| Thursday, 25th February 2021, 4:30 pm

35 സീറ്റ് കിട്ടിയാല്‍ അധികാരത്തിലെത്തുമെന്ന പ്രസ്താവന കോണ്‍ഗ്രസിനെ വിലയ്ക്ക് വാങ്ങാമെന്ന പ്രതീക്ഷയില്‍, ബി.ജെ.പി ലീഗിനെ ക്ഷണിക്കുന്നത് നീക്കുപോക്കുള്ളതിനാല്‍: എ വിജയരാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ 35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പിക്ക് അധികാരത്തില്‍ വരാന്‍ കഴിയുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രസ്താവന കോണ്‍ഗ്രസിനെ വിലയ്ക്ക് വാങ്ങാമെന്ന പ്രതീക്ഷയിലാണെന്ന് സി.പി.ഐ.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍.

സംസ്ഥാനത്ത് യു.ഡി.എഫ് – ബി.ജെ.പി നീക്കുപോക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ബി.ജെ.പി നീക്കുപോക്ക് ഉണ്ടാവുമെന്നതിന്റെ സൂചനയാണ് മുസ്‌ലിം ലീഗിനെ പരസ്യമായി ക്ഷണിക്കുന്ന സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ലീഗിനെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. മുഖ്യശത്രു ബി.ജെ.പി അല്ല സി.പി.ഐ.എം ആണെന്നാണ് ലീഗ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് ബി.ജെ.പി നീക്കുപോക്ക് ഉണ്ടാവുമെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. 35 -40 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കാന്‍ ബി.ജെ.പിക്ക് കേരളം ഭരിക്കാന്‍ സാധിക്കുമെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രസ്താവന. ബിജെപിക്ക് കേരളം ഭരിക്കാന്‍ കേവല ഭൂരിപക്ഷം വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുസ്‌ലിം ലീഗിനെ ശോഭാ സുരേന്ദ്രന്‍ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്തത്. ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞത്.

മുസ്ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ മുസ്ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എ യോടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: CPIM Leader A Vijayaraghavan against bjp leader k surendran comment and muslim league

We use cookies to give you the best possible experience. Learn more