മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചു, ഭരണഘടനാ സംരക്ഷണ റാലിയുടെ പ്രചാരണ വാഹനം തടഞ്ഞു; ഏലത്തൂര്‍ എസ്.ഐക്കെതിരെ സി.പി.ഐ.എം
keralanews
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചു, ഭരണഘടനാ സംരക്ഷണ റാലിയുടെ പ്രചാരണ വാഹനം തടഞ്ഞു; ഏലത്തൂര്‍ എസ്.ഐക്കെതിരെ സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2020, 2:09 pm

കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ പ്രചാരണ വാഹനം തടഞ്ഞ ഏലത്തൂര്‍ സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ  പരാതിയുമായി സി.പി.ഐ.എം.

കോഴിക്കോട് ബീച്ചില്‍ വെച്ച് നടന്ന ഭരണഘടന സംരക്ഷണ റാലിയുടെ പ്രചാരണത്തിനായി ഉപപയോഗിച്ച വാഹനം അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചെന്നുമാണ് പരാതി. ഏലത്തൂര്‍ എസ്. ഐ ജയപ്രസാദിനെതിരെയും ഒപ്പമുണ്ടായിരുന്ന ഒരു പൊലീസുകാരനെതിരെയുമാണ് ആരോപണം.

പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് പൊലീസുകാരന്‍ ചോദിച്ചതായി സി.പി.ഐ.എം ആരോപിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിഷയത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അറിയിച്ചു.

ഇത്തരം പ്രവണതകള്‍ വെച്ച് പൊറുപ്പിക്കാന്‍ കഴിയുന്നതല്ല. ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇദ്ദേഹം പ്രതികരിച്ചു.

ഇന്നലെ (ജനുവരി 12) യാണ് കോഴിക്കോട് ബീച്ചില്‍ പിണറായി വിജയന്‍ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലി നടന്നത്. ഇതിനു മുന്നോടിയായി പ്രചാരണം നടത്തിയിരുന്ന വാഹനം പൊലീസ് തടഞ്ഞു വെച്ചെന്നാണ് ആരോപണം. പ്രചാരണം നടത്താനുള്ള അനുമതി അടക്കം വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കാനെന്ന പേരിലാണ് വാഹനം തടഞ്ഞു വെച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ അമിത ശബ്ദത്തില്‍ പ്രചാരണം നടത്തിയ വാഹനം പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രിയെ അവഹേളിച്ചിട്ടില്ലെന്നുമാണ് എസ്.ഐ ജയപ്രസാദ് പ്രതികരിച്ചിരിക്കുന്നത്. സാധാരണ നിലയിലുള്ള പരിശോധന മാത്രമാണ് നടത്തിയതെന്നും വാഹനം ഉടന്‍ വിട്ടയച്ചെന്നും എസ്.ഐ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സെപ്റ്റംബറില്‍ ഏലത്തൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിനു ശേഷം ഏലത്തൂര്‍ പൊലീസും സി.പി.ഐ.എം പ്രദേശിക നേതൃത്വവും ഭിന്നതയിലാണ്.