| Monday, 8th August 2022, 2:04 pm

ഇത് എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധം; മേയറെ തള്ളി സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത നിലപാട് ശരിയല്ലെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി.

സി.പി.ഐ.എം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമായ നടപടിയാണ് മേയര്‍ ചെയ്തതെന്നും പ്രസ്താവനയില്‍ പറയുന്നു.

മേയര്‍ ബീനാ ഫിലിപ്പ് സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച
മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവന ഇറക്കിയിരിക്കുന്നത്.

അതേസമയം, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പരിപാടിയില്‍ പങ്കെടുത്ത വിവാദത്തില്‍ സി.പി.ഐ.എമ്മിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വി.ടി. ബല്‍റാം രംഗത്തെത്തി.

കോഴിക്കോട് പാര്‍ലമെന്റ് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ സി.പി.ഐ.എം ഇപ്പോഴേ പ്രഖ്യാപിക്കുകയാണോ? എന്ന ചോദ്യമാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

ബീനാ ഫിലിപ്പ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് സി.പി.ഐ.എം അംഗീകരിക്കുമോയെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസും രംഗത്തെത്തി. സി.പി.ഐ.എം- ആര്‍.എസ്.എസ് ബന്ധം ശരി വെക്കുന്ന സംഭവമാണിതെന്നും സി.പി.ഐ.എം മേയര്‍ മോദി-യോഗി ഭക്തയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാര്‍ട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ചോദിച്ചു.

എന്നാല്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത വിവാദത്തില്‍ കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പിന് ബി.ജെ.പി പിന്തുണ നല്‍കി.

മേയര്‍ എന്ന നിലയിലാണ് ബീനാ ഫിലിപ്പ് പരിപാടിയില്‍ പങ്കെടുത്തത്. സിപി.ഐ.എം പരിപാടിയില്‍ പങ്കെടുക്കണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും, സാംസ്‌കാരിക വേദികളില്‍ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവര്‍ ഒരുമിച്ച് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബി.ജെ.പി കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ.സജീവന്‍ പറഞ്ഞു.

സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന:

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.ഐ.എം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ്. ഇത് സി.പി.ഐ.എമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണംകൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപറയുന്നതിന് സി.പി.ഐ.എം തീരുമാനിച്ചു.

Content Highlight: CPIM Kozhikode District Commitee Decided to reject Mayor’s position

We use cookies to give you the best possible experience. Learn more