ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ഗവര്‍ണറും തമ്മിലെന്താണ് ബന്ധമെന്ന് വ്യക്തമാകാനുണ്ട്: എം.വി. ജയരാജന്‍
Kerala News
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ഗവര്‍ണറും തമ്മിലെന്താണ് ബന്ധമെന്ന് വ്യക്തമാകാനുണ്ട്: എം.വി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th December 2022, 7:15 pm

കൊച്ചി: ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്ന വ്യക്തിയുടെ വിധിക്ക് നിയമബോധമുള്ള ഡിവിഷന്‍ ബെഞ്ച് വില കല്‍പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗവര്‍ണറും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും തമ്മില്‍ എന്താണ് ബന്ധമെന്ന് വ്യക്തമാകാനുണ്ടെന്നും എം.വി. ജയരാജന്‍ ആരോപിച്ചു.

സര്‍വകലാശാല വി.സി നിയമനത്തിലെ സെര്‍ച്ച് കമ്മറ്റിയില്‍ ഗവര്‍ണറുടെ നോമിനി വേണമെന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് വിമര്‍ശനം.

‘സെര്‍ച്ച് കമ്മിറ്റിയെ സംബന്ധിച്ച് കേന്ദ്ര ചട്ടത്തിലും സംസ്ഥാന നിയമത്തിലും അപാകതയുണ്ടായാല്‍ സംസ്ഥാന നിയമസഭയാണ് നിയമനിര്‍മാണം നടത്തേണ്ടത്. അല്ലാതെ ജസ്റ്റിസുമല്ല ഗവര്‍ണറുമല്ല.

ഹൈക്കോടതി ജസ്റ്റിസിനോ ഗവര്‍ണര്‍ക്കോ ഭരണഘടനാ അധികാരം നല്‍കിയിട്ടില്ല. രണ്ടുപേരും ഭരണഘടനാ വ്യവസ്ഥയനുസരിച്ച് നിയമിക്കപ്പെട്ടവരാണ്, തെരഞ്ഞെടുക്കപ്പെട്ടവരല്ല. ഇക്കാര്യം ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ രണ്ടുകൂട്ടരും ഓര്‍ക്കുന്നത് നല്ലതാണ്,’ എം.വി. ജയരാജന്‍ പറഞ്ഞു.

അതേസമയം, സാങ്കേതിക സര്‍വകലാശാല വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറായ കേരള ഗവര്‍ണറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവിലെ 144, 145 എന്നീ പാരഗ്രാഫുകളാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.

സര്‍വകലാശാല വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ചാന്‍സലറായ ഗവര്‍ണര്‍ നിയമിച്ച സിസ തോമസിന് വിസി സ്ഥാനത്ത് തുടരാമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജിയും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്ന് യു.ജി.സി ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു. ഇതോടെ സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സിലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു.

Content Highlight: CPIM Leader MV Jayarajan against Justice Devan Ramachandran