മുസ്‌ലിങ്ങളുടെ വീടുപൊളിക്കുന്ന ബുള്‍ഡോസറുകള്‍ നേരിട്ട് തടഞ്ഞ് ബൃന്ദ കാരാട്ട്; കണ്ണടച്ച് കെജ്‌രിവാളും കോണ്‍ഗ്രസും
national news
മുസ്‌ലിങ്ങളുടെ വീടുപൊളിക്കുന്ന ബുള്‍ഡോസറുകള്‍ നേരിട്ട് തടഞ്ഞ് ബൃന്ദ കാരാട്ട്; കണ്ണടച്ച് കെജ്‌രിവാളും കോണ്‍ഗ്രസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2022, 1:51 pm

ന്യൂദല്‍ഹി: അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കുകയാണ്. ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തിയിരിക്കുന്നത്. മുസ്‌ലിങ്ങളുടെ വീട് ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടക്കുന്നത്.

എന്നാല്‍, ഇതിനെതിരെ ആം ആദ്മി രംഗത്തുവരാത്തത് ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയരുന്നുണ്ട്. ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്താന്‍ ആം ആദ്മി തയ്യാറായിട്ടില്ല. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളോ സ്ഥലം എം.എല്‍.എയും മന്ത്രിസഭയിലെ അംഗവുമായ സഞ്ജയ് ഝായോ ഇതുവരെ സംഭവ സ്ഥലത്ത് വന്നിട്ടില്ല. കോണ്‍ഗ്രസും സംഭവസ്ഥലത്ത് എത്തിയിട്ടില്ല.

അതേസമയം സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് സംഭവ സ്ഥലത്ത് എത്തുകയും കെട്ടിടം പൊളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ ബൃന്ദ കാരാട്ട് തടയുകയും ചെയ്തു.

ഹനുമാന്‍ ജയന്തി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന ജഹാംഗീര്‍പുരിയിലെ പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങളാണ് ബുള്‍ഡോസര്‍ തകര്‍ത്തത്.

‘കലാപകാരി’കളുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ആദേഷ് ഗുപ്ത എന്‍.ഡി.എം.സി മേയര്‍ക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുകളുമായി കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്.
കോടതി ഉത്തരവ് കിട്ടിയില്ലെന്ന് പറഞ്ഞാണ് നടപടി തുടരുന്നത്.നോട്ടീസ് പോലും നല്‍കാതെയാണ് തങ്ങളുടെ കടകളും താമസകേന്ദ്രങ്ങളും പൊളിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.

 

Content Highlights: CPIM leader Brinda Karat  at Jahangirpuri