കോഴിക്കോട്: ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ പോകാന്‍ പാടില്ലായെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ അതിനോട് ഒരു ശതമാനം പോലും യോജിക്കുന്നില്ലെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ സി.എസ് സുജാത. ശബരിമലയില്‍ എല്ലാവര്‍ക്കും പോകാന്‍ അവകാശമുണ്ടെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു.
സി.എസ് സുജാതയുടെ വാക്കുകള്‍
“”ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ പോകാന്‍ പാടില്ലായെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ അതിനോട് ഒരു ശതമാനം പോലും യോജിക്കുന്നില്ല. ശബരിമലയെ പോലെ ഇന്ത്യയില്‍ മറ്റൊരു ക്ഷേത്രമില്ല. അവിടെ എല്ലാവര്‍ക്കും പോകാന്‍ അവകാശമുണ്ട്. ജീവിതത്തിലെ എല്ലാ തുറകളിലുമുള്ള ആളുകള്‍ അവിടെ പോകുന്നുണ്ട്. അത് കൊണ്ട് ആക്ടിവിസ്റ്റുകള്‍ പോകാന്‍ പാടില്ലായെന്ന വാദത്തോടൊന്നും യോജിക്കാന്‍ കഴിയില്ല. ശബരിമലയില്‍ ബോധപൂര്‍വ്വമായി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ട് എങ്കില്‍ അത് വേറെ പരിശോധിക്കപ്പെടേണം.””
ശബരിമല ആക്ടിവിസ്റ്റുകള്‍ക്ക് കയറാനുള്ള സ്ഥലമല്ലെന്ന് ആദ്യം പറഞ്ഞിരുന്നത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു. രഹ്ന ഫാത്തിമ ശബരിമലയിലെത്തിയപ്പോഴായിരുന്നു കടകംപള്ളിയുടെ പ്രതികരണം. സംഘര്‍ഷമൊഴിവാക്കാന്‍ യുവതികളെ തടയേണ്ടി വരുമെന്ന് ഇന്നും അദ്ദേഹം ആവര്‍ത്തിച്ച് ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി.
ശബരിമലയിലേക്ക് എത്തിയ യുവതികള്‍ ഭക്തകളാണന്ന അഭിപ്രായം തനിക്കില്ലെന്ന് ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാറും ഇന്ന് പറഞ്ഞിരുന്നു. അവരുടെ ശരീര ഭാഷയില്‍ നിന്ന് ഭക്തരാണെന്ന സൂചന ലഭിക്കുന്നില്ലെന്നായിരുന്നു ദേവസ്വം പ്രസിഡന്റിന്റെ പ്രതികരണം.
“വളരെ പ്രധാനപ്പെട്ട ഈ സമയത്ത് ശബരിമലയിലേക്ക് എത്തിയ യുവതികള്‍ ഭക്തകളാണെന്ന അഭിപ്രായം തനിക്കില്ല. അവരുടെ ബോഡി ലാങ്‌ഗ്വേജില്‍ നിന്ന് ഭക്തരാണെന്ന സൂചന ലഭിക്കുന്നില്ല.”
ശബരിമലയിലെത്തിയ യുവതികള്‍ ആക്റ്റിവിസ്റ്റുകളാണ്. നഷ്ടപ്പെട്ട് പോയ പ്രതാപം വീണ്ടെടുക്കാനുളള ചിലരുടെ ശ്രമമാണ് ഇതിന് പിന്നില്‍. ആക്റ്റിവിസ്റ്റുകളെ ഏത് കേന്ദ്രത്തില്‍ നിന്നാണ് പറഞ്ഞുവിടുന്നതെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും എ. പദ്മകുമാര്‍ പറഞ്ഞിരുന്നു.