തൊടുപുഴ: അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രദേശവാസികളുടെ വികാരത്തിനൊപ്പം നിന്നുള്ള പ്രതികരണവുമായി സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ എം.എം. മണി. ആനയാല്‍ കൊല്ലപ്പെട്ട മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് ശരിയാണോ എന്ന് എം.എം. മണി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അരിക്കൊമ്പന്‍ തന്റെ തള്ളയാന മരിച്ച സ്ഥലത്ത് വര്‍ഷം തോറും മുടങ്ങാതെ എത്തുന്നത് വാര്‍ത്തയാകുമ്പോള്‍. അരിക്കൊമ്പന്‍ കൊലപ്പെടുത്തിയിട്ടുള്ളവരുടെ കുഞ്ഞുങ്ങള്‍ക്ക് ഈ ആനയാല്‍ കൊല്ലപ്പെട്ട അവരുടെ മാതാപിതാക്കളെയോ സഹോദരങ്ങളെയോ അടക്കം ചെയ്ത സ്ഥലം വരെ അന്യാധീനപ്പെടുന്നത് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് ശരിയാണോ?,’ എം.എം. മണി ചോദിച്ചു.
അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ആനക്കൂട്ടില്‍ അടയ്ക്കുന്നതിനുള്ള അനുമതി വിലക്കിയ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് എം.എം.മണിയുടെ പ്രതികരണം.
ആനയെ പിടികൂടുന്നതിന് പകരം ബദല്‍ മാര്‍ഗം ഉപയോഗിച്ച് എന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കണമെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്. ആന എവിടെയുണ്ടെന്ന് നിരീക്ഷണം തുടരണമെന്നും ജനവാസ മേഖലകളിലിറങ്ങി ശല്യമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പിടികൂടാനുള്ള ‘മിഷന്‍ അരിക്കൊമ്പന്‍’ സ്റ്റേ ചെയ്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഭിമുഖ്യത്തില്‍ ഇടുക്കിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ വ്യാഴാഴ്ച ജനകീയ ഹര്‍ത്താലാണ്.
അതിനിടെ, ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ഹൈകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.