| Monday, 6th March 2023, 11:19 pm

'നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ': എം.വി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകന്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ നടത്തിയ ‘ബിന്‍ ലാദന്‍’ പരാമര്‍ശം വിവാദമാകുന്നു. വ്യാജ വാര്‍ത്താ വിവാദത്തില്‍ എഷ്യാനെറ്റ് ന്യൂസിനെതിരെ സി.പി.ഐ.എം സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് നൗഫല്‍ ബിന്‍ യൂസഫ് എന്നല്ല നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോയെന്ന് എം.വി. ജയരാജന്‍ ചോദിച്ചത്.

‘ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേയുള്ളു. ഇത് നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ. ബിന്‍ എന്നത് പേരിന് കൂടെ ചേര്‍ക്കുന്നത്, ഏത് പിതാവിന്റെ കുട്ടിയാണോ, അത് തിരിച്ചറിയാനാണ്. യൂസഫിന്റെ മകനാണ് നൗഫല്‍ എന്ന് തിരിച്ചറിയാനാണ് ബിന്‍ ചേര്‍ക്കുന്നത്.

മിസ്റ്റര്‍ നൗഫല്‍ താങ്കളുടെ പിതാവിന് പോലും ഉള്‍ക്കൊള്ളാന്‍ കഴിയുമോ ഈ നടപടി. നേരോടെ നിര്‍ഭയമായിട്ടല്ല, നെറികേട് ജനങ്ങളിലേക്കെത്തിക്കാനാണ് ഏഷ്യാനെറ്റിന്റെ നൗഫല്‍ ബിന്‍ ലാദനല്ല, യൂസഫ് മാധ്യമപ്രവര്‍ത്തനം നടത്തുന്നത്,’ എം.വി. ജയരാജന്‍ പറഞ്ഞു.

അതേസമയം, ജയരാജന്റേത് മാധ്യമപ്രവര്‍ത്തകനായ ഒരു വ്യക്തിക്ക് നേരെയുള്ള വിമര്‍ശനമല്ലെന്നും പച്ചയായ ഇസ്‌ലാമോഫോബിയയും വംശവെറിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം പ്രതികരിച്ചു.

‘എത്ര നികൃഷ്ടമായ രീതിയിലാണ് ഈ സി.പി.ഐ.എം നേതാവ് തന്റെയുള്ളിലെ വെറുപ്പ് ഛര്‍ദ്ദിച്ചു വെയ്ക്കുന്നത്! ഒരു മുസ്‌ലിം പേര് കേട്ടാല്‍ ഉടന്‍ കൊടും ഭീകരവാദിയായ ഉസാമ ബിന്‍ ലാദനോടാണ് താരതമ്യം ചെയ്യേണ്ടത് എന്നാണ് സി.പി.ഐ.എം നേതാവ് കരുതുന്നത് എങ്കില്‍ അത് ഒട്ടും നിസ്സാരമല്ല.

ഇത് മാധ്യമപ്രവര്‍ത്തകനായ ഒരു വ്യക്തിക്ക് നേരെയുള്ള വിമര്‍ശനമല്ല, പച്ചയായ ഇസ്‌ലാമോഫോബിയയും വംശവെറിയുമാണ്,’ വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ എഴുതി. ജയരാജന്റെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

Content Highlight: CPIM Kannur district secretary M.V. Jayarajan against journalist Naufal bin Yusuf

We use cookies to give you the best possible experience. Learn more