തിരുവനന്തപുരം: മുതിർന്ന സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് പിന്നാലെ എ.കെ.ജി സെന്ററിലെ പാർട്ടി പതാക താഴ്ത്തികെട്ടി. കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. തിങ്കളാഴ്ച്ച മൂന്ന് മണിക്കാണ് സംസ്‌കാരം. മൂന്ന് മണി മുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കണ്ണൂരിലേക്ക് പോകും.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ആയിരുന്നു കോടിയേരിയുടെ അന്ത്യം. 69 വയസായിരുന്നു. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു.
കോടിയേരിയുടെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് ഇന്ന് യൂറോപ്പിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര റദ്ദാക്കിയിരുന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്.
അർബുദബാധ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തിൽ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്ക് പുറപ്പെട്ടത്.
മൂന്ന് തവണയാണ് സംസ്ഥാന സെക്രട്ടറിയായി സി.പി.ഐ.എമ്മിനെ നയിച്ച നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. അഞ്ച് തവണ തലശ്ശേരിയിൽ നിന്ന് എം.എൽ.എയായി. 2001ൽ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പുമന്ത്രിയായിരുന്നു.
ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമായിരിക്കെ എണ്ണമറ്റ പോരാട്ടങ്ങളിൽ നിന്നുള്ള കരുത്താണ് കോടിയേരി ബാലകൃഷ്ണൻ എന്ന നേതൃശേഷിയുടെ അനുഭവസമ്പത്ത്. ഏതു പ്രതിസന്ധിയെയും നിറഞ്ഞ ചിരിയോടെ നേരിടും. ചിട്ടയായ സംഘടനാപ്രവർത്തനം, പാർടിയും ജനങ്ങളും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്‌കാന്തി, അചഞ്ചലമായ പാർട്ടിക്കൂറ്, കൂട്ടായ പ്രവർത്തനത്തിനുള്ള നേതൃപാടവം. ഇവയെല്ലാം കോടിയേരിയിൽ ഉൾച്ചേരുന്നു.
2015ൽ ആലപ്പുഴ സമ്മേളനത്തിൽ പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടർന്ന് 2018ൽ തൃശൂരിൽ ചേർന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
അസുഖത്തെ തുടർന്ന് 2020ൽ ഒരു വർഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു. രോഗനില വഷളായതോടെ ആഗസ്റ്റിൽ ചുമതല ഒഴിഞ്ഞു. തുടർന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.
Content Highlight: CPIM Leader Kodiyeri Balakrishnan’s funeral will be held on Monday at Kannur