കണ്ണൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി സി.പി.ഐ.എം നേതാവ് എം.സ്വരാജ്. ഭ്രാന്തുള്ളവര്‍ക്ക് എം.പിയോ എം.എല്‍.എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ട്. എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നാണ് എം. സ്വരാജിന്റെ പരാമര്‍ശം.
ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറാകുമെന്ന ദീര്‍ഘ വീക്ഷണത്തിലായിരിക്കാം ഈ വകുപ്പ് ഒഴിവാക്കിയെതെന്നും എം. സ്വരാജ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈദേശിക ആശയങ്ങളെയാണ് സി.പി.ഐ.എം ഉയർത്തിപിടിക്കുന്നതെന്ന് ഗവർണർ മുമ്പ് വിമർശിച്ചതായി എം. സ്വരാജ് പ്രസംഗത്തിൽ ഓർമിപ്പിച്ചു. ഇത് ആർ.എസ്.എസിന്റെ ചിന്തയാണ്. ഇസ്‌ലാം മതവും ക്രിസ്ത്യൻ മതവും കമ്മ്യൂണിസവും ഭാരത്തിന്റെയല്ല എന്ന ആശയം വെച്ചുപുലർത്തുന്നത് ആർ.എസ്.എസാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച ആറ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമത്തിനായി ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെയാണ് എം. സ്വരാജിന്റെ വിവാദ പരാമര്‍ശം.
കേരള, എം.ജി, കെ.ടി.യു, ഫിഷറീസ്, കാര്‍ഷിക, മലയാള സര്‍വകലാശാലകളിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്.
വി.സി നിയമനത്തിന് രണ്ടംഗ കമ്മിറ്റിയെ നിയമിച്ചതിലൂടെ താന്‍ ഉത്തരവാദിത്തം നിര്‍വഹിച്ചുവെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. അവരവരുടെ ജോലി ചെയ്യാതെ സര്‍ക്കാര്‍ തന്നെ തടഞ്ഞിട്ട് കാര്യമില്ല. സര്‍വകലാശാലകളില്‍ സ്ഥിരമായി വൈസ് ചാന്‍സലര്‍ ഉണ്ടാകണമെന്ന് താന്‍ സര്‍ക്കാരിനെ നിരന്തരം ഓര്‍മിപ്പിക്കാറുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
Content Highlight: CPIM leader M. Swaraj made a controversial remark against Kerala Governor Arif Muhammad Khan