കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വാങ്ങുന്നവരെ പട്ടികളോട് ഉപമിച്ച ട്വന്റി-20ക്കെതിരെയും സാബു എം. ജേക്കബിനെതിരെയും വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് അഡ്വ. കെ.എസ്. അരുണ്‍കുമാര്‍.
സാധാരണക്കാരായ ഒരാള്‍ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടാതിരിക്കാന്‍ ഒരു കരുതലായി സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റിനെയാണ് നിലവാരമില്ലാത്ത രീതിയില്‍ ട്വന്റി-20 വിമര്‍ശിച്ചത്. കിഴക്കമ്പലത്ത് സ്ഥാപനത്തില്‍ നല്‍കിയിരിക്കുന്ന കാര്‍ഡ് ഉപയോഗിച്ച് ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന സാധാരണക്കാരെ ഇങ്ങനെ തന്നെയാണോ സാബു ജേക്കബ് വിശേഷിപ്പിക്കുന്നതെന്നും അരുണ്‍കുമാര്‍ ചോദിച്ചു.
പ്രളയകാലത്ത് സ്വന്തമായി കൂപ്പണ്‍ അച്ചടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പണപ്പിരിവ് നടത്തി അതു കൊണ്ട് ‘പുട്ടടിച്ച’ മുതലാളിയുടെ തനിനിറം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അരുണ്‍കുമാര്‍ പറഞ്ഞു. തരം താണോളൂ, ഇത്ര ‘തറ’ ആകരുതെന്നും അദ്ദേഹം പറഞ്ഞു.
താങ്കള്‍ നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഓരോ അശംവും താങ്കളുടെ കമ്പനികളില്‍ നിന്നും പുറത്തെക്കൊഴുകുന്ന ഖര-വായു- ജല മാലിന്യങ്ങളുടെ ദുരന്തമുഖങ്ങള്‍ അനുഭവിക്കുന്നവരെ സമാധാനിപ്പിക്കാനാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്. മുതലാളി പാര്‍ട്ടിയുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനവും ഗവണ്‍മെന്റ് വിരുദ്ധതയും കീഴാള വിരുദ്ധതയും എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നുവെന്നും അരുണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഓണക്കിറ്റ് വാങ്ങുന്നവര്‍ പട്ടികളാണ് എന്ന തരത്തിലുള്ള കിഴക്കമ്പലം ട്വന്റി-20 ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ട്വന്റി-20യുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശത്തിനെതിരെ പി.വി. ശ്രീനിജിന്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു.
ഇതാണ് മുതലാളി പാര്‍ട്ടിയുടെ ജനാധിപത്യബോധം. വിമര്‍ശിക്കാം, പക്ഷെ ഇത്രയും തരം താഴരുതെന്നാണ് ട്വന്റി-20ക്കെതിരെ ശ്രീനിജിന്‍ പ്രതികരിച്ചത്.
‘മഹത്തായ ഈ വചനം സത്യമല്ലേ, പാപ്പരായ സായിപ്പ് പട്ടിക്ക് അതിന്റെ വാല് മുറിച്ച് തിന്നാന്‍ കൊടുക്കും എന്ന് കേട്ടിട്ടുണ്ട്. പട്ടിക്ക് അറിയില്ല, അത് സ്വന്തം വാലാണെന്ന്. ഓണകിറ്റ്.’ എന്നാണ് ട്വന്റി-20 ഫേസ്ബുക്ക് പേജിലെ പോസ്റ്റ്.