കോടിയേരിയുടെ വിലാപയാത്ര തലശ്ശേരിയിലെത്തി; അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ജനപ്രവാഹം
Kerala News
കോടിയേരിയുടെ വിലാപയാത്ര തലശ്ശേരിയിലെത്തി; അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ജനപ്രവാഹം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd October 2022, 3:56 pm

കണ്ണൂര്‍: അന്തരിച്ച സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗണ്‍ ഹാളിലെത്തി. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര തലശ്ശേരിയില്‍ എത്തിയത്.

പ്രിയ സഖാവിനെ അവസാനമായി കാണാന്‍ വന്‍ ജനപ്രവാഹമാണ് തലശ്ശേരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. തലശ്ശേരിയില്‍ രാത്രി 12 മണി വരെയാണ് പൊതുദര്‍ശനം ഉണ്ടാകുക. നാളെ രാവിലെ 10 മണി വരെ കോടിയേരി മാടപ്പീടികയിലെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. 11 മണി മുതല്‍ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.

തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് പൂര്‍ണ ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌കരിക്കും. ചടങ്ങില്‍ ബന്ധുക്കളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മന്ത്രിമാരും മാത്രമായിരിക്കും പങ്കെടുക്കുക.

വിലാപയാത്ര കടന്നു വന്ന 14 കേന്ദ്രങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുളള സൗകര്യമൊരുക്കിയിരുന്നു. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തിയത്. കോടിയേരിയെ അവസാനമായി കാണാന്‍ വന്‍ ജനപ്രവാഹമാണ് റോഡിന് ഇരുവശവും നിറഞ്ഞ് നിന്നത്.

അതേസമയം, കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാപനങ്ങള്‍ അടച്ചിടും. തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങളെയും ഹോട്ടലുകളെയും നാളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

ഇന്ന് രാവിലെ 11.22 നാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് പുറപ്പെട്ടത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷും മരുമകള്‍ റിനീറ്റയും എയര്‍ ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു.

ശനിയാഴ്ച രാത്രിയോടെയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മരണം. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെടുന്നത്. പാന്‍ക്രിയാസ് കാന്‍സര്‍ മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്ക് പുറപ്പെട്ടത്.

Content Highlight: CPIM Leader Kodiyeri’s mourning procession reached Thalassery Town Hall