| Saturday, 20th November 2021, 12:47 pm

ആര്‍.എസ്.എസും ജമാഅത്തും ഏറ്റുമുട്ടുമ്പോള്‍ കാഴ്ചക്കാരാവരുത്; വര്‍ഗീയ ശക്തികള്‍ക്കെതിരെ മതനിരപേക്ഷ പ്രതിരോധമുയര്‍ത്താന്‍ പാര്‍ട്ടിപ്രവര്‍ത്തകരോട് എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തളിപ്പറമ്പ്: വര്‍ഗീയതയുടെ ഏറ്റുമുട്ടലില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാഴ്ചക്കാരാവരുതെന്ന് ആഹ്വാനം ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍.

ആര്‍.എസ്.എസും ജമാഅത്തും ഏറ്റുമുട്ടുമ്പോള്‍ കാഴ്ചക്കാരാവരുതെന്നും രണ്ട് വര്‍ഗീയതയും പരസ്പരം ശക്തിപ്പെടുകയാണ് ചെയ്യുകയെന്ന് കമ്യൂണിസ്റ്റുകാര്‍ മനസിലാക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അവരുടെ ഏറ്റുമുട്ടലില്‍ നമുക്കെന്ത് കാര്യം എന്ന് കരുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറി നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ തളിപ്പറമ്പില്‍ സി.പി.ഐ.എം പാര്‍ട്ടി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”വര്‍ഗീയശക്തികള്‍ തമ്മിലടിച്ചാല്‍ തോറ്റവരുണ്ടാകില്ല ജയിച്ചവരുണ്ടാകില്ല. പരസ്പരം ശക്തിപ്പെടുത്തുന്നവരാണ് ഉണ്ടാകുക.

മതനിരപേക്ഷതയെ അടിസ്ഥാനപ്പെടുത്തി, ശാസ്ത്രീയമായി നിരന്തരം സാമൂഹിക ജീവിതത്തെ നവീകരിച്ച് പാര്‍ട്ടിയെയും ജനങ്ങളെയും പുതുക്കിയില്ലെങ്കില്‍ കേരളത്തിന് വലിയ അപകടം അഭിമുഖിക്കേണ്ടി വരും,” അദ്ദേഹം പറഞ്ഞു.

വര്‍ഗീയ ശക്തികള്‍ക്കെതിരെ മതനിരപേക്ഷ പ്രതിരോധം ഉയര്‍ത്തിയില്ലെങ്കില്‍ അപകടമാണെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ലോകമെങ്ങും സാമ്രാജ്യത്വം ഇന്ന് ഉപയോഗിക്കുന്നത് ഇസ്‌ലാമിക ഭീകരവാദത്തെയാണെന്ന് പറഞ്ഞ എം.വി. ഗോവിന്ദന്‍ അഫ്ഗാനിസ്ഥാനിലെ പുരോഗമന സര്‍ക്കാരുകള്‍ ചെയ്ത നടപടികളുടെ ഭാഗമായുണ്ടായ ശാസ്ത്രബോധത്തെയെല്ലാം തീവ്രവാദത്തേയും മതമൗലിക വാദത്തേയും ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: CPIM leader MV Govindan urges party workers to act against communalism

We use cookies to give you the best possible experience. Learn more