കോഴിക്കോട്: ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തുക എന്നത് മുസ്‌ലിം ലീഗുകാര്‍ക്ക് സാമുദായികമായ വോട്ടു ബാങ്കുകള്‍ സൃഷ്ടിച്ച് തെരഞ്ഞടുപ്പില്‍ ജയിക്കുക എന്നത് മാത്രമാണെന്നും അതില്‍ നിന്നൊക്കെ ഒരു പാട് ഉയരത്തിലാണ് ഇടതുപക്ഷ രാഷ്ട്രീയവും ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടുകളുമെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.ടി കുഞ്ഞിക്കണ്ണന്‍.
ഭൂരിപക്ഷ മതവിശ്വാസികളും ന്യൂനപക്ഷ മതവിഭാഗങ്ങളും യാതൊരുവിധ വിവേചനങ്ങള്‍ക്കും വിധേയരാവാതെ സ്വതന്ത്രരും തുല്യരുമായി ജീവിക്കാന്‍ കഴിയുന്ന ഇന്ത്യക്ക് വേണ്ടിയാണ് ഇടതുപക്ഷ മതനിരപേക്ഷ ശക്തികള്‍ നില കൊള്ളുന്നതെന്ന കാര്യം കെ.പി.എ മജീദ് സാഹിബിനെ പോലുള്ളവര്‍ മനസ്സിലാക്കേണ്ടതാണന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കിലെഴുതി.
സി.എ.എക്കെതിരായ സമരം ഇന്ത്യയെ മതരാഷ്ട്രമാക്കുന്ന മതാധിഷ്ഠിതമായ പൗരത്വ നിയമനിര്‍മ്മിതിക്കെതിരായ സമരമായിരുന്നു. ഹിന്ദുത്വ രാഷ്ടീയ ശക്തികള്‍ക്കെതിരായി തുടരുന്ന സമരം.
മതം, ജാതി, ഭാഷ, ലിംഗം എന്നിവയുടെ പേരില്‍ വിവേചനങ്ങള്‍ പാടില്ലെന്നതാണ് സി.എ.എവിരുദ്ധ സമരം ഉയര്‍ത്തിയ ജനാധിപത്യ രാഷ്ട്രിയം. മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കാനുള്ള സമരം.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനത്തിനെതിരെ എന്നും ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതാണ് എന്നും ഇടത്പക്ഷ രാഷ്ട്രീയവും അതിന്റെ ചരിത്രവും. അത് മജീദ് സാഹിബിനറിയില്ലെങ്കില്‍ ചരിത്രബോധമുള്ള മലപ്പുറത്തെ ലീഗ് നേതാക്കളോടും രാഷ്ടീയപ്രവര്‍ത്തകരോടും അദ്ദേഹം ചോദിച്ചു മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷവും മദ്രാസ് ഭരണം കയ്യാളിയിരുന്ന കോഴിപ്പുറത്ത് മാധവമേനോനെ പോലെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ബ്രിട്ടിഷുകാരുണ്ടാക്കി വെച്ച എല്ലാ നിയമങ്ങങ്ങളും നിലനിര്‍ത്തുകയും പ്രയോഗിക്കുകയുമായിരുന്നല്ലോ.
1957 ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വന്നതിനു ശേഷമാണല്ലോ മുസ്‌ലിങ്ങള്‍ക്ക് പള്ളി പണിയാനുള്ള പ്രത്യേക നിയന്ത്രണ അനുമതി നിയമങ്ങള്‍ എടുത്തു കളഞ്ഞത്. മലബാര്‍ പൊലീസില്‍ മുസ്‌ലിങ്ങള്‍ക്കുള്ള ഉദ്യോഗ നിയന്ത്രണമെടുത്തുകളഞ്ഞതുള്‍പ്പെടെയുള്ള ധീരമായ നടപടികളുണ്ടായത്.
അന്നും മുസ്‌ലിം ലീഗ് സി.ഐ.എ പണം വാങ്ങി കോണ്‍ഗ്രസ് നടത്തിയ വിമോചന സമരത്തോടൊപ്പം നിന്ന് ഇ.എം.എസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നല്ലോ.
മലപ്പുറം ജില്ല രൂപീകരണം കുട്ടി പാക്കിസ്ഥാന്‍ സൃഷ്ടിക്കലാണെന്ന് ആക്ഷേപിച്ച് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ നോക്കിയ കോണ്‍ഗ്രസിന്റെ ഹിന്ദുത്വ പ്രചരണങ്ങളെ നേരിട്ടു കൊണ്ടാണല്ലോ ഇ.എം.എസ് സര്‍ക്കാര്‍ മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമാക്കിയത്.
സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശമനുസരിച്ച് പാലോളി കമ്മിറ്റി ശുപാശകള്‍ വഴി മുസ്‌ലിം പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ മുസ്‌ലിം സമുദായത്തിന്റെ സാമുഹ്യവും വിദ്യാഭ്യാസപരവുമായ ശാക്തീകരണത്തിന് നടപടി സ്വീകരിച്ചത് വി.എസ് സര്‍ക്കാറായിരുന്നു.
മദ്രസാധ്യാപകര്‍ക്ക് പെന്‍ഷനേര്‍പ്പെടുത്തിയതും അതിനായി ക്ഷേമനിധി രൂപീകരിച്ചതും ഇടതുപക്ഷ സര്‍ക്കാറായിരുന്നല്ലോ. അതിനോടൊക്കെ ലീഗ് എടുത്ത നിഷേധാത്മക സമീപനം ആരും മറന്നു പോയിട്ടില്ല.
സച്ചാറും ബംഗാളും പറഞ്ഞു നടക്കുന്ന മജീദ് സാഹിബ് കേരള മുസ്‌ലിങ്ങളുടെ ജീവിതാനുഭവങ്ങള്‍ക്ക് നേരെയാണ് ഇത്തരം അബദ്ധ പ്രസ്താവനകളിലൂടെ കൊഞ്ഞനം കുത്തുന്നത്.
ബാബറി മസ്ജിദ് തകര്‍ക്കാന്‍ സംഘികള്‍ക്ക് സര്‍വ്വമാന ഒത്താശയും ചെയ്തു കൊടുത്ത രാജീവ് ഗാന്ധി തൊട്ടുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഭാഗമായിരുന്ന ലീഗ് നേതാക്കള്‍ മലര്‍ന്നു കിടന്നു മേലോട്ട് തുപ്പരുതെന്നേ പറയാനുള്ളൂ. പള്ളി തകര്‍ത്തിടത്ത് രാമക്ഷേത്രം പണിയാന്‍ ബി.ജെ. പിക്കാരോട് മത്സരിക്കുന്ന കോണ്‍ഗ്രസുകാരോട് ചേര്‍ന്ന് ന്യൂനപക്ഷ സംരക്ഷണം പറയുന്നവര്‍ സ്വയം പരിഹാസ്യരാവുകയാണ്.
കെ.പി.എ മജീദ് സാഹിബ് ചരിത്രവിരുദ്ധമായ പ്രസ്താവനകള്‍ നടത്തി ആരെയാണ് കബളിപ്പിക്കാന്‍ നോക്കുന്നത്? മതന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയുടേതായ വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗ് എന്ത് നിലപാടാണ് സ്വീകരിച്ചുപോരുന്നതെന്നും കെ.ടി ചോദിച്ചു.
ഫാസിസത്തിനെതിരെ യുദ്ധം ചെയ്യാന്‍ ദല്‍ഹിക്ക് പോയ പുലിക്കുട്ടികള്‍ ഇപ്പോള്‍ എവിടെയാണ്? മോദി അമിത് ഷാ സര്‍ക്കാറിനോട് അവര്‍ സ്വീകരിച്ച നിലപാടെന്തായിരുന്നു? മുത്തലാഖ് നിയയമം, എന്‍.ഐ.എ – യു.എ.പി.എ നിയമ ഭേദഗതി, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യാനായി 370-ാം വകുപ്പ് ഭേദഗതി, പൗരത്വനിയമ ഭേദഗതി തുടങ്ങിയ അങ്ങേയറ്റം വിവേചനപരവും ന്യൂനപക്ഷങ്ങളെ
ലക്ഷ്യം വെച്ചുള്ളതുമായ മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് നിയമ നിയമനിര്‍മ്മാണങ്ങളോട് എന്തു നിലപാടാണ് പാര്‍ലിമെന്റിനകത്തും പുറത്തും കോണ്‍ഗ്രസും മുസ്‌ലീം ലീഗും സ്വീകരിച്ചത്.
മറ്റൊരു മതവിഭാഗത്തിന്റെയും വിവാഹമോചന നിയമങ്ങളില്ലാത്ത ക്രിമിനല്‍ വ്യവസ്ഥ, മുസ്‌ലിം മത വിഭാഗത്തില്‍ പെട്ടവരുടെ വിവാഹ മോചന നിയമത്തില്‍ കൊണ്ടുവന്നതാണല്ലോ മുത്തലാഖ് നിയമം. കോണ്‍ഗ്രസുകാര്‍ പാര്‍ലിമെന്റില്‍ ആ നിയമത്തെ എതിര്‍ത്തോ. അവര്‍ മുസ്‌ലിം വിരുദ്ധമായ നിയമനിര്‍മാണ പ്രക്രിയയെ ബി.ജെ.പിക്കാരോടൊപ്പം ചേര്‍ന്നു അനുകൂലിച്ചോ. ഫാസിസത്തിനെതിരെ യുദ്ധം ചെയ്യാനായി ദല്‍ഹിക്ക് പോയ സാക്ഷാല്‍ കുഞ്ഞാലിക്കുട്ടി സാഹിബ് വോട്ടെടുപ്പ് സമയത്ത് എവിടെയായിരുന്നു.പാര്‍ലിമെന്റിലുണ്ടായിരുന്നോ?
സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ എവിടെയും എന്‍.ഐ.എക്ക് കടന്നു കയറാന്‍ അനുമതി നല്‍കുന്ന തരത്തില്‍, എന്‍.ഐ.എ യു.എ.പി.എ ഭേദഗതി വന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ കൂടി ചേര്‍ന്നല്ലേ അതു പാസ്സാക്കിയെടുത്തത്.
ബി.ജെ.പി സര്‍ക്കാരിനോടും അവര്‍ അടിച്ചേല്‍പ്പിച്ച സി.എ.എ അടക്കമുള്ള നിയമനിര്‍മാണങ്ങളോടും മൃദുസമീപനം സ്വീകരിച്ചവരുടെ വിടുവായത്തങ്ങളല്ലാതെ മറ്റൊന്നും ഇപ്പോള്‍ യു.ഡി.എഫുകാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. തെരഞ്ഞെടുപ്പല്ലേ’, കെ.ടി കുഞ്ഞിക്കണ്ണന്‍ ചോദിച്ചു.
ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞത്.
33 വര്‍ഷം സി.പി.ഐ.എം ഭരിച്ച പശ്ചിമ ബംഗാളില്‍ പട്ടിക ജാതിക്കാരെക്കാള്‍ പിന്നിലാണ് മുസ്‌ലിംങ്ങളെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള കാര്യമോര്‍ക്കണമെന്നായിരുന്നു കെ.പി.എ മജീദ് പറഞ്ഞത്.
ന്യൂനപക്ഷ സംരക്ഷണമെന്നത് സ്വയംസംഘടിച്ച് വര്‍ഗീയ ശക്തികളെ നേരിട്ട് നടപ്പാക്കാവുന്ന ഒന്നല്ലെന്നും അത് ഇടതുപക്ഷ ജനാധിപത്യ ശക്തികളോടൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് നടപ്പാക്കേണ്ട കാര്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കായിരുന്നു കെ.പി.എ മജീദിന്റെ ഈ മറുപടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത മുഖ്യമന്ത്രി, നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥയാണുള്ളതെന്നും സമരം ചെയ്ത പണ്ഡിതന്മാര്‍ക്കെതിരെ പോലും കേസ്സെടുത്തുവെന്നും മജീദ് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക