| Sunday, 31st July 2022, 8:22 pm

'നഷ്ടമായത് സ്വന്തം ഉസ്താദിനെ'; അബ്ദുല്‍ ലത്തീഫ് സഅദിയുടെ വേര്‍പാടില്‍ അനുസ്മരിച്ച് എം.വി.ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.അബ്ദുല്‍ ലത്തീഫ് സഅദിയെ അനുസ്മരിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. ‘ നഷ്ടമായത് സ്വന്തം ഉസ്താദിനെ’ എന്ന തലക്കെട്ടോടെയാണ് എം.വി.ജയരാജന്‍ അനുശോചന കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

ഉസ്താദ് എന്നതിന്റെ സാമാന്യാര്‍ത്ഥം ഗുരുനാഥന്‍ എന്നതിനൊപ്പം വഴികാട്ടി എന്നുകൂടിയാണ്. രണ്ട് വിശേഷണങ്ങള്‍ക്കും അനുയോജ്യനാണ് സുന്നി പ്രസ്ഥാനത്തിന്റെ നേതാവും മതപണ്ഡിതനുമായ, ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞ അബ്ദുള്‍ ലത്തീഫ് സഅദി. ദീര്‍ഘകാലത്തെ ആത്മബന്ധമാണ് അദ്ദേഹവുമായി എനിക്കുള്ളത്. മതപണ്ഡിതനായിരിക്കുമ്പോഴും സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു സഹോദരന്‍ കൂടിയായിരുന്നു അദ്ദേഹം തനിക്കെന്നും ജയരാജന്‍ കുറിച്ചു.

വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ഉറച്ച നിലപാട് ഈ മതപണ്ഡിതനുണ്ട്. അദ്ദേഹത്തിന്റെ മാനവികതയിലൂന്നിയ പ്രഭാഷണങ്ങള്‍ ശ്രോതാക്കളെ ആകര്‍ഷിച്ചിരുന്നു. കൂടാതെ, ഇതര മതവിശ്വാസികളോട് ഒരിക്കലും ശത്രുതാപരമായി പെരുമാറിയിട്ടില്ലെന്ന് മാത്രമല്ല, ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുകയും ചെയ്തിരുന്നുവെന്നും ജയരാജന്‍ അനുസ്മരിക്കുന്നു.

എപ്പോഴെല്ലാം ലീഗുകാരില്‍ നിന്ന് എ.പി. സുന്നി വിഭാഗത്തില്‍പെട്ടവര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടിവരുന്നുവോ അപ്പോഴെല്ലാം പഴശ്ശി ഉസ്താദിന്റെ ഫോണ്‍കോള്‍ വരും. ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും ബന്ധപ്പെടല്‍ എന്റെ ജോലിയായിരുന്നു. ഈ അടുത്ത കാലങ്ങളില്‍ ലീഗുകാരില്‍ നിന്നുള്ള മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുന്നത് കുറഞ്ഞു. പിന്നീട് കാണുമ്പോള്‍ കളിയാക്കി ഞാന്‍ പറയാറുണ്ട്, ”ലത്തീഫ് സഅദിക്ക് ഇപ്പോള്‍ ലീഗുകാരുടെ അടി കിട്ടുന്നില്ലെന്ന് തോന്നുന്നു, അതുകൊണ്ടാണ് വിളിക്കുന്നത് കുറച്ചത് അല്ലേ”. അപ്പോള്‍ മറുപടി വരും- ”നിങ്ങളുടെ കരുത്തും സംരക്ഷണവുമാണ് ഞങ്ങളുടെ ധൈര്യം!” എന്ന്. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളുമായി സംവദിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് രോഷം വന്നാലും ഉസ്താദിന്റെ സൗമ്യതയും പുഞ്ചിരിയും എന്നുമോര്‍മിക്കുമെന്നും ജയരാജന്‍ ഓര്‍മിക്കുന്നു.

ശനിഴാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു എന്‍.അബ്ദുല്‍ ലത്തീഫ് സഅദിയുടെ അന്ത്യം. മുന്‍ സിറാജ് യൂണിറ്റ് ചീഫ് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച വിഷയത്തില്‍ കണ്ണൂരില്‍ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നഷ്ടമായത് സ്വന്തം ഉസ്താദിനെ

ഉസ്താദ് എന്നതിന്റെ സാമാന്യാര്‍ത്ഥം ഗുരുനാഥന്‍ എന്നതിനൊപ്പം വഴികാട്ടി എന്നുകൂടിയാണ്. രണ്ട് വിശേഷണങ്ങള്‍ക്കും അനുയോജ്യനാണ് സുന്നിപ്രസ്ഥാനത്തിന്റെ നേതാവും മതപണ്ഡിതനുമായ, ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞ അബ്ദുള്‍ ലത്തീഫ് സഅദി. ദീര്‍ഘകാലത്തെ ആത്മബന്ധമാണ് അദ്ദേഹവുമായി എനിക്കുള്ളത്. മതപണ്ഡിതനായിരിക്കുമ്പോഴും സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു സഹോദരന്‍ കൂടിയായിരുന്നു അദ്ദേഹമെനിക്ക്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ യാത്രചെയ്യുമ്പോള്‍ ഉസ്താദിന്റെ പഴശ്ശിയിലെ വീട്ടില്‍ പലപ്പോഴും പോകാറുണ്ട്. വീട്ടിലെ പ്രധാനചടങ്ങുകളിലെല്ലാം ക്ഷണിക്കാറുമുണ്ട്.

സുന്നി പ്രസ്ഥാനത്തിന്റെ ജില്ലയിലെ അമരക്കാരനെ തന്നെയാണ് നഷ്ടമായത്. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന അദ്ദേഹത്തെ എന്നും പുഞ്ചിരിയോടുകൂടി മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. ആത്മീയകാര്യങ്ങളില്‍ പാണ്ഡിത്യമുള്ള ആള്‍ എന്ന നിലയില്‍ പ്രഭാഷണപരിപാടികളില്‍ അദ്ദേഹത്തെ എപ്പോഴും കാണാം. വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ഉറച്ച നിലപാട് ഈ മതപണ്ഡിതനുണ്ട്. അദ്ദേഹത്തിന്റെ മാനവികതയിലൂന്നിയ പ്രഭാഷണങ്ങള്‍ ശ്രോതാക്കളെ ആകര്‍ഷിച്ചിരുന്നു. ഇതര മതവിശ്വാസികളോട് ഒരിക്കലും ശത്രുതാപരമായി പെരുമാറിയിട്ടില്ലെന്ന് മാത്രമല്ല, ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുകയും ചെയ്തു.

ജീവകാരുണ്യസേവന പ്രവര്‍ത്തനങ്ങളോടൊപ്പവും ഇഴുകിച്ചേര്‍ന്ന ഒരാളായിരുന്നു പഴശ്ശിക്കാരുടെ പ്രിയപ്പെട്ട ഉസ്താദ്. കൊവിഡ് കാലത്ത് മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തിച്ചേര്‍ന്ന പ്രവാസികള്‍ക്ക് സൗജന്യമായി ഭക്ഷണമൊരുക്കിക്കൊടുക്കാന്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഒരു ദിവസം ഭക്ഷണം ഒരുക്കുന്ന സമയത്ത് ഞാന്‍ ഭക്ഷണശാല സന്ദര്‍ശിക്കാനിടയായി. അവിടെ എല്ലാറ്റിലും ഉസ്താദിന്റെ ഒരു ടച്ചുണ്ടായിരുന്നു. ശുചിത്വവും സ്വാദിഷ്ടവുമായ ഭക്ഷണം എല്ലാവര്‍ക്കും നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. തൂവെള്ള വസ്ത്രത്തിന്റെ പരിശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചു.

താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാനുമുള്ള സന്നദ്ധത അദ്ദേഹത്തിന്റെ സവിശേഷതയാണ്. മരണപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ് ഒരു മെഡിക്കല്‍ ചെക്കപ്പിന് ചെന്നൈയില്‍ പോയത്. പോകുന്നതിന് മുമ്പും പോയി വന്നതിനു ശേഷവും എന്നെ വിളിക്കുകയുണ്ടായി. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് അദ്ദേഹം പറയുകയും ചെയ്തു. ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ ഒരു ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം ഏറ്റതായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കായി അനുവദിച്ച തീയതി ആ സമയത്തായതുകൊണ്ട് ആ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ക്ഷമാപണത്തോടെ അറിയിക്കുകയാണുണ്ടായത്. അപ്പോഴും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നറിഞ്ഞതിലുള്ള സന്തോഷം ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു.

എപ്പോഴെല്ലാം ലീഗുകാരില്‍ നിന്ന് എ.പി. സുന്നി വിഭാഗത്തില്‍പെട്ടവര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടിവരുന്നുവോ അപ്പോഴെല്ലാം പഴശ്ശി ഉസ്താദിന്റെ ഫോണ്‍കോള്‍ വരും. ആശുപത്രിയിലും പോലീസ് സ്റ്റേഷനിലും ബന്ധപ്പെടല്‍ എന്റെ ജോലിയായിരുന്നു. ഈ അടുത്ത കാലങ്ങളില്‍ ലീഗുകാരില്‍ നിന്നുള്ള മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുന്നത് കുറഞ്ഞു. പിന്നീട് കാണുമ്പോള്‍ കളിയാക്കി ഞാന്‍ പറയാറുണ്ട്, ”ലത്തീഫ് സഅദിക്ക് ഇപ്പോള്‍ ലീഗുകാരുടെ അടി കിട്ടുന്നില്ലെന്ന് തോന്നുന്നു, അതുകൊണ്ടാണ് വിളിക്കുന്നത് കുറച്ചത് അല്ലേ”. അപ്പോള്‍ മറുപടി വരും- ”നിങ്ങളുടെ കരുത്തും സംരക്ഷണവുമാണ് ഞങ്ങളുടെ ധൈര്യം!” എന്ന്. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളുമായി സംവദിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് രോഷം വന്നാലും ഉസ്താദിന്റെ സൗമ്യതയും പുഞ്ചിരിയും എന്നുമോര്‍മ്മിക്കും.

ഏറ്റവുമൊടുവില്‍ സുന്നി വിഭാഗത്തിന്റെ കണ്ണൂരിലെ ഒരു സമരത്തില്‍ പങ്കെടുക്കുകയും ഏറെ ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്തതിന് ശേഷമാണ് ഉസ്താദിന്റെ അന്ത്യമുണ്ടായത്. എല്ലാവര്‍ക്കും മരണം അനിവാര്യമാണെങ്കിലും, ഉസ്താദിന്റെ മരണം ഏറെ ദുഃഖമുണ്ടാക്കുന്ന ഒന്നായിത്തീരുന്നു.

മരണവാര്‍ത്ത അറിഞ്ഞയുടനെ എ.കെ.ജി. ആശുപത്രിയിലും തുടര്‍ന്ന് പഴശ്ശിയിലെ വീട്ടിലും പള്ളിയിലുമായി പോയപ്പോള്‍ എല്ലായിടത്തും സുന്നി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ മാത്രമല്ല, വിവിധ രാഷ്ട്രീയ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലുള്ളവരെല്ലാം പങ്കെടുത്തത് കണ്ടു. വീട്ടിലും പള്ളിയിലും ഇന്ന് രാവിലെ എത്തി കബറടക്കം കഴിയുന്നതുവരെ അവിടെ നില്‍ക്കുകയും അദ്ദേഹത്തിന്റെ മക്കളോടും അവിടെ കൂടിയിരുന്ന എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുതല്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിച്ചേര്‍ന്ന മതപണ്ഡിതന്മാരോടും സുന്നി പ്രവര്‍ത്തകരോടും യാത്ര പറഞ്ഞ് വിടപറയുമ്പോള്‍ ലത്തീഫ് സഅദിയുടെ വേര്‍പാട് സൃഷ്ടിച്ച ദുഃഖവും അദ്ദേഹത്തിന്റെ മരിക്കാത്ത ഓര്‍മ്മകളും ബാക്കിയായിരുന്നു മനസ്സ് നിറയെ. ആകസ്മികമായുണ്ടായ ആ വേര്‍പാടില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
എം.വി. ജയരാജന്‍

Content Highlight: CPIM Leader MV Jayarajan’s commemoration about Kerala Muslim Jamaat leader N Abdul Latheif Saadi

We use cookies to give you the best possible experience. Learn more