| Friday, 22nd April 2016, 12:30 pm

ചാനല്‍ ചര്‍ച്ചക്കിടെ സി.പി.ഐ.എം നേതാവിനെതിരെ 'പാക്കിസ്ഥാനില്‍ പോടാ 'എന്ന ആക്രോശവുമായി ബി.ജെ.പി പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ആര്യ അനൂപ്


കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ കോഴിക്കോട് ബീച്ചില്‍ വെച്ച് ഇന്ന് രാവിലെ നടത്തിയ “കേരള കുരുക്ഷേത്ര” പരിപാടിക്കിടെ സി.പി.ഐ.എം യുവനേതാവിനെതിരെ ബി.ജെ.പി പ്രവര്‍ത്തരുടെ ആക്രോശം.

പാക്കിസ്താനില്‍ പോടാ എന്ന് ആക്രോശിച്ചായിരുന്നു ബി.ജെ.പി പ്രവര്‍ത്തര്‍ സി.പി.ഐ.എം നേതാവ് മുഹമ്മദ് റിയാസിന് നേരെ തട്ടിക്കയറിയത്. കോലിബി സഖ്യത്തെ കുറിച്ച് മുഹമ്മദ് റിയാസ് പരാമര്‍ശിച്ചപ്പോയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രോപിതരായത്.

പത്തോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തരായിരുന്നു പരിപാടി അലങ്കോലപ്പെടുത്താനായി രംഗത്തെത്തിയത്.


കോലിബി സഖ്യത്തെകുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സദസിലുണ്ടായിരുന്ന ബി.ജെ.പിയുടെ ഒരു പ്രവര്‍ത്തകന്‍ എഴുന്നേറ്റ് നീ പാക്കിസ്ഥാനില്‍ പോടാ എന്ന് ആക്രോശിക്കുകയായിരുന്നു.

ഇതാണ് യഥാര്‍ത്ഥ അസഹിഷ്ണുതയെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഗുജറാത്തിലേക്ക് പോകാമെന്നും റിയാസും മറുപടി പറഞ്ഞു.

ഇതൊരു പൊതു ചര്‍ച്ചയാണെന്നും മുസ്ലീം ആയതിന്റെ പേരില്‍ ഒരാളോട് പാക്കിസ്ഥാനിലേക്ക് പോകാമെന്നും പറയുന്ന രീതി ഈ ചര്‍ച്ചയില്‍ അനുവദിക്കില്ലെന്ന് പരിപാടിയുടെ അവതാരകന്‍ നിഷാദും വ്യക്തമാക്കി.

തുടര്‍ന്ന് രോഷകുലരായ പത്തോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ റിയാസിനെതിരെയും ചാനല്‍ അവതാരകന്‍ നിഷാദിന് നേരെയും തിരിഞ്ഞു.  ഇനി ഈ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്ഥലത്തെ പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവരെ കയ്യേറ്റം ചെയ്യാനായി എത്തിയത്.


ഇത് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്തു. നിരവധി പേര്‍ എത്തിയാണ് ഒടുവില്‍ ബി.ജെ.പി പ്രവര്‍ത്തകരെ പറഞ്ഞുവിട്ടതെന്ന് നിഷാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കോലിബി സഖ്യത്തെ കുറിച്ച് താന്‍ തെളിവ് സഹിതം ചോദിച്ചപ്പോഴായിരുന്നു പാക്കിസ്ഥാനില്‍ പോടാ എന്ന ആക്രോശവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ ചാടിയെഴുന്നേറ്റതെന്നും അസഹിഷ്ണുത കേരളത്തിലും എത്തിയെന്നും റിയാസ് പറഞ്ഞു.

പേര് നോക്കി മതം നോക്കി ആളുകളുടെ പൗരത്വം തീരുമാനിക്കുന്ന സംഘപരിവാര്‍ ഭീകരത കേരളത്തില്‍ പറിച്ചുനടാനാണ് ശ്രമം. എന്നാല്‍ ഗുജറാത്തിലെ നിങ്ങളുടെ പ്രവര്‍ത്തനം നോക്കിനില്‍ക്കുന്ന കോണ്‍ഗ്രസുകാരല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരനെന്ന് ബി.ജെ.പിക്കാരെ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി മുഹമ്മദ് റിയാസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more