മൂന്നാര്‍: കൊട്ടക്കമ്പൂരില്‍ വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുത്തവരില്‍ സി.പി.ഐ.എം നേതാവും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. പെരുമ്പാവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോണ്‍ ജേക്കബ് നൂറോളം ഏക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
തമിഴ് തോട്ടം തൊഴിലാളികളെ മറയാക്കിയാണ് ഭൂമി കയ്യേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഒരു ദിവസം തന്നെ 35 പവര്‍ ഓഫ് അറ്റോണി വരെ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള റോയല്‍ പ്ലാന്റേഷന്‍ കമ്പനിയുടെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ കമ്പനി രൂപീകരിക്കുന്നതിനു മുന്‍പാണ് രജിസ്‌ട്രേഷനുകള്‍ നടന്നിരിക്കുന്നത്. ജോണ്‍ ജേക്കബ്, അദ്ദേഹത്തിന്റെ ഭാര്യ, സഹോദരന്‍മാര്‍, പിതാവ് എന്നിവരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നത്.
1999 ല്‍ തമിഴ് കര്‍ഷകര്‍ക്ക് താമസിക്കാനായി പട്ടയം കൊടുത്ത ഭൂമിയാണ് എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. അതീവ പരിസ്ഥിതി ദുര്‍ബല മേഖലയാണ് ഇത്.
കൊട്ടക്കമ്പൂരില്‍ ജോയ്സ് ജോര്‍ജ് എം.പിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ സമീപത്തുതന്നെയാണ് ഈ ഭൂമിയും. നേരത്തെ എം.പിയുടെ പട്ടയങ്ങള്‍ക്ക് സാധുതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവികുളം സബ്കളക്ടര്‍ ഭൂമിയുടെ മേലുള്ള അവകാശം റദ്ദാക്കിയിരുന്നു.