ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടി തിരുത്താന്‍ മോദിയോടും സംഘത്തോടും സുപ്രീം കോടതി ആവശ്യപ്പെടണം: എം.എ. ബേബി
Kerala News
ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടി തിരുത്താന്‍ മോദിയോടും സംഘത്തോടും സുപ്രീം കോടതി ആവശ്യപ്പെടണം: എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th August 2022, 10:29 pm

തിരുവനന്തപുരം: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗകേസിലെ പ്രതികളെ വിട്ടയച്ച നീതിന്യായവ്യവസ്ഥയുടെ അടിത്തറയെ ചോദ്യം ചെയ്യുന്ന നടപടി തിരുത്താന്‍ നരേന്ദ്ര മോദിയോടും സംഘത്തോടും സുപ്രീം കോടതി ആവശ്യപ്പെടണമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ. ബേബി.

തടവില്‍ കിടക്കുന്ന പ്രതികളില്‍ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ശിക്ഷാകാലത്തില്‍ ഇളവ് നല്‍കി വിട്ടയക്കരുത് എന്ന ഗുജറാത്ത് സര്‍ക്കാരിന്റെ തന്നെ നയത്തിനെതിരെയാണ് ഈ വിട്ടയയ്ക്കലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഓഗസ്റ്റ് പതിനഞ്ചിന് സ്ത്രീകളുടെ അവകാശം, അഭിമാനം, നാരീശക്തി എന്നിവയെക്കുറിച്ചെല്ലാം പ്രധാനമന്ത്രി ദില്ലിയിലെ ചെങ്കോട്ടയില്‍ പ്രസംഗിച്ച അന്ന് തന്നെയാണ് ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച വാര്‍ത്ത പുറത്തുവരുന്നത്. നരേന്ദ്ര മോദി എന്തെങ്കിലും പറഞ്ഞാല്‍ അതിനെതിര്‍ദിശയില്‍ എന്തെങ്കിലും ചെയ്തിട്ടായിരിക്കും പ്രസംഗം എന്നത് ഒരു പതിവാണെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

2002ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കെ നടന്ന ഗുജറാത്ത് കൂട്ടക്കൊലയിലെ ഏറ്റവും മനുഷ്യത്വരഹിതമായ സംഭവങ്ങളിലൊന്ന് നടന്നത് ബില്‍ക്കീസ് ബാനുവിന്റെ വീട്ടിലാണ്. ബില്‍ക്കീസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ഒരു ഇരുപത്തൊന്നുകാരി. അവരുടെ കുടുംബത്തിലെ പതിനാലുപേരെയാണ് ബില്‍ക്കീസിന്റെ കണ്‍മുന്നിലിട്ട് കൊന്നുകളഞ്ഞത്. അവരുടെ മൂന്ന് വയസ്സുള്ള മകള്‍ സലേഹയുടെ തല ഒരു പാറയിലിടിച്ചു ചതച്ചു കൊന്നു. ബില്‍ക്കീസിനെ കൂട്ടബലാത്സംഗം ചെയ്തു ചാവാന്‍ വിട്ടിട്ടാണ് ആ നരാധമര്‍ പോയത്.

നിരവധി പെണ്ണുങ്ങള്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ഈ കുടുംബത്തില്‍ അതിജീവിച്ച പ്രായപൂര്‍ത്തിയായ ഏകവ്യക്തി ബില്‍ക്കീസ് ആയിരുന്നു. ബില്‍ക്കീസ് ബാനു ഈ കൊടുംക്രൂരതയ്‌ക്കെതിരെ നീതിപീഠത്തിനുമുന്നില്‍ പതറാതെ നിന്നു. ഈ ഹീനകൃത്യം ചെയ്ത എല്ലാവരെയും 2008ല്‍ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഈ ശിക്ഷ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവയ്ക്കുകയും ചെയ്തു.

ആഗസ്റ്റ് പതിനഞ്ചിന് സ്ത്രീകളുടെ അവകാശം, അഭിമാനം, നാരീശക്തി എന്നിവയെക്കുറിച്ചെല്ലാം പ്രധാനമന്ത്രി ദില്ലിയിലെ ചെങ്കോട്ടയില്‍ പ്രസംഗിച്ച അന്ന് തന്നെയാണ് ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച വാര്‍ത്ത പുറത്തുവരുന്നത്. നരേന്ദ്ര മോദി എന്തെങ്കിലും പറഞ്ഞാല്‍ അതിനെതിര്‍ദിശയില്‍ എന്തെങ്കിലും ചെയ്തിട്ടായിരിക്കും പ്രസംഗം എന്നത് ഒരു പതിവാണ്. തടവില്‍ കിടക്കുന്ന പ്രതികളില്‍ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ശിക്ഷാകാലത്തില്‍ ഇളവ് നല്‍കി വിട്ടയക്കരുത് എന്ന ഗുജറാത്ത് സര്‍ക്കാരിന്റെ തന്നെ നയത്തിനെതിരെയാണ് ഈ വിട്ടയയ്ക്കല്‍.

ഈ വിട്ടയയ്ക്കലിനെ ന്യായീകരിച്ചുകൊണ്ട് ഈ പതിനൊന്നു കുറ്റവാളികളെ വിട്ടയയ്ക്കാന്‍ തീരുമാനിച്ച സമിതിയിലെ അംഗമായിരുന്ന ബി.ജെ.പി എം.എല്‍.എ സി.കെ. റൗള്‍ജി പി.ടി.ഐയോട് പറഞ്ഞതാണ് ബി.ജെ.പിയുടെ മനസ്സിലിരുപ്പ് ശരിക്ക് പുറത്തുവിടുന്നത്, ”ഞങ്ങള്‍ ജയിലറോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, തടവില്‍ അവരുടെ പെരുമാറ്റം നല്ലതായിരുന്നു എന്നാണ്… കൂടാതെ (ശിക്ഷയനുഭവിക്കുന്നവരില്‍ ചിലര്‍) ബ്രാഹ്‌മണരാണ്. അവര്‍ നല്ല സംസ്‌കാരം (മൂല്യങ്ങള്‍) ഉള്ളവരാണ്.”

ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ഇന്ത്യയിലെ പൊതുപ്രവര്‍ത്തകരായ നിരവധിപേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയുടെ അടിത്തറയെ ചോദ്യം ചെയ്യുന്ന ഈ നടപടി തിരുത്താന്‍ നരേന്ദ്ര മോദിയോടും സംഘത്തോടും സുപ്രീം കോടതി ആവശ്യപ്പെടേണ്ടതാണ്.

Content Highlight: CPIM Leader MA Baby’s reaction on Accused released in Bilkis Bano case