സി.പി.ഐ.എമ്മിന്റെ ഭൂസമരവും വൈരുധ്യങ്ങളും
Discourse
സി.പി.ഐ.എമ്മിന്റെ ഭൂസമരവും വൈരുധ്യങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th January 2013, 6:33 pm

പി.കെ.വി മന്ത്രിസഭയ്ക്ക് ശേഷം കേരളത്തില്‍ 29 ദിവസം മാത്രം നിലനിന്ന സി.എച്ച് മുഹമ്മദ് കോയ സര്‍ക്കാര്‍ ഉണ്ടായിരുന്നു. ഏതാണ്ട് എല്ലാ വലതുപക്ഷ കക്ഷികളും അതിനെ പിന്താങ്ങിയിരുന്നു. ആ ഹ്രസ്വകാല സര്‍ക്കാരാണ് മിച്ചഭൂമി ഒട്ടുംതന്നെ ഇല്ലാതാക്കുന്ന കുപ്രസിദ്ധമായ ഇഷ്ടദാന നിയമം പാസാക്കിയത്.ഹരീഷ് വാസുദേവന്‍ എഴുതുന്നു..

 


എസ്സേയ്‌സ് / ഹരീഷ് വാസുദേവന്‍

കേരള സമൂഹത്തിലെ അസമത്വം കുറയ്ക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് 1957 ലെയും 1970 ലെയും ഭൂപരിഷ്‌കരണ നിയമം വഹിച്ചത്. ഇതിന് ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമാണ് നേതൃത്വം നല്‍കിയത്. ഇന്ത്യയില്‍ എവിടെയും വലതുപക്ഷ സര്‍ക്കാരുകള്‍ ഇത്തരമൊരു ഭൂപരിഷ്‌കരണം നടപ്പാക്കിയതായി ചരിത്രമില്ല.

ഇടതുപാര്‍ട്ടികള്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമത്തില്‍ തക്കം കിട്ടുമ്പോഴൊക്കെ വലതുപാര്‍ട്ടികള്‍ വെള്ളം ചേര്‍ത്തിട്ടുണ്ട് എന്നതും വസ്തുതയാണ്. അവര്‍ക്കാകട്ടെ, ഭൂപരിഷ്‌കരണം കൊണ്ടുവന്ന് ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുക എന്നൊരു  അജണ്ട അവരുടെ രാഷ്ട്രീയത്തിലോ പ്രഖ്യാപനങ്ങളില്‍ പോലുമോ ഇല്ല എന്നതിനാല്‍ അതില്‍ പുതുമയുമില്ല.[]

ഒരു വലിയ ഇടവേളയ്ക്ക് ശേഷം, ഭൂമിയെയും അതിന്റെ വിതരണ വിനിയോഗ അസമത്വത്തെയും കേന്ദ്രബിന്ദുവാക്കി സി.പി.ഐ.എം ഭൂസമരം തുടങ്ങിയിരിക്കുകയാണ്. തങ്ങള്‍ പ്രഖ്യാപിച്ചതും കൊണ്ടുവന്നതുമായ നിയമങ്ങള്‍  കാത്തുസൂക്ഷിക്കാനും നടപ്പാക്കാനും ഇടതുപാര്‍ട്ടികള്‍ എത്രമാത്രം ശ്രമിച്ചു എന്നത് പരിശോധിക്കാതെ ഈ ഭൂസമരത്തെ വിലയിരുത്താന്‍ ആകില്ല.

1957 ല്‍ ഉണ്ടായിരുന്ന മിച്ചഭൂമി 720000 ഏക്കറാണ് എന്നാണ് സി.പി.ഐ.എം പറയുന്നത്. ഇതിനെന്ത് സംഭവിച്ചു എന്ന് പരിശോധിക്കുക. 1959 ല്‍ വിമോചന സമരവും തുടര്‍ന്ന് അധികാരത്തില്‍ വന്ന വലതുപക്ഷ സര്‍ക്കാരും ഈ മിച്ചഭൂമി മിച്ചഭൂമിയല്ലാതാക്കാന്‍ ചില നിയമ നിര്‍മ്മാണങ്ങള്‍ നടത്തി. 1967 ല്‍ അധികാരത്തിലെത്തിയ ഇ.എം.എസ് സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ വലതുപക്ഷ നിയമനിര്‍മ്മാണങ്ങളെ തിരുത്താന്‍ എന്തു നടപടി സ്വീകരിച്ചു? ഒന്നും ചെയ്തില്ല.

ഇതിന്റെ ഫലമായി മിച്ചഭൂമി 3 ലക്ഷം ഏക്കര്‍ മാത്രമായി കുറഞ്ഞു. ഇതില്‍, കഴിഞ്ഞ 42 വര്‍ഷമായി ഏറ്റെടുത്തത് 91000 ഏക്കര്‍ മാത്രം !!  ഏറ്റെടുത്ത ഭൂമിയില്‍ സിംഹഭാഗവും കൃഷിയോഗ്യമോ വാസയോഗ്യമോ അല്ലായിരുന്നു എന്നത് വേറെ വിഷയം.

41000 ഏക്കര്‍ മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തു എന്നതാണ് ഇതുവരെയുള്ള കണക്ക്. ഇപ്പോള്‍ സി.പി.ഐ.എം പറയുന്നത്, കേരളത്തില്‍ 41,000 ഏക്കര്‍ മിച്ചഭൂമിയെ ഉള്ളൂവെന്നാണ്. അത് അടിയന്തിരമായി ഏറ്റെടുത്ത് വിതരണം ചെയ്യണം എന്നാണ്. ഒരു സുപ്രഭാതത്തില്‍ ഇതെല്ലാം പോയി ഏറ്റെടുക്കാന്‍ ഒരു സര്‍ക്കാരിനും ആവില്ലെന്ന് സി.പി.ഐ.എമ്മിനും ബോധ്യം ഉള്ളതാണ്.

പൂച്ചയുടെയും പട്ടിയുടെയും വരെ പേരില്‍ ഭൂമി ഇഷ്ടദാനം എഴുതിവെച്ച് ഭൂപരിഷ്‌കരണത്തെ അട്ടിമറിക്കാന്‍ അനുവദിച്ച ഇഷ്ടദാന നിയമത്തെ നാടോട്ടുക്ക് നടന്നു വിമര്‍ശിച്ച ഇടതുപക്ഷം പക്ഷെ, പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ പ്രസ്തുത നിയമം റദ്ദാക്കിയില്ലെന്നല്ല അത്തരമൊരു ശ്രമം പോലും നടത്തിയില്ല എന്നത് അവരുടെ ഇരട്ടത്താപ്പ്  വ്യക്തമാക്കുന്നതാണ്

1972-73 ല്‍ മിച്ചഭൂമിയില്‍ ഭൂരഹിതര്‍ കുടില്‍ കെട്ടി താമസിക്കുന്ന സമരം സഖാവ് എ.കെ.ജി യുടെ നേതൃത്വത്തില്‍ നടന്നതാണ് കേരളത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന സി.പി.ഐ.എം മിച്ചഭൂമി സമരം. കഴിഞ്ഞ 40 വര്‍ഷമായി ഇത്തരമൊരു സമരം പാര്‍ട്ടി നടത്താതിരുന്നത് എന്തുകൊണ്ട്? വീഴ്ച മൂലം നഷ്ടമായത്  അപരിഹാര്യമാണ് എന്നത് മേല്‍ കണക്കുകളില്‍ നിന്നും വ്യക്തമാണല്ലോ.

ഭൂപരിഷ്‌കരണ നിയമത്തിന് ബാക്കിയായി ഭരണത്തില്‍ നിന്നും താഴെയിറക്കപ്പെട്ടതിന് ശേഷം 1979 വരെ സി.പി.ഐ.എം കേരളം ഭരിച്ചില്ല. സി.പി.ഐ നിലപാട് മാറ്റി പി.കെ വി രാജിവെച്ച് ഇന്നത്തെ ഇടതുപക്ഷ മുന്നണി രൂപീകരിച്ചത് 1979 ലാണ്.

പി.കെ.വി മന്ത്രിസഭയ്ക്ക് ശേഷം കേരളത്തില്‍ 29 ദിവസം മാത്രം നിലനിന്ന സി.എച്ച് മുഹമ്മദ് കോയ സര്‍ക്കാര്‍ ഉണ്ടായിരുന്നു. ഏതാണ്ട് എല്ലാ വലതുപക്ഷ കക്ഷികളും അതിനെ പിന്താങ്ങിയിരുന്നു. ആ ഹ്രസ്വകാല സര്‍ക്കാരാണ് മിച്ചഭൂമി ഒട്ടുംതന്നെ ഇല്ലാതാക്കുന്ന കുപ്രസിദ്ധമായ ഇഷ്ടദാന നിയമം പാസാക്കിയത്. ഈ നിയമം അനുസരിച്ച് ഏതൊരു വ്യക്തിക്കും കുടുംബത്തിനും തങ്ങളുടെ കൈവശമുള്ള മിച്ചഭൂമി ഏതു വ്യക്തിയുടെ പേരിലേക്കും ഇഷ്ടദാനമായി കൈമാറ്റം ചെയ്യാമെന്നും ഇത് മുന്‍കാല പ്രാബല്യത്തോടെ ഭൂപരിധി നിയമത്തില്‍ നിന്നും ഒഴിവാകുമെന്നും വന്നു.

പ്രസ്തുത മന്ത്രിസഭയില്‍ നിന്ന് ആന്റണി കോണ്ഗ്രസിനെയും മാണി കേരള കോണ്ഗ്രസിനെയും അടര്‍ത്തി മാറ്റിയാണ് 1980 ലെ നായനാര്‍ മന്ത്രിസഭ അധികാരത്തില്‍ വന്നത്. പൂച്ചയുടെയും പട്ടിയുടെയും വരെ പേരില്‍ ഭൂമി ഇഷ്ടദാനം എഴുതിവെച്ച് ഭൂപരിഷ്‌കരണത്തെ അട്ടിമറിക്കാന്‍ അനുവദിച്ച ഇഷ്ടദാന നിയമത്തെ നാടോട്ടുക്ക് നടന്നു വിമര്‍ശിച്ച ഇടതുപക്ഷം പക്ഷെ, പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ പ്രസ്തുത നിയമം റദ്ദാക്കിയില്ലെന്നല്ല അത്തരമൊരു ശ്രമം പോലും നടത്തിയില്ല എന്നത് അവരുടെ ഇരട്ടത്താപ്പ്  വ്യക്തമാക്കുന്നതാണ്. ദളിത് വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഭൂമിയും നീതിയും നിഷേധിച്ച ഈ തീരുമാനം തിരുത്താന്‍ എന്തുകൊണ്ട് ഒന്നും ചെയ്തില്ലെന്ന് ഇനിയെങ്കിലും സി.പി.ഐ.എം ദളിതരോട് മറുപടി പറയേണ്ടതാണ്. (അത് ചോദിക്കാന്‍ ഭരണകക്ഷിക്ക് യാതൊരു അവകാശവും ഇല്ലെന്നും നാം ഓര്‍ക്കണം)

തോട്ടങ്ങളെ ഉയര്‍ന്ന ഭൂപരിധിയില്‍ നിന്നും ഒഴിവാക്കിയതാണ് ആദ്യം മുതല്‍ വിമര്‍ശന വിധേയമായ മറ്റൊരു തീരുമാനം. അതില്‍ കുറേക്കൂടി വെള്ളം ചേര്‍ത്ത് മുതലാളിമാരെ സഹായിക്കാനാണ് തോട്ടങ്ങളുടെ 5% ഭൂമി ടൂറിസം അടക്കമുള്ള മറ്റാവശ്യങ്ങള്‍ക്ക് വകമാറ്റാനുള്ള തീരുമാനവും കശുമാവിനെ തോട്ട പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനവും 2005 ലെ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. നിയമസഭയില്‍ ഇത് പാസാക്കുകയും ചെയ്തു. ഇടതുവലത് തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്ന ന്യായമാണ് ഭരണകക്ഷി അന്നും ഇന്നും പറയുന്നത്.

CPIM New Faceഅതിനെ അന്ന് ശക്തമായി എതിര്‍ക്കുകയും പിന്നീട് അധികാരത്തില്‍ എത്തിയപ്പോള്‍ മന്ത്രിസഭ കൂടി എതിര്‍ക്കാന്‍ തീരുമാനിച്ചതുമാണ് സി.പി.ഐ.എം അടങ്ങിയ ഇടതുപക്ഷ മുന്നണി. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ തങ്ങളുടെ എതിര്‍പ്പ് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയും രാഷ്ട്രപതി ഇതില്‍ ഒപ്പ് വെയ്ക്കരുത് എന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

എന്നാല്‍ ഇത് നിയമസഭയില്‍ പ്രമേയമായി അവതരിപ്പിച്ച് പാസാക്കി അയയ്ക്കണമെന്നും നിയമം റദ്ദാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സര്‍ക്കാര്‍ അപ്രകാരം ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇടതുപക്ഷ മുന്നണി അധികാരത്തില്‍ നിന്നു താഴെയിറങ്ങും വരെ അപ്രകാരമൊരു പ്രമേയം നിയമസഭയില്‍ പാസാക്കുകയോ അവതരിപ്പിക്കുക പോലുമോ ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്.

തങ്ങള്‍ പറഞ്ഞതിനോട് എന്തെങ്കിലും ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ഇക്കാര്യം ചെയ്യേണ്ടതായിരുന്നു. അതു ചെയ്യാതെ, പിന്നീട് യു.ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ നിയമസഭയിലും പുറത്തും ഗോഗ്വാ വിളികളുമായി ഈ നിയമത്തിനെതിരെ സി.പി.ഐ.എം ഇറങ്ങുന്ന നടപടി പരിഹാസ്യമായേ സാധാരണക്കാര്‍ക്ക് കാണാനാകൂ. നിയമഭേദഗതി പിന്‍വലിക്കുകയെന്ന മുദ്രാവാക്യം ഉയര്‍ത്തി ഭൂസമരം നടത്തുമ്പോള്‍ ഇക്കാര്യത്തിന് കൂടി സി.പി.ഐ.എം ദളിതരോട് മറുപടി പറയേണ്ടതല്ലേ?

അടുത്ത പേജില്‍ തുടരുന്നു ഹാരിസണ്‍ മലയാളം എന്ന കമ്പനിയുടെ കയ്യിലാണ് കേരളത്തിലെ നല്ലൊരു ശതമാനം തോട്ടഭൂമിയും. നാല് ജില്ലകളിലായി 60000 ത്തില്‍പ്പരം ഏക്കര്‍ ഭൂമി അവരുടെ കൈവശം ഇരിക്കുന്നത്.ഹാരിസന്റെ ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ കേരളത്തിലെ ഭൂമി ആവശ്യങ്ങള്‍ക്ക് വലിയൊരളവുവരെ അതൊരു പരിഹാരമായിരിക്കും

ഭൂപരിധിയിലധികം ഭൂമി കൈവശമുള്ള വ്യക്തികളില്‍ നിന്നും നോട്ടീസ് നല്‍കി ഹിയറിംഗ് നടത്തി മിച്ചഭൂമി പിടിച്ചെടുക്കുക എന്നതാണ് മിച്ചഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നിയമ നടപടി. താലൂക്ക് ലാന്‍ഡ് ബോര്‍ഡാണ് ഓരോ താലൂക്കിലെയും മിച്ചഭൂമി പിടിച്ചെടുക്കാന്‍ അധികാരപ്പെട്ടവര്‍. ഇത്തരത്തില്‍ 1926 കേസുകളാണ് കേരളത്തില്‍ എമ്പാടുമായി കെട്ടിക്കിടക്കുന്നത്. ഇതില്‍ പല കേസുകളും തീര്‍പ്പാക്കിയ ശേഷവും ഹൈക്കോടതിയില്‍ എത്തി കെട്ടിക്കിടക്കുകയോ അവ തിരിച്ചെത്തി വീണ്ടും വാദം നടത്തേണ്ട സ്ഥിതിയോ ആണ് ഉള്ളത്.[]

ഓരോ ജില്ലയിലെയും ഡപ്യൂട്ടി കലക്ടര്‍മാരാണ് മിച്ചഭൂമി ഏറ്റെടുക്കേണ്ട താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ചുമതല വഹിക്കുന്നത്. ഇതാകട്ടെ, അവരുടെ ദൈനംദിന ചുമതലകള്‍ക്ക് പുറമെയാണ്. ലാന്‍ഡ് ബോര്‍ഡ് വഴി മിച്ചഭൂമി ഏറ്റെടുക്കുന്നതിനായി പുതുതായി കുറച്ച് ഡപ്യൂട്ടി കളക്ടര്‍മാരെ നിയമിച്ചാല്‍പ്പോലും കെട്ടിക്കിടക്കുന്ന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയും. ഇതിനൊന്നും ഒരു സര്‍ക്കാരുകളും ശ്രമിച്ചിട്ടില്ല.

ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിലെ പാളിച്ചകള്‍ പരിഹരിക്കാനായി നിരന്തരമായ ആവശ്യങ്ങള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ 1989 ലെ സര്‍ക്കാര്‍ കൊണ്ടുവന്ന രണ്ടാം ഭേദഗതിയില്‍ വകുപ്പ്  103 പ്രകാരം സംസ്ഥാനത്തെ മിച്ചഭൂമി കേസുകള്‍ തീര്‍പ്പാക്കുന്നതിന് ഒരു സംസ്ഥാന ഭൂപരിഷ്‌കരണ ട്രൈബൂണല്‍ സ്ഥാപിക്കേണ്ടതാണ്.

സംസ്ഥാന ഹൈക്കോടതിയുടെ അധികാരത്തോടെയുള്ള ട്രൈബൂണല്‍ ആണ് നിയമത്തില്‍ വിഭാവനം ചെയ്തത് എന്നതിനാല്‍ അപ്പീല്‍ കേസുകളില്‍ ഉണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കി മിച്ചഭൂമികള്‍ ഏറ്റെടുക്കാന്‍ കഴിയും.  990 ല്‍ ഇത് നിയമമായെങ്കിലും നാളിതുവരെ അത്തരമൊരു ട്രൈബൂണല്‍ സ്ഥാപിക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ചെറുവിരല്‍ അനക്കിയില്ല.

കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍ത്താല്‍ത്തന്നെ ഒട്ടേറെ ഏക്കര്‍ മിച്ചഭൂമി ഏറ്റെടുക്കാനും ഭൂരഹിതര്‍ക്ക് നല്‍കാനും കഴിയും. നിയമം ഉണ്ടായിട്ടും 22 വര്‍ഷമായി അത് നടപ്പാക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആണ് ഇപ്പോള്‍ മിച്ചഭൂമികള്‍ എത്രയും വേഗം ഏറ്റെടുക്കണമെന്ന് മുദ്രാവാക്യം വിളിയ്ക്കുന്നത്.

പ്രതിപക്ഷത്തിന്റെ കേവല അനുഷ്ഠാന സമരങ്ങള്‍ക്കപ്പുറം ഇതിന് എന്തെങ്കിലും ആത്മാര്‍ഥതയുണ്ടോ എന്നകാര്യവും ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഭൂപരിഷ്‌കരണ ട്രൈബൂണല്‍ നടപ്പാക്കിയില്ലെന്ന കാര്യവും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സി.പി.ഐ.എമ്മിനുണ്ട്. വര്‍ഷങ്ങളായി റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐ.യും ഇതിന് മറുപടി പറയേണ്ടിവരും.

ഹാരിസണ്‍ മലയാളം എന്ന കമ്പനിയുടെ കയ്യിലാണ് കേരളത്തിലെ നല്ലൊരു ശതമാനം തോട്ടഭൂമിയും. നാല് ജില്ലകളിലായി 60000 ത്തില്‍പ്പരം ഏക്കര്‍ ഭൂമി അവരുടെ കൈവശം ഇരിക്കുന്നത് അനധികൃതമായാണെന്നും പ്രസ്തുത ഭൂമിയ്ക്കുമേല്‍ കമ്പനിയ്ക്ക് യാതൊരു അവകാശവും ഇല്ലെന്നും മിച്ചഭൂമിയായി അത് ഏറ്റെടുക്കണം എന്നുമുള്ള കേസുകള്‍ വയനാട്ടിലെ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ മുന്നില്‍ പതിറ്റാണ്ടുകള്‍ ആയി കെട്ടിക്കിടക്കുകയാണ്. ഇതേ വാദമുയര്‍ത്തി സര്‍ക്കാര്‍ കേരളാ ഹൈക്കോടതിയില്‍ നല്‍കിയ കേസും ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്.

കണ്ണന്‍ ദേവന്‍ ഹില്‍സ് റിസംഷന്‍ ഓഫ് ലാന്‍ഡ്‌സ് ആക്റ്റ്1971 എന്നൊരു നിയമത്തിലൂടെ കണ്ണന്‍ ദേവന്‍ (ടാറ്റ) കമ്പനിയുടെ കയ്യിലുണ്ടായിരുന്ന ഒരു ലക്ഷത്തി ഇരുപതിനായിരം ഏക്കര്‍ ഭൂമി ഒരു സുപ്രഭാതത്തില്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത ഒരു മുന്‍ അനുഭവം നമുക്ക് മുന്നിലുണ്ട്. ഇതേ മാതൃകയില്‍ ഹാരിസന്റെ ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ കേരളത്തിലെ ഭൂമി ആവശ്യങ്ങള്‍ക്ക് വലിയൊരളവുവരെ അതൊരു പരിഹാരമായിരിക്കും. ഇടതുസര്‍ക്കാരുകള്‍ പോലും അത്തരം സാധ്യതകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണെന്നും സി.പി.ഐ.എമ്മിന് ഇത്തരുണത്തില്‍ വിശദീകരിക്കേണ്ടി വരും.

ഭൂസമരം നടത്തുന്ന സ്ഥലങ്ങളില്‍ ഒന്ന് പത്തനംതിട്ടയിലെ ആറന്മുളയാണ്. മിച്ചഭൂമിയായി ഏറ്റെടുക്കേണ്ട ആറന്മുളയിലെ 300 ഓളം ഏക്കര്‍ ഭൂമി ഒരു സ്വകാര്യ കമ്പനിയുടെ കയ്യിലാണ്. ഇക്കാര്യം കമ്പനി തന്നെ കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് അന്നത്തെ വ്യവസായ വകുപ്പിനെ അറിയിച്ചതാണ്. പ്രസ്തുത കമ്പനിക്ക് ഭൂപരിധിയില്‍ നിന്നും ഇളവു നല്‍കണമെന്ന് മന്ത്രിസഭയോട് അഭ്യര്‍ത്ഥിച്ചത് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമാണ്. നിയമവിരുദ്ധമായി കൈവശം വെയ്ക്കുന്ന ഭൂമി ഉള്‍പ്പെടെ 500 ഏക്കര്‍ ഭൂമി അവര്‍ക്കായി വ്യവസായ മേഖലയായി പ്രഖ്യാപിച്ചു നല്‍കി സ്വകാര്യ കമ്പനിയെ വഴിവിട്ട് സഹായിച്ചതും ഇദ്ദേഹമാണ്.

പതിവ് വയറ്റിപ്പിഴപ്പ് പ്രഖ്യാപനങ്ങള്‍ക്കും ജനവഞ്ചനകള്‍ക്കും അപ്പുറം ക്രിയാത്മകമായ എന്തെങ്കിലും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും അതിനായി എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരവും ചെയ്തികളില്‍ ഉള്ള വൈരുദ്ധ്യവും സ്വാഭാവികമാണ്

പ്രസ്തുത ഭൂമി കമ്പനിക്ക് നിര്‍മ്മാണം തുടങ്ങുംവിധം പോക്കുവരവ് ചെയ്തു കൊടുക്കാന്‍ നിയമവിരുദ്ധമായി നിര്‍ദ്ദേശിച്ചത് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ ആണ്. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ഭൂസമരത്തിന്റെ മുന്നണിയില്‍ ഉണ്ടെന്നത് മറ്റൊരു വൈരുധ്യമാണ്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കാര്യക്ഷമമായി നടപ്പാക്കുക എന്നതാണ് ഭൂസമരത്തിന്റെ മറ്റൊരു മുദ്രാവാക്യം. 2008 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് കേരളത്തിലെ മുഴുവന്‍ നെല്‍ വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും ഉപഗ്രഹമാപ്പും ഡാറ്റ ബാങ്കും നാലു മാസത്തിനകം തയ്യാറാക്കി അത് വിജ്ഞാപനം ചെയ്യേണ്ടതായിരുന്നു.

മൂന്ന് വര്‍ഷം കഴിഞ്ഞ് ഭരണത്തില്‍ നിന്നിറങ്ങുംവരെ ഇവ രണ്ടും സാധിച്ചില്ല എന്നതിനാല്‍ നിലംനികത്തലുകള്‍ യഥേഷ്ടം തുടര്‍ന്നു. അനധികൃത നികത്തലുകള്‍ നടത്തിയവര്‍ കേസില്‍ നിന്നും രക്ഷപ്പെട്ടു. ഈ സര്‍ക്കാര്‍ വന്ന ശേഷം ഇതിലൊന്നും കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടുമില്ല. തങ്ങള്‍ നിര്‍വ്വഹിക്കേണ്ടിയിരുന്ന ഉത്തരവാദിത്വങ്ങള്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ ചെയ്യാതെ, ഇപ്പോള്‍ അതിനായി തെരുവില്‍ ഇറങ്ങുന്നതില്‍ തീര്‍ച്ചയായും വൈരുദ്ധ്യമുണ്ട്. ആ വൈരുധ്യങ്ങള്‍ക്കും സി.പി.എം മറുപടി പറയേണ്ടിവരും.

പതിവ് വയറ്റിപ്പിഴപ്പ് പ്രഖ്യാപനങ്ങള്‍ക്കും ജനവഞ്ചനകള്‍ക്കും അപ്പുറം ക്രിയാത്മകമായ എന്തെങ്കിലും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും അതിനായി എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരവും ചെയ്തികളില്‍ ഉള്ള വൈരുദ്ധ്യവും സ്വാഭാവികമാണ് എന്ന് ലേഖകന്‍ കരുതുന്നു. രാഷ്ട്രീയ സാക്ഷരരായ ജനത അത്തരം വൈരുദ്ധ്യം ചോദ്യം ചെയ്യുമെന്നും. അത്തരം വൈരുധ്യം മുദ്രാവാക്യങ്ങളോട് ഉള്ള തങ്ങളുടെ ആത്മാര്‍ഥതക്കുറവിന്റെ ലക്ഷണമാണോ, സ്ഥാപിത താല്‍പ്പര്യങ്ങള്‍ ആണോ  അതല്ല മറ്റു വല്ലതുമാണോ എന്ന് വ്യക്തമാക്കേണ്ടത് സി.പി.എം ആണ്.

അത്തരം വൈരുദ്ധ്യങ്ങള്‍ നീക്കുകയും വാക്കുകള്‍ക്ക് അനുസരിച്ച പ്രവര്‍ത്തി നടപ്പില്‍ വരുത്തുകയും അങ്ങനെ ചെയ്യുന്നുണ്ടെന്ന് പാര്‍ട്ടി അണികളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുകയും ചെയ്യുമ്പോഴേ സമരങ്ങള്‍ക്ക് ആത്മാര്‍ഥത കൈവരൂ. പൊതുസമൂഹത്തില്‍ വിശ്വാസ്യതയുണ്ടാകൂ. സി.പി.ഐ.എമ്മിന് അതിനു കഴിയുമോ എന്ന് വരും ദിവസങ്ങളില്‍ അവര്‍ തെളിയിക്കും. അവര്‍ ഉയര്‍ത്തുന്ന സമരം വിശ്വസിക്കണോയെന്ന് അണി വലയത്തിന് പുറത്തുള്ള വലിയ ജനസമൂഹവും.