| Monday, 9th July 2012, 3:25 pm

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ പ്രതി സജീവിനെ കൊന്നത് സി.പി.ഐ.എമ്മെന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണന്‍ വധക്കേസിലെ പ്രതി സജീവിനെ സി.പി.ഐ.എം കൊന്നെന്ന് സജീവന്റെ അമ്മയും സഹോദരിയും ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്.പിക്ക് ഇവര്‍ നിവേദനം നല്‍കി.

ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നവരുടെ പട്ടികയില്‍ സജീവന്റെ പേരുചേര്‍ത്തത് പാര്‍ട്ടിയാണ്. ബി.ജെ.പിക്കാരാരോ പേര് നല്‍കിയതെന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ “നമ്മുടെ പാര്‍ട്ടി തന്നെയാണ് എന്നെ ചതിച്ചതെന്ന്” മകന്‍ തന്നോട് പറഞ്ഞെന്നും സജീവന്റെ അമ്മ കമല പറഞ്ഞു.

വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കുന്നതിന്റെ തലേദിവസം തനിക്ക് കോടതിയില്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് സജീവന്‍ പറഞ്ഞതായും അമ്മ പറഞ്ഞു. എന്നാല്‍ പിറ്റേദിവസം സജീവന്‍ കോടതിയിലെത്തിയില്ല. ഇതില്‍ ദുരൂഹതയുണ്ടെന്നും അമ്മ വ്യക്തമാക്കി.

ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ടി.കെ രജീഷും സജീവനും സുഹൃത്തുക്കളായിരുന്നെന്നെന്നും ഇവര്‍ പറഞ്ഞു. സജീവന്റെ മരണത്തില്‍ നേരത്തെ തന്നെ തങ്ങള്‍ക്കു സംശയമുണ്ടായിരുന്നു. ടി.കെ രജീഷിന്റെ മൊഴിയോടെ ആ സംശയങ്ങള്‍ ബലപ്പെടുകയും ചെയ്തു. അതാണ് ഇപ്പോള്‍ പരാതി നല്‍കാന്‍ കാരണമെന്നും ഇരുവരും പറഞ്ഞു.

അതേസമയം, സി.പി.ഐ.എമ്മിനെ കേന്ദ്രീകരിച്ച് ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് സജീവന്റെ അമ്മയുടെയും സഹോദരിയുടെയും പരാതിയെന്നാണ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞത്. ബന്ധുക്കളായ ചില ബി.ജെ.പിക്കാരുടെ സംരക്ഷണത്തിലാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്. ആരുടെയോ നിര്‍ദേശ പ്രകാരണമാണ് ഇപ്പോള്‍ ഈ പരാതി നല്‍കിയിട്ടുള്ളത്. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ എന്തുകൊണ്ട് ഇത്രയും കാലം ഇവര്‍ മൗനം പാലിച്ചെന്നും ജയരാജന്‍ ചോദിച്ചു.

” സി.പി.ഐ.എം നല്‍കിയ പ്രതിപട്ടികയില്‍ സജീവന്റെ പേരുണ്ടായിരുന്നില്ല. അങ്ങനെയൊരു പ്രതിപ്പട്ടികയൊട്ട് സി.പി.ഐ.എം നല്‍കിയിട്ടുമില്ല. പോലീസാണ് പ്രതിപ്പട്ടിക തയ്യാറാക്കിയത്. ബി.ജെ.പിക്കാര്‍ നല്‍കിയ മൊഴിയില്‍ മനംനൊന്താണ് സജീവന്‍ ആത്മഹത്യ ചെയ്തത്. യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയാണ് അയാളുടെ മരണത്തിന് ഉത്തരവാദി. അവരാണ് കൊല്ലപ്പെട്ടവരുടെ വിവരവും പ്രതിപ്പട്ടികയും പോലീസിന് നല്‍കിയത്. ” ജയരാജന്‍ പറഞ്ഞു.

2003 ആഗസ്റ്റിലാണ് സജീവനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതില്‍ മനംനൊന്ത് സജീവന്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു അന്നത്തെ പോലീസ് നിഗമനം.

കെ.ടി ജയകൃഷ്ണന്‍മാസ്റ്ററെ പിടിയിലാവവരില്‍ യഥാര്‍ത്ഥപ്രതിയ ഒരാള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ടി.കെ രജീഷ് അടുത്തിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ജയകൃഷ്ണന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട അച്ചാരമ്പത്ത് പ്രദീപ് മാത്രമാണ് കൃത്യത്തില്‍ പങ്കെടുത്തത്. സി.പി.ഐ.എം നല്‍കിയ പട്ടിക പ്രകാരമാണ് ബാക്കിയുള്ളവരെ പിടികൂടിയതെന്നും രജീഷ് വെളിപ്പെടുത്തിയിരുന്നു.

കണ്ണൂരിലെ ഉന്നത സി.പി.ഐ.എം. നേതാവിന്റെ നിര്‍ദേശപ്രകാരമാണ് ജയകൃഷ്ണന്‍ ഉള്‍പ്പെടെ മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ താന്‍ പങ്കാളിയായതെന്നും രജീഷ് പറഞ്ഞിരുന്നു. നേതാവിന്റെ വിശ്വസ്തരായ ചിലരാണ് കൃത്യത്തിന് നേതൃത്വം നല്‍കിയത്. താനും പ്രദീപുമടക്കം 11 പേര്‍ ജയകൃഷ്ണന്‍ വധത്തില്‍ പങ്കാളികളായിരുന്നെന്നും രജീഷ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more