ചാക്ക് രാധാകൃഷ്ണന്‍ കുറ്റവാളിയല്ലെന്ന് ഇ.പി ജയരാജന്‍: പരസ്യം തെറ്റെന്ന് പ്ലീനം
Kerala
ചാക്ക് രാധാകൃഷ്ണന്‍ കുറ്റവാളിയല്ലെന്ന് ഇ.പി ജയരാജന്‍: പരസ്യം തെറ്റെന്ന് പ്ലീനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2013, 9:53 pm

[]പാലക്കാട്:  വിവാദ വ്യവസായി ചാക്ക്  രാധാകൃഷ്ണന്‍ കുറ്റവാളിയല്ലെന്നും കുറ്റാരോപിതന്‍ മാത്രമാണെന്നും സി.പി.ഐ.എം കേന്ദ്ര കമ്മറ്റിയംഗവും ദേശാഭിമാനി ജനറല്‍ മാനേജരുമായ ഇ.പി ജയരാജന്‍. അതേ സമയം പരസ്യം നല്‍കിയത് തെറ്റായിപ്പോയെന്ന് പ്ലീനം സമ്മതിക്കുകയും ചെയ്തു.

സി.പി.ഐ.എം പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച്് കൊണ്ട് ദേശാഭിമാനിയില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട ചാക്ക രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ പരസ്യം വിവാദമായ സാഹചര്യത്തെ കുറിച്ച് ആരാഞ്ഞപ്പോഴാണ് ജയരാജന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. വിവിധ  ചാനലുകളുടെ ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

ദേശാഭിമാനിക്ക് പരസ്യം കേരളത്തിലെ മാധ്യമങ്ങളും മറ്റുള്ളവരും കണ്ടെത്തേണ്ടെന്നും ജയരാജന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ താല്‍പര്യങ്ങള്‍ക്കൊത്ത് കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ടാറ്റയോ ബിര്‍ളയോ സോഷ്യലിസ്റ്റാണോ എന്ന് നോക്കിയല്ല അവരുടെ പരസ്യം നല്‍കുന്നതെന്നും ജയരാജന്‍ നേരത്തേ പ്രതികരിച്ചിരുന്നു.

പ്ലീനത്തിന്റെ കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ക്ക് മനസിലായിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്കില്ലെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ചോദ്യം ചോദിച്ച ചാനല്‍ പ്രവര്‍ത്തകനു നേരെ കയര്‍ത്തതും വിവാദമായിരുന്നു.

വ്യക്തിയെ നോക്കിയല്ല പരസ്യം സ്വീകരിക്കുന്നതെന്നും രാഷ്ട്രീയക്കാരെ പോലെ വ്യവസായികള്‍ക്കും ക്രിമിനല്‍ പ്രതികളാകാമെന്നും ജയരാജന്‍ പറഞ്ഞു.

വിവാദ വ്യവസായിയും മലബാര്‍ സിമന്റ്്‌സിലെ ശശീന്ദ്രന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നേരിടുന്ന വ്യക്തിയാണ് വി.എം രാധാകൃഷ്ണന്‍ എന്ന ചാക്ക് രാധാകൃഷ്ണന്‍.
മലബാര്‍ സിമന്റ്‌സില്‍ നടന്ന അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ചാക്ക് രാധാകൃഷ്ണനെ മുഴുവന്‍ കരാറില്‍ നിന്നും ഇതിന് മുമ്പ് ഒഴിവാക്കിയിരുന്നു.

അതേ സമയം പരസ്യം നല്‍കിയത് ശരിയായില്ലെന്ന് സി.പി.ഐ.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. പ്ലീനം നടക്കുന്ന ദിവസം പരസ്യം പ്രസിദ്ധീകരിക്കുന്നതില്‍ ദേശാഭിമാനി അല്‍പം കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. പരസ്യം ഏറ്റവും ചുരുങ്ങിയത്  പാലക്കാട് ജില്ലയിലെങ്കിലും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി. പരസ്യം നല്‍കിയത് ശരിയായില്ലെന്ന് പാര്‍ട്ടി വിലയിരുത്തി. ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.