തിരുവനന്തപുരം: കോണ്‍ഗ്രസ് മുക്ത ഭാരതമല്ല സി.പി.ഐ.എം ആഗ്രഹിക്കുന്നതെന്ന് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്ത് മതനിരപേക്ഷത നിലനില്‍ക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ആര്‍.എസ്.എസ് ഭരണത്തില്‍ വരുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസ് മുക്തഭാരതമല്ല സി.പി.ഐ.എം ആഗ്രഹിക്കുന്നത്. മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യം. കോണ്‍ഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. ആര്‍.എസ്.എസ്. ഭരണത്തില്‍ വരാതിരിക്കണം. ഈ നിലപാട് കേരളത്തിലും ഇടതുമുന്നണിക്ക് ഗുണംചെയ്യും,’ കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ സി.പി.ഐ.എമ്മിനെ സഹായിക്കാമെന്നത് സംഘപരിവാറിന്റെ പ്രചാരണ വേലയാണ്. കേരളത്തില്‍ സി.പി.ഐ.എം തകര്‍ന്നാലേ ബി.ജെ.പിക്ക് രക്ഷയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എമ്മിന് ബി.ജെ.പിയോട് മൃദു സമീപനമാണെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി.
‘കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ സി.പി.ഐ.എമ്മിനെ സഹായിക്കാമെന്നത് സംഘപരിവാറിന്റെ പ്രചാരണ വേലയാണ്. കേരളത്തില്‍ ആര്‍.എസ്.എസുമായി ഏറ്റുമുട്ടി അനേകം പ്രവര്‍ത്തകരെയാണ് സി.പി.എമ്മിന് നഷ്ടപ്പെട്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അവരെ വിലക്കെടുക്കാന്‍ ബി.ജെ.പിക്ക് കഴിയും. കര്‍ണാടകയിലും മധ്യപ്രദേശിലും ഇപ്പോള്‍ പുതുച്ചേരിയിലുമൊക്കെ നാം അതാണ് കണ്ടത്. എന്നാല്‍ കേരളത്തില്‍ സി.പി.എം തകര്‍ന്നാലേ അവര്‍ക്ക് രക്ഷയുള്ളൂ. പശ്ചിമ ബംഗാളിലും ത്രിപുരയിലും സി.പി.ഐ.എം ക്ഷീണിച്ചപ്പോഴാണ് ബി.ജെ.പിക്ക് മുന്നേറാനായത്. കേരളത്തിന്റെ മതേതരസ്വഭാവം നിലനിര്‍ത്താനും അവരെ പരാജയപ്പെടുത്തണം,’ കോടിയേരി പറഞ്ഞു.
ശബരിമല വിഷയം എടുത്ത നിലപാട് തെറ്റായി പോയെന്ന തോന്നലുകളൊന്നും ഇല്ലെന്നും കോടിയേരി പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമമാണ് നടന്നത്. അന്ന് ആദ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ആര്‍.എസ്.എസുമെല്ലാം ഈ ഉത്തരവിനെ സ്വാഗതംചെയ്തു. ഇപ്പോഴും ശബരിമലയില്‍ പ്രശ്‌നങ്ങളില്ലാത്തത് സര്‍ക്കാരിന്റെ ശരിയായ സമീപനം കാരണമാണ്. സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ വിധി വന്നാലും എല്ലാവരുമായും ചര്‍ച്ചചെയ്ത് അഭിപ്രായ സമന്വയത്തിലൂടെ പരിഹാരം കാണുമെന്നതാണ് തങ്ങളുടെ നിലപാടെന്നും കോടിയേരി പറഞ്ഞു.
ഇത്തവണ താന്‍ മത്സരത്തിനില്ലെന്നും വ്യക്തിപരമായ തീരുമാനമാണെന്നും കോടിയേരി വ്യക്തമാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമയുള്ള ചര്‍ച്ചകള്‍ തുടര്‍ന്ന് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: CPIM leader Kodiyeri Balakrishnan interview explains defeat of congress is not their aim