തിരുവനന്തപുരം: കോവളത്ത് സി.പി.ഐ.എമ്മിന്റെ ബ്രാഞ്ച് ഓഫീസ് ബി.ജെ.പി പിടിച്ചെടുത്തു എന്ന വാര്‍ത്ത വാസ്തവിരുദ്ധമാണെന്ന് സി.പി.ഐ.എം. പാര്‍ട്ടി പുറത്താക്കിയവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെയാണ് തെറ്റായി ചിത്രീകരിച്ചതെന്ന് സി.പി.ഐ.എം കോവളം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
‘ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്തു എന്ന ബി.ജെ.പിയുടെ അസംബന്ധമായ പ്രചരണം നടക്കുന്നു. സി.പി.ഐ.എമ്മിന് ഈ പ്രദേശത്ത് ഔദ്യോഗികമായി ഒരു ബ്രാഞ്ച് ഓഫീസും ഇല്ല. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഒരാളുടെ വസ്തുവിലുള്ള അനധികൃതമായ കെട്ടിടത്തില്‍ ബി.ജെ.പിയുടെ കൊടി കൊണ്ട് വച്ചിട്ട് സി.പി.ഐ.എമ്മിന്റെ ഓഫീസ് പിടിച്ചെടുത്തു എന്ന വ്യാജ പ്രചരണമാണ് നടത്തുന്നത്’, പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ കോവളം മണ്ഡലത്തിലെ സി.പി.ഐ.എമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ ബി.ജെ.പിയില്‍ ലയിച്ചുവെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു.
സി.പി.ഐ.എം പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:
ബി.ജെ.പിയുടേത് വ്യാജ പ്രചരണം : സിപിഐഎം
കോവളം : സി.പി.ഐ.എമ്മിന്റെ ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്തു എന്ന ബി.ജെ.പി പ്രചരണം വസ്തുതാ വിരുദ്ധമെന്ന് സി.പി.ഐ.എം കോവളം ഏര്യാ കമ്മിറ്റി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാതിപത്യ മുന്നണിയെ പരാജയപ്പെടുത്താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിറുത്തി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഏര്യാ കമ്മിറ്റി അംഗത്തെയും ബ്രാഞ്ച് സെക്രട്ടറിയേയും അതോടൊപ്പം 16 പാര്‍ട്ടി മെമ്പര്‍മാരെയും സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കിയിരുന്നു.
നിരവധി തവണ പാര്‍ട്ടി തീരുമാനങ്ങള്‍ അട്ടിമറിക്കുകയും അച്ചടക്കലംഘനം നടത്തുകയും ചെയ്തിട്ടുള്ളവരാണ് ഇവര്‍. പാര്‍ട്ടി ഇവര്‍ക്ക് നേരെ മുന്‍പും അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണ്. മുന്‍പും പാര്‍ട്ടി വിട്ട് മറ്റ് ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ പോയിട്ടുള്ളവരാണ് ഇവരില്‍ പലരും. അതുകൊണ്ട് തന്നെ ഇവര്‍ ഇപ്പോള്‍ ബിജെപിയില്‍ പോയതില്‍ പ്രസക്തി ഇല്ല.
ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്തു എന്ന ബി.ജെ.പിയുടെ അസംബന്ധമായ പ്രചരണം നടക്കുന്നു. സി.പി.ഐ.എമ്മിന് ഈ പ്രദേശത്ത് ഔദ്യോഗികമായി ഒരു ബ്രാഞ്ച് ഓഫീസും ഇല്ല. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഒരാളുടെ വസ്തുവിലുള്ള അനധികൃതമായ കെട്ടിടത്തില്‍ ബി.ജെ.പിയുടെ കൊടി കൊണ്ട് വച്ചിട്ട് സി.പി.ഐ.എമ്മിന്റെ ഓഫീസ് പിടിച്ചെടുത്തു എന്ന വ്യാജ പ്രചരണമാണ് നടത്തുന്നത്.
ഇത് വിഴിഞ്ഞം പ്രദേശത്തെ ജനങ്ങള്‍ തള്ളിക്കളയും. അസത്യമായിട്ടുള്ള ഈ പ്രചരണങ്ങള്‍ സി.പി.ഐ.എമ്മിനെ ബാധിക്കുന്നതല്ല എന്ന് പാര്‍ട്ടി കോവളം ഏര്യാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി പി എസ് ഹരികുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക