കോട്ടയം: സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ വി.ആര്‍ ഭാസ്‌ക്കരന്‍ (91) അന്തരിച്ചു. സി.ഐ.ടി.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് ചങ്ങനാശേരിയില്‍ നടക്കും. ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒന്‍പതു മുതല്‍ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് എസ്.ബി കോളേജിന് സമീപം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.
Read: കനത്ത മഴയില്‍ വയനാട് ഒറ്റപ്പെട്ടു: കലക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
തുടര്‍ന്ന് മൃതദേഹം ശനിയാഴ്ച്ച രാവിലെ 11ന് സി.പി.ഐ.എം ചങ്ങനാശേരി ഏരിയാ കമ്മറ്റി ഓഫീസ് വളപ്പില്‍ സംസ്‌കരിക്കും. 1926 ഒക്ടോബറിലാണ് വി.ആര്‍ ഭാസ്‌ക്കരന്‍ ജനിക്കുന്നത്. ജീവിച്ചിരിക്കുന്നതില്‍ വി.എസ് കഴിഞ്ഞാല്‍ സി.പി.ഐ.എമ്മിന്റെ തലമുതിര്‍ന്ന നേതാവായിരുന്നു വി.ആര്‍.ബി എന്നറിയപ്പെട്ടിരുന്ന വി.ആര്‍ ഭാസ്‌കരന്‍.
1996 ല്‍ സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2015 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ദീര്‍ഘകാലം എല്‍.ഡി.എഫ് കോട്ടയം ജില്ലാ കണ്‍വീനറായിരുന്നു. ചങ്ങനാശ്ശേരിയില്‍ ചെത്തുതൊഴിലാളി യൂണിയന്റെ സ്ഥാപക നേതാവായിരുന്നു. 1986ല്‍ കേരള നിയമസഭയിലേക്ക് ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു.