'വീണുകിടക്കുന്ന കുട്ടിയെ കണ്ടാല്‍ വാരിയെടുക്കുന്നതാണ് മലയാളികളുടെ സാമൂഹ്യബോധം'; കുട്ടിയെ ചവിട്ടിയത് മനുഷ്യത്വം മരവിച്ച ക്രൂരതയെന്ന് സി.പി.ഐ.എം
Kerala News
'വീണുകിടക്കുന്ന കുട്ടിയെ കണ്ടാല്‍ വാരിയെടുക്കുന്നതാണ് മലയാളികളുടെ സാമൂഹ്യബോധം'; കുട്ടിയെ ചവിട്ടിയത് മനുഷ്യത്വം മരവിച്ച ക്രൂരതയെന്ന് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th November 2022, 1:59 pm

കണ്ണൂര്‍: കാറില്‍ ചാരിനിന്നതിന്റെ പേരില്‍ ആറ് വയസുകാരനെ ചവിട്ടി വീഴ്ത്തിയ നടപടി മനുഷ്യത്വം മരവിച്ച ക്രൂരതയാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. വീണുകിടക്കുന്ന കുട്ടിയെ കണ്ടാല്‍ വാരിയെടുക്കുന്നതാണ് മലയാളികളുടെ സാമൂഹ്യബോധമെന്നും അദ്ദേഹം പറഞ്ഞു.

ജാതിയോ മതമോ ഭാഷയോ എന്തുമാവട്ടെ, ഈ മനുഷ്യത്വമാണ് നാട് ഉയര്‍ത്തിപ്പിടിച്ചത്. അത് വിലയ്ക്കുവാങ്ങാന്‍ കഴിയുന്നതല്ല, മനസില്‍ നിന്ന് ഉയര്‍ന്നുവരേണ്ടതാണ്. ഇത്തരം ചെയ്തികള്‍ക്കെതിരെ നാടാകെ പ്രതിഷേധമുയരണമെന്നും എം.വി. ജയരാജന്‍ ആവശ്യപ്പെട്ടു.

”ക്രൂരതക്കെതിരെ മനുഷ്യത്വമുയരട്ടെ. തലശേരി നാരങ്ങാപ്പുറത്ത് രാജസ്ഥാന്‍ സ്വദേശിയായ ആറ് വയസ്സുകാരന്‍ ഗണേഷിനെ കാറില്‍ ചാരി നിന്നതിന്റെ പേരില്‍ ചവിട്ടിവീഴ്ത്തിയ നടപടി മനുഷ്യത്വം മരവിച്ച ക്രൂരതയാണ്.

‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്ന് സുഖത്തിനായ് വരേണ’മെന്നാണ് നാം പഠിച്ചത്. എന്നാല്‍ ചിലര്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലാണ് ആനന്ദം കണ്ടെത്തുന്നത്. ഒരിടത്ത് വീണുകിടക്കുന്ന കുട്ടിയെ കണ്ടാല്‍ വാരിയെടുക്കുന്നതാണ് മലയാളികളുടെ സാമൂഹ്യബോധം.

ജാതിയോ മതമോ ഭാഷയോ എന്തുമാവട്ടെ, ഈ മനുഷ്യത്വമാണ് നാട് ഉയര്‍ത്തിപ്പിടിച്ചത്. അത് വിലയ്ക്കുവാങ്ങാന്‍ കഴിയുന്നതല്ല, മനസ്സില്‍ നിന്ന് ഉയര്‍ന്നുവരേണ്ടതാണ്. ഇത്തരം ചെയ്തികള്‍ക്കെതിരെ നാടാകെ പ്രതിഷേധമുയരണം,’ എം.വി. ജയരാജന്‍ പറഞ്ഞു.

അതേസമയം, കുട്ടിയെ ചവിട്ടിയ സംഭവത്തില്‍ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. തന്റെ കാറില്‍ ചാരിയെന്ന കാരണത്താല്‍ രാജസ്ഥാന്‍ സ്വദേശികളുടെ ആറ് വയസുകാരനായ കുട്ടിയെയാണ് പൊന്ന്യംപാലം സ്വദേശിയായ ശിഹ്ഷാദ് ചവിട്ടിത്തെറിപ്പിച്ചത്.

സംഭവം നേരില്‍ കണ്ട ചിലര്‍ ഇയാളെ തടയുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും, ശേഷം വിട്ടയക്കുകയുമായിരുന്നു. എന്നാല്‍, സംഭവം വിവാദമായതോടെ ശിഹ്ഷാദിനെ പൊലീസ് വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlight: CPIM Kannur District Secretary MV Jayarajan’s Reaction Thalassery Incident