| Wednesday, 20th April 2022, 6:21 pm

ലൗ ജിഹാദ് പ്രസ്താവന; ജോര്‍ജ് എം. തോമസിന് സി.പി.ഐ.എം പരസ്യശാസന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലൗ ജിഹാദ് പരമാര്‍ശത്തില്‍ തിരുവമ്പാടി മുന്‍ എം.എല്‍.എയും കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ ജോര്‍ജ് എം. തോമസിന് സി.പി.ഐ.എമ്മിന്റെ പരസ്യ ശാസന. ജോര്‍ജ് എം. തോമസ് ജാഗ്രത പാലിക്കണമെന്നാണ് പാര്‍ട്ടി നിര്‍ദേശിച്ചത്.

സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ആണ് ജോര്‍ജ് എം. തോമസിനെ പരസ്യ ശാസനക്ക് വിധേയമാക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ച കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

”പാര്‍ട്ടിയുടെ സമീപനങ്ങളും നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച് കൊണ്ടായിരിക്കണം അഭിപ്രായ പ്രകടനങ്ങള്‍ നടത്തേണ്ടത്. അതുകൊണ്ട് ഇതില്‍ വന്നിട്ടുള്ള വീഴ്ചയും പിശകും പാര്‍ട്ടി ഗൗരവമായി പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

സഖാവ് പരസ്യമായി നടത്തിയ ഒരു പ്രതികരണം എന്ന നിലയില്‍ അത് പാര്‍ട്ടി ആവര്‍ത്തിച്ച് തള്ളിക്കളയുകയും അത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍, സഖാവിനെക്കൂടി ബോധ്യപ്പെടുത്തി, അദ്ദേഹം കൂടി അംഗീകരിച്ചുകൊണ്ട് സഖാവിനെ പരസ്യമായി ശാസനക്ക് വിധേയമാക്കുന്നതിനും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഇന്ന് തീരുമാനിക്കുകയുണ്ടായി.

ഏകകണ്ഠമായി, ജോര്‍ജ് എം. തോമസ് കൂടി അംഗീകരിച്ചുകൊണ്ട് അത്തരമൊരു അച്ചടക്ക നടപടി ഇക്കാര്യത്തില്‍ സഖാവിന്റെ പേരില്‍ സ്വീകരിക്കുന്നതിന് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഇന്ന് തീരുമാനമെടുത്തു,” സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐ നേതാവ് ഷിജിനും നഴ്‌സായ ജ്യോയ്‌നയും തമ്മിലുള്ള വിവാഹം ചര്‍ച്ചയായതിന് പിന്നാലെയാണ് ജോര്‍ജ് എം. തോമസിന്റെ വിവാദ പരാമര്‍ശം. ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്നും ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചത്.

ഇതിന് പിന്നാലെ ജോര്‍ജ് എം. തോമസിന്റെ പ്രസ്താവനക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

Content Highlight: CPIM Kozhikode district committee against George M Thomas comment on Love Jihad

We use cookies to give you the best possible experience. Learn more