കൊച്ചി: ചികിത്സ മുന്‍നിര്‍ത്തി മാത്രമാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍.
തുടര്‍ച്ചയായ ചികിത്സ വേണമെന്ന കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അദ്ദേഹം പറഞ്ഞെന്നും അവധി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അത് അനുവദിക്കുകയായിരുന്നെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇതിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മകന്റെ കാര്യത്തില്‍ പാര്‍ട്ടിയും അദ്ദേഹവും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
ഓരോ ഘട്ടം ചികിത്സ നടക്കുമ്പോഴും കരുതുക ഇനിയങ്ങോട്ട് നന്നായി പോകാന്‍ കഴിയുമെന്നാണ്. അതുകൊണ്ടാണ് ഇത്രയും കാലം അവധിയെടുക്കാതിരുന്നത്. എന്നാല്‍ ചികിത്സ തുടരേണ്ട സാഹചര്യം വന്നതുകൊണ്ടാണ് അവധി ആവശ്യപ്പെട്ടത്. തുടര്‍ച്ചയായ ചികിത്സ വേണം. ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുമുണ്ട്. അപ്പോള്‍ ഒരാളെ ചുമതല ഏല്‍പ്പിക്കേണ്ടത് അനിവാര്യമാണ്.
ലീവ് അനുവദിക്കുക എന്നത് തന്നെയാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇതില്‍ വരുന്ന ഏത് പ്രചരണത്തേയും പാര്‍ട്ടി നേരിടും. പാര്‍ട്ടിയെ ഇത് ബാധിക്കില്ല, അദ്ദഹേം പറഞ്ഞു.
അതേസമയം കോടിയേരിയുടേത് താത്ക്കാലിക മാറ്റമാണെന്നും അവധി കഴിഞ്ഞ് കോടിയേരി തിരിച്ചുവരുമെന്നുമാണ് സി.പി.ഐ.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചത്.
ഇന്ന് രാവിലെയാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവനാണ് പകരം ചുമതല.
ചികിത്സാര്‍ത്ഥം തനിക്ക് മാറിനില്‍ക്കേണ്ടതുണ്ടെന്ന കാര്യം കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു.
‘സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്.’ ഇതാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
തുടര്‍ ചികിത്സയ്ക്കായാണ് അവധി ചോദിച്ചിരിക്കുന്നത്. എത്രകാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നിര്‍ണ്ണായക ഘട്ടത്തിലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്.
ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുക്കുകയും ബിനീഷ് ജയിലാവുകയും ചെയ്തതിന് പിന്നാലെയാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കുന്നത്.
അതേസമയം, കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം പറഞ്ഞിരുന്നു.
ബിനീഷ് കോടിയേരിയുടെ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക