റാഞ്ചി: വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ കേന്ദ്രം നടത്തുന്ന പ്രതികാര നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട് (Brinda Karat).
ഇ.ഡിയെയും (Enforcement Directorate), സി.ബി.ഐയെയും ആദായനികുതി വകുപ്പിനെയും (Income tax department) വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ക്കെതിരായ ത്രിശൂലമായാണ് (Trishul or trident) കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നാണ് ബൃന്ദ കാരാട്ട് പറഞ്ഞത്. സി.പി.ഐ.എമ്മിന്റെ ആസ്ഥാനത്ത് വെച്ച് ശനിയാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്തിന്റെ ഭരണഘടനാ സംവിധാനത്തെ കേന്ദ്ര സര്‍ക്കാര്‍ ആക്രമിക്കുകയാണെന്നും ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ക്കെതിരെ ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പുകളെ ത്രിശൂലമായി ഉപയോഗിക്കുകയാണെന്നുമാണ് ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടുന്നത്.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടി നേതാവുമായ ഹേമന്ത് സോറനെ (Hemant Soren) ഇ.ഡി ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഇവരുടെ പ്രതികരണം.
”പ്രതിപക്ഷത്തുള്ളവര്‍ ബി.ജെ.പിക്ക് മുന്നില്‍ തലകുനിക്കുന്നത് വരെ കേന്ദ്ര സര്‍ക്കാര്‍ ഈ ത്രിശൂലം ഉപയോഗിക്കും. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നേരിടുന്നത് ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല. മറിച്ച് ജനാധിപത്യ രാജ്യത്ത് ഭരണഘടനാപരമായ പ്രതിപക്ഷ സ്ഥാനത്തിന് നേരെയുള്ള ആക്രമണമാണത്,” ബൃന്ദ കാരാട്ട് പറഞ്ഞു.
അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിന്മേലുള്ള അന്വേഷണത്തിന്റെ ഭാഗമായായിരുന്നു വ്യാഴാഴ്ച ഇ.ഡി ഹേമന്ത് സോറനെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിനെ അപലപിക്കുന്നതായും ബൃന്ദ കാരാട്ട് പറഞ്ഞു.
”രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചുനിന്ന് ഇന്ത്യയുടെ ഭരണഘടനയും ഫെഡറലിസവും സംരക്ഷിക്കാന്‍ വേണ്ടി ജനങ്ങളിലേക്ക് ഇറങ്ങണം,” അവര്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ഇതര സര്‍ക്കാരുകളെ അട്ടിമറിക്കാനും അസ്ഥിരപ്പെടുത്താനുമുള്ള കേന്ദ്ര സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമായി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികള്‍ മാറിയെന്നും അവര്‍ പ്രതികരിച്ചു. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സി.പി.ഐ.എം നേതാവ് വിഷയത്തില്‍ പ്രതികരിച്ചത്.
Content Highlight: CPIM leader Brinda Karat says Central gov is using ED, CBI and IT as ‘Trishul’ against non-BJP govt