട് സ്വീകരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അദ്ദേഹത്തെ സംസ്ഥാന നേതാവായി ഉയര്‍ത്തുകയും ചെയ്തു.

സമുദായ സംരക്ഷണം എന്ന് വീമ്പുപറയുകയും എന്നാല്‍ സകല കൊള്ളരുതായ്മകള്‍ക്കും കുട പിടിക്കുകയും ചെയ്യുന്ന സംഘടനയാണ് മുസ്‌ലിം ലീഗ് എന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക എന്നതാണ് ഇന്ന് ലീഗ് നേതാക്കളുടെ മുഖ്യ തൊഴില്‍.
മുസ്‌ലിം സമുദായം ഈ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ തുടങ്ങിരിക്കുന്നു എന്നത് നല്ല സൂചനയായി കാണുന്നു.

Content Highlight: CPIM Leader P Jayarajan’s Facebook Post About Mattannur Juma Masjid Scam And IUML