| Tuesday, 11th January 2022, 7:19 pm

ചോരക്കൊതിയന്‍ മാത്രമല്ല ഖദര്‍ ധരിച്ച ഒരു പെരും കള്ളമാണ് സുധാകരന്‍; എസ്.എഫ്.ഐക്കാരാല്‍ ഒരൊറ്റ കെ.എസ്.യുക്കാരന്‍ പോലും കൊല്ലപ്പെട്ടില്ലെന്ന് സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെയുള്ള വിമര്‍ശനം തുടര്‍ന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജ്.

ധീരജിന്റെ കൊലപാതകത്തില്‍ കെ. സുധാകരന്റെ പ്രതികരണം പങ്കുവെച്ചായിരുന്നു സ്വരാജിന്റെ വിമര്‍ശനം. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കൈകൊണ്ട് ജീവന്‍ പോയ ഒരു കെ.എസ്.യു പ്രവര്‍ത്തകന്റെ പേര് പോലും പറയാന്‍ സാധിക്കില്ല. ചോരക്കൊതിയന്‍ മാത്രമല്ല ഖദര്‍ ധരിച്ച ഒരു പെരും കള്ളമാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു.

‘കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് നരാധമന്‍മാര്‍ അരും കൊല ചെയ്ത ധീരജിന്റെ ഇളം ശരീരത്തിലെ ചൂട് വിട്ടുമാറും മുമ്പ് കെ.പി.സി.സി പ്രസിഡന്റ് ആക്രോശിയ്ക്കുന്നത് ഇങ്ങനെയാണ്.

കലാലയങ്ങളിലെ കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ മരിച്ചുവീണതിന്റെ മൂന്നിലൊന്നു പോലും എസ്.എഫ്.ഐക്കാര്‍ മരിച്ചു വീണിട്ടില്ല എന്ന്.

മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അധമ മനസില്‍ നിന്നേ ഈ സമയത്ത് ഇങ്ങനെയുള്ള വാക്കുകള്‍ പുറത്തുവരൂ. കെ. സുധാകരന്റെ ഈ വെള്ളം ചേര്‍ക്കാത്ത കള്ളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു,’ സ്വരാജ് പറഞ്ഞു.

കേരളത്തിലെ ഏതെങ്കിലും ഒരു കലാലയത്തില്‍ വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കൈകൊണ്ട് ജീവന്‍ പോയ ഒരു കെ.എസ്.യു പ്രവര്‍ത്തകന്റെ എങ്കിലും പേര് പറയാന്‍ ഒരു മാധ്യമപ്രവര്‍ത്തകനും തന്നോട് ചോദിക്കില്ല എന്ന ധൈര്യമാണ് കെ. സുധാകരനുള്ളതെന്നും സ്വരാജ് കുറ്റപ്പെടുത്തി.

അതേസമയം, കെ.എസ്.യു മുന്‍കൈയെടുത്ത് എസ്.എഫ്.ഐക്കാരെ കുത്താനും വെട്ടാനും പോയ ചരിത്രമില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞിരുന്നു. കൊലപാതകത്തെ കോണ്‍ഗ്രസോ കെ.എസ്.യുവോ ന്യായീകരിക്കില്ല. കെ.എസ്.യുവിന്റെ ഭാഗത്തുനിന്നുള്ള കൊലപാതമാണെങ്കില്‍ അതിനെ അപലപിക്കും. ഇടുക്കിയില്‍ രാജേന്ദ്രന്റെ വിഭാഗവും മണിയുടെ വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമാണിതെന്ന് വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. അതിലെ നിജസ്ഥിതി മനസിലാക്കി പ്രതികരിക്കാമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

‘കേരളത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ എത്ര വിദ്യാര്‍ഥികളുടെ രക്തസാക്ഷിത്വമുണ്ടെന്ന് പരിശോധിച്ചാല്‍ മഹാഭൂരിപക്ഷവും കെ.എസ്.യുക്കാരാണ്. എത്രയോ കെ.എസ്.യു. കുട്ടികളുടെ രക്തസാക്ഷിത്വം കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കെ.എസ്.യുവിന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം അനുവദിക്കാത്ത സ്ഥിതിയുണ്ട്,’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, ധീരജിന്റെ കൊലപാതകത്തിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.കൊലക്കുറ്റത്തിനാണ് നിഖിലെനെതിരേ കേസെടുത്തിരിക്കുന്നത്. വധശ്രമം സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ജെറിന്‍ ജോജോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more