സി.പി.ഐ.എം മമ്പാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭൂസമരത്തിന്റെ ഭാഗമായി നിലമ്പൂര്‍ താലൂക്കിലെ മമ്പാട് പഞ്ചായത്തിലെ കുറത്തിയാര്‍പൊയിലില്‍ അമ്പതോളം കുടുംബങ്ങള്‍ താത്കാലിക കുടില്‍ കെട്ടി താമസം തുടങ്ങി.
മലപ്പുറം: സി.പി.ഐ.എം മമ്പാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭൂസമരത്തിന്റെ ഭാഗമായി നിലമ്പൂര്‍ താലൂക്കിലെ മമ്പാട് പഞ്ചായത്തിലെ കുറത്തിയാര്‍പൊയിലില്‍ അമ്പതോളം കുടുംബങ്ങള്‍ താത്കാലിക കുടില്‍ കെട്ടി താമസം തുടങ്ങി.
ശനിയാഴ്ച ഇവിടെ സി.പി.എം ഭാരവാഹികള്‍ക്കൊപ്പം 300 ഓളം വരുന്നസംഘം പ്രകടനമായെത്തി കൊടിനാട്ടിയിരുന്നു. കെ.എസ്.കെ.ടി.യു സംസ്ഥാന സമിതിയംഗം എന്‍. കണ്ണന്‍ കൊടിനാട്ടലിന് നേതൃത്വം നല്‍കിയിരുന്നത്. തുടര്‍ന്ന് സ്ഥലത്തെ കാട് വെട്ടിതെളിച്ച പ്രവര്‍ത്തകര്‍ കുടില്‍കെട്ടുന്നതിനുള്ള സൗകര്യമൊരുക്കുകയായിരുന്നു.
ആറേക്കറോളം വരുന്ന സ്ഥലത്ത് തുടക്കത്തില്‍ 82 കുടുംബങ്ങളെ താമസിപ്പിക്കാനുള്ള നടപടികളാണ് കൈക്കൊണ്ടത്. സ്ഥലത്ത് താമസമാക്കിയവര്‍ക്ക് തിങ്കളാഴ്ച ഇവിടെ സ്ഥലം അളന്ന് കുടുംബങ്ങള്‍ക്ക് അതിര്‍ത്തി നിര്‍ണയിച്ച് നല്‍കുമെന്ന് നേതൃത്വം പറയുന്നു. തുടര്‍ന്ന് കൂടുതല്‍ കുടുംബങ്ങള്‍ അവകാശം സ്ഥാപിക്കും. ഇവര്‍ക്ക് പട്ടയം ഉള്‍പ്പെടെയുള്ള രേഖകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരാനാണ് തീരുമാനം.
കുറത്തിയാര്‍ പൊയിലില്‍ നിലവില്‍ മിച്ചഭൂമിയായോ മറ്റോ സര്‍ക്കാര്‍ കൈവശം ഭൂമിയില്ലെന്ന് റവന്യൂ വകുപ്പ്പറയുന്നു. സമരംനടക്കുന്ന സ്ഥലത്തിന് അവകാശവാദംഉന്നയിച്ച് സ്വകാര്യവ്യക്തി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഭൂമിയുടെ രേഖകള്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഒരു രേഖയും ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല. രേഖകളില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്‌ളെന്ന് പറഞ്ഞ് പരാതിക്കാരനെ മടക്കിയയച്ചു. കാട്ടുപൊയില്‍ വാര്‍ഡില്‍ ബ്‌ളോക് നമ്പര്‍ 83ലെ 362(4) സര്‍വേ നമ്പറില്‍പ്പെട്ടതാണ് ഭൂമി.
ഭൂമി പിടിച്ചെടുക്കല്‍ സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് പ്രവര്‍ത്തകരോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും സമരത്തില്‍ പ്രവര്‍ത്തകര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.