അതിന് കിറ്റില്‍ അരിയില്ലല്ലോ; സൗജന്യ കിറ്റിനായി കേന്ദ്രം അരി നല്‍കിയെന്ന എം.ടി രമേശിന്റെ പോസ്റ്റിന് മറുപടിയുമായി എം.വി ജയരാജന്‍
Kerala News
അതിന് കിറ്റില്‍ അരിയില്ലല്ലോ; സൗജന്യ കിറ്റിനായി കേന്ദ്രം അരി നല്‍കിയെന്ന എം.ടി രമേശിന്റെ പോസ്റ്റിന് മറുപടിയുമായി എം.വി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th May 2021, 3:15 pm

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട ബി.ജെ.പി നേതാവ് എം.ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ആരും പട്ടിണിയാകരുതെന്നുള്ള ആശയത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യ കിറ്റ് പദ്ധതി എല്ലാവരും ഏറ്റെടുത്തപ്പോള്‍ അതിന്റെ ഉടമസ്ഥാവകാശം പേറാനാണ് എം.ടി രമേശടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നതെന്ന് എം.വി ജയരാജന്‍ പ്രതികരിച്ചു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി കേരളത്തിലേക്ക് അരിയെത്തിയെന്നും സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്നുമായിരുന്നു എം.ടി രമേശ് പങ്കുവെച്ച പോസ്റ്ററിലുണ്ടായിരുന്നുത്. കരുതലോടെ മോദി സര്‍ക്കാര്‍ എന്ന ക്യാപ്ഷനൊപ്പമായിരുന്നു എം.ടി രമേശിന്റെ പോസ്റ്റ്.

ഇതിനെതിരെയാണ് എം.വി ജയരാജന്‍ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായാരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളം നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റില്‍ അരി ഉള്‍പ്പെടുന്നില്ലെന്ന കാര്യം പോലും അറിയാതെയാണ് എം.ടി രമേശ് സംസാരിക്കുന്നതെന്നും എം.വി ജയരാജന്‍ പറഞ്ഞു.

‘കേന്ദ്രസര്‍ക്കാരാണ് കിറ്റ് നല്‍കിയതെങ്കില്‍, എന്തുകൊണ്ട് രാജ്യത്താകെ അത് നല്‍കുന്നില്ല എന്ന് ആരും ബി.ജെ.പിക്കാരോട് ചോദിക്കല്ലേ. അവര്‍ കുടുങ്ങും. വീണ്ടും അവകാശവാദവുമായി രംഗത്തുവന്നിട്ടുണ്ട് ബി.ജെ.പി നേതാക്കള്‍ എന്നതാണ് ഈ പുതിയ എഫ്.ബി പോസ്റ്റ് വ്യക്തമാക്കുന്നത്.

ഒരു കാര്യം പ്രത്യേകം ബി.ജെ.പി നേതാവിനെ ഓര്‍മ്മിപ്പിക്കട്ടെ ‘കേരളത്തില്‍ നല്‍കുന്ന കിറ്റില്‍ അരിയില്ല’. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബി.ജെ.പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു,’ എം.വി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ബി.ജെ.പി നേതാവേ, ഒരു കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ -‘ കിറ്റില്‍ അരിയില്ല’, എന്ന തലക്കെട്ടോടെയാണ് ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.

കേരളത്തില്‍ കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചോര്‍ന്നുപോകാത്തവര്‍ ഇതിനായി നല്‍കിയ തുകയുള്‍പ്പടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്. ഒപ്പം, കൊവിഡ് രോഗികള്‍ക്കുള്‍പ്പടെ സമയത്ത് ഭക്ഷണമെത്തിച്ചുനല്‍കാന്‍ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് വാശിപിടിച്ചവര്‍ക്കും, നന്മ ചോര്‍ത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവര്‍ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കുമാണ് പിണറായി സര്‍ക്കാര്‍ ഭക്ഷ്യകിറ്റ് സൗജന്യമായി നല്‍കിയതെന്നത് മറ്റൊരു വസ്തുത.
ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോള്‍, അതിന്റെ ഉടമസ്ഥാവകാശം പേറാന്‍ പലരും രംഗത്തുവരികയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: CPIM Leader M V Jayarajan responding to BJP leader M T Ramesh about free food kit