Kerala News
ഇന്ത്യയിലുള്ളത് നവഫാസിസം, ഞങ്ങൾ കേന്ദ്രത്തെ അംഗീകരിക്കുന്നുവെന്ന് പറയുന്നവർ സി.പി.ഐ.എമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധ രേഖകൾ വായിക്കാത്തവർ: പ്രകാശ് കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 06, 07:21 am
Thursday, 6th March 2025, 12:51 pm

കൊല്ലം: ഇന്ത്യയില്‍ നവഫാസിസമാണെന്ന് സി.പി.ഐ.എം കേന്ദ്ര കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. നവഫാസിസം ക്ലാസിക്കല്‍ ഫാസിസത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കൊല്ലത്ത് നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ രണ്ടുമൂന്ന് ദശകങ്ങളില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ശക്തിപ്പെട്ടുവെന്ന ഫാസിസത്തെയാണ് നമ്മള്‍ ക്ലാസിക്കല്‍ ഫാസിസമെന്ന് വിളിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ഈ ക്ലാസിക്കല്‍ ഫാസിസത്തിന്റെ ചില സ്വഭാവങ്ങള്‍ പുതിയകാല ഫാസിസത്തിലും കാണാന്‍ സാധിക്കും. എന്നാല്‍ ആ പ്രവണതകള്‍ക്കൊപ്പം പുതിയ പ്രവണതകളും ഈ പുതിയ കാലത്തിന്റെ ഫാസിസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഫാസിസ്റ്റ് പ്രത്യയശാസ്ത്രം ഒരു അപരനെ നിര്‍മിക്കുന്നു. ഒരു ശത്രുവിനെ പ്രഖ്യാപിക്കുന്നു. അത് മതമാകാം, വംശമാകാം, കുടിയേറ്റക്കാരാകാം, വിദേശികളാകാം. ആ ശത്രുവിനെ കേന്ദ്രീകരിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ മുന്നോട്ടുപോകും,’ പ്രകാശ് കാരാട്ട് പറഞ്ഞു.

ഇന്ത്യയില്‍ ഇതിന്റെ മറ്റൊരു രൂപമാണ് പ്രവര്‍ത്തിക്കുന്നതെന്നും അത് ഹിന്ദുത്വ പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. അതിനാലാണ് സി.പി.ഐ.എം പ്രമേയത്തില്‍ നവഫാസിസം എന്ന് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ പറയുന്നത് ബി.ജെ.പിക്കെതിരായ പോരാട്ടം സി.പി.ഐ.എം ദുര്‍ബലപ്പെടുത്തുന്നുവെന്നാണ്. കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ഉള്‍പ്പെടെ പാര്‍ട്ടിയുടെ ഫാസിസ്റ്റ് വിരുദ്ധ രേഖകള്‍ വായിച്ചുനോക്കണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

സി.പി.ഐ.എം നടത്തുന്നത് ഹിന്ദുത്വ കോര്‍പ്പറേറ്റ് അജണ്ടയ്ക്കും അതിന്റെ ആധിപത്യത്തിനും വര്‍ഗീയ അജണ്ടയ്ക്കുമെതിരെയുമുള്ള പോരാട്ടമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. പാര്‍ട്ടിയെ എങ്ങനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ചൈന ബദല്‍ ശക്തിയായി ഉയര്‍ന്നുവന്ന് കൊണ്ടിരിക്കുകയാണെന്നും ശ്രീലങ്കയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടിയ വന്‍ വിജയവും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഇടതുപക്ഷ മുന്നേറ്റങ്ങളും ആവേശം പകരുന്നതാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ലോക ഇടപെടലുകള്‍ അമേരിക്കയുടെ ഇംപീരിയല്‍ നയങ്ങളുടെ തുടര്‍ച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിര്‍ത്തി പിടിച്ചെടുക്കും, കാനഡയെ അമേരിക്കന്‍ സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനം, ഗസ മുനമ്പ് റിസോര്‍ട്ടാക്കുമെന്നതടക്കമുള്ള പ്രസ്താവനകള്‍ പ്രാകൃത കാലഘട്ടത്തിലെ ആധിപത്യത്തിന്റെ തനിയാവര്‍ത്തനമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ഐതിഹാസികമായ സമരത്തിലൂടെയാണ് കേരളത്തില്‍ പാര്‍ട്ടി വളര്‍ന്നതെന്നും കേരളത്തില്‍ സംഘടനാപരമായി ശക്തമായ ഐക്യമുണ്ടായെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സി.പി.ഐ.എം കേരള ഘടകമാണ് പാര്‍ട്ടി നയം നടപ്പാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും കേരള ഘടകം കരുത്തുറ്റതാണെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിലെ രാഷ്ട്രീയ നയം രൂപീകരിക്കാനുള്ള രേഖകള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഉള്ള സംഭവങ്ങള്‍ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയതയെയും നവലിബറല്‍ നയങ്ങളെയും ശക്തമായി ചെറുക്കുന്നതില്‍ കേരളത്തിലെ സി.പി.ഐ.എം രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം സംസാരിച്ചു. മുന്‍ ദേശീയ സെക്രട്ടറിയായ സീതാറാം യെച്ചൂരിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും മരണം പാര്‍ട്ടിക്ക് നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: CPIM Kerala unit strong, ahead in implementation of party policy: Prakash Karat