യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം; പൊലീസ് അവധാനത കാണിക്കണമെന്നും പി. മോഹനന്‍
Kerala
യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം; പൊലീസ് അവധാനത കാണിക്കണമെന്നും പി. മോഹനന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2019, 11:48 am

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച് സി.പി.ഐ.എം പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി കോഴിക്കോട് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍. യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് പുനരാലോചന നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്‌തെന്നാണ് പൊലീസ് പറഞ്ഞത്. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നതിനെ കുറിച്ച് പൊലീസ് ആലോചിക്കുന്നെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ കൃത്യമായ അന്വേഷണത്തിന് ശേഷം മാത്രമേ യു.എ.പി.എ ചുമത്താന്‍ പാടുള്ളൂവെന്നാണ് ഈ വിഷയത്തില്‍ പറയാനുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അവധാനതയോടെ കുറച്ചുകൂടി പരിശോധന നടത്തിയ ശേഷം മാത്രമേ ഇത്തരമൊരു വകുപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂ. സമഗ്ര അന്വേഷണം നടത്തിയ ശേഷവും ഇവര്‍ക്ക് അത്തരത്തില്‍ ഭീകരസംഘത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ട് എന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ യു.എ.പി.എ ചുമത്താന്‍ പാടുള്ളൂ.

മാവോയിസ്റ്റുകളുമായി സ്‌നേഹബന്ധമോ മറ്റോ ഉണ്ടെന്ന ഒറ്റ തെളിവ് വെച്ച് യു.എ.പി.എ ചുമത്തുന്നതിനോട് യോജിക്കാനാവില്ല. ഇവര്‍ മാവോയിസ്റ്റ് എന്ന ഭീകരസംഘടനയുമായി യോജിച്ചുപ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ഒരിക്കലും അംഗീകരിക്കാവനാവില്ല.

ആശയങ്ങളും അഭിപ്രായങ്ങളും എല്ലാം ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച ശേഷം ജനങ്ങളാണ് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തീരുമാനിക്കേണ്ടത്. അതില്‍ നിന്ന് വ്യത്യസ്തമായി, പൊതുരാഷ്ട്രീയ ധാരയില്‍ നിന്ന് വ്യത്യസ്തമായി ആക്രമങ്ങളും ഭീകരപ്രവര്‍ത്തനവും നടത്തുക എന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവരെ നേരിട്ടറിയില്ല. പാര്‍ട്ടി അംഗങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്. അവര്‍ ഇതില്‍ പങ്കാളികളാണെങ്കില്‍ സി.പി.ഐ.എമ്മിന്റെ ഭാഗമായി അവര്‍ക്ക് നില്‍ക്കാന്‍ കഴിയില്ല.

ലഘുലേഖ വിതരണം ചെയ്തത് ഇവരാണോ അല്ലോ എന്നൊക്കെ അന്വേഷണത്തില്‍ കണ്ടെത്തേണ്ടത്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി വേണം. എന്നാല്‍ ആഴത്തിലുള്ള പരിശോധന നടത്തി ശക്തമായ തെളിവ് ഉണ്ടെങ്കില്‍ മാത്രമേ അത്തരം വകുപ്പുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും പി. മോഹനന്‍ പറഞ്ഞു

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് സി.പി.ഐ.എം പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്.