Advertisement
Kerala News
സി.പി.ഐ.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 30, 08:28 am
Saturday, 30th November 2024, 1:58 pm

കൊല്ലം: സി.പി.ഐ.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തെറ്റായ പ്രവണതകള്‍ ഒരിക്കലും പാര്‍ട്ടി വെച്ച് പൊറുപ്പിക്കില്ലെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി ഏരിയ കമ്മിറ്റി ഉടന്‍ പുനഃസംഘടിപ്പിക്കുമെന്നും അറിയിച്ചു.

എം.വി. ഗോവിന്ദന്‍ കൊല്ലത്തെത്തി ജില്ല കമ്മിറ്റി കൂടിയതിന്‌ ശേഷമാണ് തീരുമാനം കൈക്കാണ്ടത്. ജില്ലയിലെ ചില കമ്മിറ്റികളില്‍ സമ്മേളനത്തിനിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സമ്മേളന പൂര്‍ത്തീകരണത്തിന്റെ ഭാഗമായി പല പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും ജില്ല കമ്മിറ്റിയും കരുനാഗപ്പള്ളിയില്‍ ഉയര്‍ന്നുവന്ന പ്രധാന വിഷയങ്ങളില്‍   ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ സഹായത്തോടെ കരുനാഗപ്പള്ളിയില്‍ ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ എല്ലാ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏരിയ കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തില്‍ അഡ്ഹോക് കമ്മിറ്റി താത്കാലിക ചുമതല വഹിക്കുമെന്നും എം.വി. ഗോവിന്ദന്‍ അറിയിച്ചിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റിയിലുണ്ടായ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കാകെ പ്രയാസമുണ്ടാക്കിയെന്നും ഇത്തരം സാഹചര്യങ്ങളില്‍ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കല്‍ കമ്മിറ്റിയിലെ സമ്മേളനങ്ങളില്‍ പലതിലും വാക്കേറ്റങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് സംഘര്‍ഷഭരിതമായിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സംസ്ഥാന സമിതി പ്രതിനിധികളായ കെ. രാജഗോപാല്‍, കെ. സോമപ്രസാദ് എന്നിവരെ പൂട്ടിയിട്ടതും പ്രശ്‌നങ്ങള്‍ വഷളാക്കി.

ജില്ലാ കമ്മിറ്റി അംഗമായ പി.ആര്‍ വസന്തന്റെ നേതൃത്വത്തിലുള്ള ചില അണികള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ മാഫിയ രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് ഒരു വിമത വിഭാഗം ആരോപിച്ചിരുന്നു. ഇതാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടലിലേക്ക് നയിച്ചതെന്നാണ് സൂചന.

Content Highlight: CPIM Karunagappally Area Committee dismissed