കോട്ടയം: സി.പി.ഐ.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം നടന്ന ജില്ലാ സമ്മേളനത്തിലായിരുന്നു എ.വി. റസൽ വീണ്ടും കോട്ടയം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം. 1981ൽ പാർട്ടി അംഗമായ റസൽ 12 വർഷം ചങ്ങനാശേരി ഏരിയാ സെക്രട്ടറിയായിരുന്നു.
വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് എ. വി. റസൽ രാഷ്ട്രീയത്തിലേക്ക് എത്തിയത്. വി. എൻ.വാസവൻ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ല സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലും അംഗമാണ്.
ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗവുമാണ്.
2006ൽ ചങ്ങനാശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000-05ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡൻ്റാണ്.
ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടിൽ അഡ്വ. എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകൾ: ചാരുലത. മരുമകൻ: അലൻ ദേവ്.
Content Highlight: CPIM Kottayam district secretary AV Russell passed away